കൊവിഡിന് മാത്രമായി ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതുണ്ടോ? അറിയാം ഇക്കാര്യങ്ങള്‍

പ്രതിദിനം ആയിരത്തോളം പുതിയ കൊവിഡ് രോഗികളുമായി കേരളത്തിലും മഹാമാരി ഭയം പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ചയോടെ രോഗികളുടെ എണ്ണം പ്രതിദിനം രണ്ടായിരവും 2700 വരെയുമൊക്കെയാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കാനാവില്ലെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ചികിത്സിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു.

ഇതുവരെ സര്‍ക്കാര്‍ ചെലവില്‍ ചികിത്സ ലഭിച്ചതുപോലെയായിരിക്കില്ല ഇനിയെന്ന് സാരം. സ്വകാര്യ ആശുപത്രികള്‍ക്ക് ഇതിനായി എത്ര തുക ഈടാക്കാം എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. നിലവില്‍ സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ടിപിസിആര്‍ പരിശോധനയ്ക്ക് 2750 രൂപയില്‍ തുടങ്ങുന്ന പരിശോധനാ നിരക്കുകളാണ് ഉള്ളത്. എന്നാല്‍ നേരിട്ട് എത്തി കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളില്‍ നിന്ന് എത്ര തുക ഈടാക്കുമെന്ന് തീരുമാനമായിട്ടില്ല. എല്ലാ സജ്ജീകരണങ്ങളുമൊരുക്കി സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പല സ്വകാര്യ ആശുപത്രികളും.
എന്തായാലും ഇതു വരെ ലഭിച്ച പോലെ സൗജന്യ ചികിത്സ ഇവിടങ്ങളില്‍ ലഭ്യമാകില്ല. ചിലപ്പോള്‍ വന്‍ തുക തന്നെ പോക്കറ്റില്‍ നിന്ന് കാലിയാകാം.

രക്ഷകരായി ഇന്‍ഷുറന്‍സ്

കൊവിഡ് രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരുന്ന അവസരത്തില്‍ തന്നെ ഈ രോഗത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഹ്രസ്വകാല പോളിസികള്‍ വിപണിയിലെത്തിക്കാന്‍ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂന്നു മാസം മുതല്‍ 11 മാസം വരെ കാലയളവില്‍ പരിരക്ഷ നല്‍കുന്ന വ്യക്തിഗത-ഗ്രൂപ്പ് പോളിസികള്‍, ഇതേ തുടര്‍ന്ന് വിവിധ കമ്പനികള്‍ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു.

കൊറോണ കവചും രക്ഷകും

പ്രധാനമായും രണ്ടു തരത്തിലുള്ള പോളിസികളാണ് വിവിധ കമ്പനികള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കൊറോണ രക്ഷക് എന്നത് നിശ്ചിത തുക ചികിത്സയ്ക്കായി അനുവദിക്കുന്ന ബെനഫിറ്റ് പോളിസികളാണ്. ഇതില്‍ പരമാവധി 2.5 ലക്ഷം രൂപയാണ് അനുവദിക്കുക. കറോണ കവച് കൊവിഡിന് പൂര്‍ണ ചികിത്സയ്ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്ന ഇന്‍ഡെംനിറ്റി പോളിസികളാണ്. ഇതില്‍ അഞ്ചു ലക്ഷം രൂപ വരെ കവറേജ് ലഭിക്കും.

കവിഡ് പോളിസികളുടെ പ്രത്യേകത

സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഓരോ വര്‍ഷവും പുതുക്കേണ്ട തരത്തിലുള്ളതാണ്. എന്നാല്‍ ഹ്രസ്വകാലത്തേക്കുള്ള കൊവിഡ് പോളിസികള്‍ പുതുക്കാനാവില്ല. 105 ദിവസം, 195 ദിവസം, 285 ദിവസം എന്നിങ്ങനെ വിവിധ കാലയളവിലേക്ക് പോളിസികള്‍ ലഭ്യമാകും. 18 നും 65 നും ഇടയിലുള്ള ആര്‍ക്കും പോളിസിയെടുക്കാം. ഒരു കുടുംബത്തിലെ പത്തു പേരെ വരെ ഒറ്റ പോളിസിയില്‍ ഉള്‍പ്പെടുത്താനുമാകും. നലവില്‍ കൊവിഡ് രോഗബാധയില്ലാത്ത ഏതൊരാള്‍ക്കും പോളിസിയെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. മറ്റു ആരോഗ്യ പരിശോധനകള്‍ക്കൊന്നും വിധേയമാകേണ്ടതില്ല.

നിലവിലെ ആരോഗ്യ പോളിസി പോരേ?

നിലവില്‍ ആരോഗ്യ പോളിസിയെടുത്തിട്ടുള്ളവര്‍ പ്രത്യേകം കൊവിഡ് പോളിസിയെടുക്കേണ്ടതുണ്ടോ എന്നത് വ്യാപകമായി ഉയരുന്ന ചോദ്യമാണ്. നിലവിലുള്ള എല്ലാ ആരോഗ്യ പോളിസികളിലും കൊവിഡ് ചികിത്സയും ലഭ്യമാകും. എന്നാല്‍ കൊവിഡ് പോളിസികള്‍ ഈ രോഗത്തിനെതിരെ സമഗ്രമായ കവറേജ് ലഭ്യമാക്കുന്നുവെന്നതാണ് പ്രത്യേകത. മാത്രമല്ല, വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനടക്കം കവേറജ്് ലഭിക്കുകയും ചെയ്യും. പിപിഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ്, ഓക്‌സി മീറ്റര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, നെബുലൈസര്‍, ആയുഷ് ട്രീറ്റ്‌മെന്റ് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും കവറേജ് നല്‍കുന്നു. ബേസിക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇവയില്‍ പലതും ഉള്‍പ്പെടുന്നില്ല.

പേടി മുതലെടുപ്പ്

എന്നാല്‍ നിലവിലുള്ള എല്ലാ രോഗങ്ങള്‍ക്കുമുള്ള പരിരക്ഷ ബേസിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്നുണ്ടെന്നും കൊവിഡിന് മാത്രമായി പ്രത്യേകം പോളിസിയെടുക്കുന്നതു കൊണ്ട ്പ്രത്യേകിച്ച് നേട്ടമില്ലെന്നും എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ വിശ്വനാഥന്‍ ഒടാട്ട് ചൂണ്ടിക്കാട്ടുന്നു. ബേസിക് പോളിസിയെടുത്ത് 30 ദിവസം കഴിഞ്ഞാല്‍ മാത്രമേ കൊവിഡിന് സംരക്ഷണം ലഭിക്കുകയുള്ളൂ. എന്നാല്‍ കൊവിഡ് പോളിസികളില്‍ 15 ദിവസം കഴിഞ്ഞാല്‍ സംരക്ഷണം ലഭിക്കുമെന്നത് മാത്രമാണ് പ്രത്യേകതയെന്ന് അദ്ദേഹം പറയുന്നു. അതേസമയം ചെലവ് ബേസിക് പ്ലാനുകളുടെതിന് സമാനവുമാണ്. ബേസിക് പ്ലാനുകളില്‍ ആയിരക്കണക്കിന് രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാകുമെന്ന നേട്ടമുണ്ട്.

' വൈകാരികമായ സമീപനമാണ് പല ഇന്‍ഷുറന്‍സ് കമ്പനികളുടേതും. കൊവിഡ് പേടി മുതലെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം' - അദ്ദേഹം പറയുന്നു.
കൊവിഡിന് മാത്രമായി പോളിസിയെടുക്കുന്നതിന് പകരം അതുകൂടി ഉള്‍പ്പെടുന്ന ബേസിക് പോളിസിയെടുക്കുകയാണ് ഉചിതമെന്ന് അദ്ദേഹം പറയുന്നു. വ്യക്തിക്ക് മാത്രമായി എടുക്കാതെ കുടുംബാംഗങ്ങള്‍ക്കെല്ലാം കൂടി പോളിസിയെടുക്കുക എന്നതാണ് അതില്‍ ശ്രദ്ധിക്കേണ്ടത്. ഓരോരുത്തര്‍ക്കും അനുയോജ്യമായ പോളിസി തെരഞ്ഞെടുക്കുന്നതിനൊപ്പം നിലവിലുള്ള ആരോഗ്യ സ്ഥിതിയെ കുറിച്ച് സത്യസന്ധമായ കാര്യങ്ങള്‍ മാത്രം നല്‍കി പോളിസിയെടുത്താല്‍ കൊവിഡ് അടക്കം ഏതു രോഗത്തിനും കവറേജ് അതിലൂടെ ലഭ്യമാകുമെന്നും വിശ്വനാഥന്‍ ഒടാട്ട് പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it