ഇൻസ്റ്റന്റായി ലോൺ തരുന്ന ആപ്പുകൾ പണി തരുമോ

കോവിഡ് വ്യാപനം രാജ്യത്തെ ഡിജിറ്റലിസേഷൻ്റെ വേഗത വർധിപ്പിച്ചു എന്നത് നമ്മളെല്ലാം അനുഭവിച്ചു അറിഞ്ഞ കാര്യമാണ്. ബാങ്കുകളിൽ പോകാനുള്ള ബുദ്ധിമുട്ട് ആളുകളെ ഡിജിറ്റൽ ഇടപാടുകളിലേക്ക് വേഗത്തിൽ എത്തിച്ചു. ഇന്ന് ഫിൻടെക്ക് അഥവാ ഫൈനാൻഷ്യൽ ടെക്ക്നോളജി എന്ന് വിളിക്കപ്പെടുന്ന നിരവധി മൊബൈൽ ആപ്പുകൾ ആണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.

അതിൽ വളരെ വേഗം ജനപ്രിയമായ സേവനം ആണ് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ. ബാങ്കുകളിലെ നീണ്ട പേപ്പർ വർക്കുകൾ ഇല്ലാതെ ഓൺലൈൻ ആയി ഏതാനും മിനിറ്റുകൾ കൊണ്ട് ലോൺ ലഭിക്കും എന്നതാണ് ഇത്തരം ആപ്പുകളുടെ പ്രത്യേകത.
2014-15 സാമ്പത്തിക വർഷം രാജ്യത്തെ ഡിജിറ്റൽ വായ്‌പ ഇടപാട് 33 ബില്യൺ ഡോളറിൻ്റെത് ആയിരുന്നു. 2020 ൽ അത് ബില്യൺ ഡോളറിൽ എത്തി. 2023 ഓടെ ഈ മേഖലയുടെ വളർച്ച 350 ബില്യൺ ഡോളറിൽ എത്തുമെന്നാണ് കണക്കുകൾ പറയുന്നത്.
അപ്പ്സ് അനാലിറ്റിക്കൽ സ്ഥാപനമായ ആപ്പ്സ്ഫ്ലൈയെർ നടത്തിയ സർവ്വേ പറയുന്നത് 2019 ജനുവരി മുതൽ 2021 മാർച്ച് വരെ ഫൈനാൻഷ്യൽ ആപ്പുകളുടെ ഡൗൺലോഡിൽ ഇന്ത്യ ആണ് ആഗോളതലത്തിൽ ഒന്നാമത് എന്നാണ്. ഇക്കാലയളവിൽ 1.49 ബില്യൺ ഡൗൺലോഡുകളാണ് രാജ്യത്ത് ഉണ്ടായത്. തൊട്ടുപിന്നിൽ നിൽക്കുന്ന ബ്രസീലിൽ വെറും 50 കോടി മാത്രമാണ് ഡൗൺലോഡുകൾ.
ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
ഇന്ന് ഇൻസ്റ്റന്റായി ലോൺ തരുന്ന നിരവധി ആപ്പുകളുടെ പരസ്യങ്ങളാണ് യൂട്യുബിലും ടീവിയിലും ഒക്കെ കാണുന്നത്. ഇത് പലരെയും നിസാര കാര്യങ്ങൾക്കുപോലും ഇത്തരം ആപ്പുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുണ്ട്. 5 ലക്ഷം രൂപ വരെ ഇത്തരം ആപ്പുകളിലൂടെ തൽക്ഷണം ലോൺ ലഭിക്കും എന്നതും ആളുകളെ ആകർഷിക്കുന്ന ഘടകം ആണ്.
എന്നാൽ ഈ രംഗത്തെ വ്യാജന്മാരെ കുറിച്ചു പലരും ബോധവാന്മാരല്ല എന്നതാണ് യാഥാർഥ്യം. ഈ വർഷം ആദ്യം 27 വ്യാജ ആപ്പുകൾ ആണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. വ്യാജ ആപ്പുകളിൽ ചെന്ന് പെട്ടാൽ അത് ഭാവിയിൽ വലിയ തലവേദനായി മാറും. ഭീഷണി കോളുകൾ മുതൽ ഡിജിറ്റൽ ആയി ഉണ്ടാക്കുന്ന പോണോഗ്രഫി വീഡിയോകൾ വരെ ഇത്തരം വ്യാജന്മാർ ഉപഭോതാക്കൾക്കെതിരെ പ്രയോഗിക്കാറുണ്ട് .
ലോൺ നൽകുന്ന വ്യാജ ആപ്പുകളെ നിയന്ത്രിക്കാനുള്ള കർശന മാർഗ നിദ്ദേശങ്ങൾ നമ്മുടെ രാജ്യത്തില്ല. അതുകൊണ്ട് തന്നെ വ്യാജന്മാരെ കണ്ടുപിടിക്കാൻ എളുപ്പം പറ്റണമെന്നില്ല.
  • ആപ്പുകൾ ഉപയോഗിച്ചു ലോണുകൾ എടുക്കുന്നതിനു മുമ്പ് പലിശ നിരക്ക്, കാലാവധി, പിഴ തുടങ്ങി നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പരിശോധിക്കുക.
  • മൊബൈൽ ആപ്പ് വായ്പകൾ ആർബിഐയുടെ നേരിട്ടുള്ള പരിധിയിൽ വരുന്നതല്ല. ഇത്തരം ആപ്പുകളുടെ പ്രവർത്തനം രജിസ്റ്റർ ചെയ്ത ബാങ്കുകളിലൂടെയും നോൺ -ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളിലൂടെയും ആയിരിക്കും. നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനികൾ പണം അനുവദിക്കുന്നതിന് മുമ്പ് തന്നെ വായ്പാ കരാർ, ഇഎംഐ അമോർട്ടൈസേഷൻ ഷെഡ്യൂൾ എന്നിവ ഉപഭോക്താക്കളുമായി പങ്കുവെക്കും.
  • വായ്പകൾ വിതരണം ചെയ്യുന്നതിന് മുമ്പ് മുൻകൂർ പേയ്‌മെന്റോ ഫീസോ ആവശ്യപ്പെടുന്ന ഓൺലൈൻ ആപ്പുകൾ വ്യാജമായിരിക്കും.
  • സ്വകാര്യ വിവരങ്ങളുടെ പരിരക്ഷ- ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ എന്തൊക്കെ വിവരങ്ങൾ ഉപയോഗിക്കാനുള്ള അനുമതിയാണ് അവർ തേടുന്നത് എന്ന് കൃത്യമായി വായിച്ചു നോക്കുക.
  • ഏതെങ്കിലും ഒരു ആപ്പിലൂടെ ലോൺ എടുക്കാൻ ആലോചിക്കുകയാണെങ്കിൽ ഈ മേഖലയിൽ കൂടുതൽ അറിവുള്ള ആളുകളുടെ സഹായം തേടാം. യൂട്യുബിലും മറ്റും ഇത്തരം കാര്യങ്ങളെ കുറിച്ചു കൃത്യമായ വിവരങ്ങൾ നൽകുന്ന ചാനലുകൾ ലഭ്യമാണ്. ഇതിലൂടെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും സേവനങ്ങളുമൊക്കെ ഉള്ള കമ്പനികളെ നിങ്ങൾക്ക് കണ്ടെത്താൻ ആവും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it