ഹെൽത്ത് ഇൻഷുറൻസ്: പോളിസി പുതിയ നിർദേശങ്ങൾ ഗുണകരമോ?

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ). ഇതിലേക്കായി ഐ.ആര്‍.ഡി.എ നിയോഗിച്ച ഒരു പാനല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ഏതാനും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ക്ലെയിം നിഷേധിക്കാനാകില്ല

എട്ട് വര്‍ഷം തുടര്‍ച്ചയായി പുതുക്കിക്കൊണ്ടിരിക്കുന്ന പോളിസികള്‍ക്കാണിത് ബാധകമാകുക. പോളിസികള്‍ എടുത്ത സമയത്ത് നിലവിലുണ്ടായിരുന്ന അസുഖം വെളിപ്പെടുത്തിയില്ലെന്ന കാരണത്താല്‍ ക്ലെയിം നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കിനി സാധിക്കില്ല. തട്ടിപ്പുകള്‍ അല്ലാതെയുള്ള ഇത്തരം ക്ലെയിമുകളൊക്കെ എട്ട് വര്‍ഷത്തിന് ശേഷം ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം. ഉപഭോക്താക്കള്‍ക്ക് വളരെയേറെ അനുഗ്രഹമാകുന്നൊരു നീക്കമാണിത്.

വെയ്റ്റിംഗ്ഗ് പീരീഡ് 30 ദിവസം

ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവക്കൊക്കെ ക്ലെയിം ലഭിക്കുന്നതിന് സാധാരണഗതിയില്‍ ഒരു വര്‍ഷം മുതല്‍ നാല് വര്‍ഷം വരെ വെയ്റ്റിംഗ് പീരീഡുണ്ട്. പോളിസി എടുത്തതിന് ശേഷമാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍പ്പോലും ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കില്ല.

അതിനാല്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തം കൈയ്യില്‍ നിന്നും പണം ചെലവാക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ പോളിസി എടുക്കുമ്പോള്‍ ഇത്തരം രോഗങ്ങള്‍ ഇല്ലായെങ്കില്‍ അവക്കൊന്നും 30 ദിവസത്തിലധികം വെയ്റ്റിംഗ് പീരീഡ് പാടില്ലെന്നതാണ് പുതിയ നിര്‍ദേശം.

എല്ലാത്തരം രോഗങ്ങള്‍ക്കും കവറേജ്

പോളിസി എടുത്തിട്ടുണ്ടെങ്കിലും അള്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, എയ്ഡ്‌സ്, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങള്‍ക്ക് കമ്പനികള്‍ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നില്ല. എന്നാല്‍ പോളിസി എടുത്തശേഷമാണ് ഇത്തരം രോഗങ്ങളുണ്ടാകുന്നതെങ്കില്‍ അവയ്ക്ക് കവറേജ് നല്‍കണമെന്നാണ് പുതിയ നിര്‍ദേശം.

ഒഴിവാക്കാവുന്നത് 17 രോഗങ്ങളെ

പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള 17 തരം രോഗങ്ങളെ മാത്രമേ പോളിസി കവറേജില്‍ നിന്നും ഇനി സ്ഥിരമായി ഒഴിവാക്കാനാകൂ. അപസ്മാരം, ചിലയിനം ഹൃദ്രോഗം, സെറിബ്രല്‍ സ്‌ട്രോക്ക്, ദീര്‍ഘകാലമായുള്ള കരള്‍- വൃക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് ബി, എയ്ഡ്‌സ്, അള്‍സിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ അസുഖങ്ങളാണ് അവ. കാന്‍സര്‍ രോഗവിമുക്തര്‍, അപസ്മാര രോഗികള്‍ തുടങ്ങിയവര്‍ക്ക് നിലവിലുള്ള രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കില്ലെന്ന നിബന്ധനയോടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല

ഇന്‍ഷുറന്‍സ് കമ്പനി പോളിസി പിന്‍വലിക്കുകയും ആ പോളിസി എടുത്തിട്ടുള്ളവരെ മറ്റൊരു പോളിസിയിലേക്ക് മാറ്റുകയും ചെയ്യുമ്പോള്‍ നിലവിലുള്ള രോഗങ്ങളുടെ വെയ്റ്റിംഗ് പീരീഡില്‍ അന്നേവരെ കൂടിച്ചേര്‍ന്ന നേട്ടങ്ങളൊക്കെ പുതിയ പോളിസിയിലും നല്‍കണം. ഏത് പോളിസിയിലാണോ ഏറ്റവും കുറഞ്ഞ കാലാവധി പറഞ്ഞിട്ടുള്ളത് അതായിരിക്കും ബാധകമാകുക.

ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുത്തേണ്ട പുതിയതരം ചികിത്സകള്‍, മരുന്നുകള്‍, എന്നിവ പരിശോധിച്ച് നിര്‍ദേശിക്കുന്നതിലേക്കായി ഒരു ഹെല്‍ത്ത് ടെക്‌നോളജി അസസ്‌മെന്റ് കമ്മറ്റി രൂപീകരിക്കുന്നതാണ്.

കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഒഴിവാക്കാനാകില്ലെങ്കിലും കോ-പേമെന്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ അതിനായി സ്വീകരിക്കാവുന്നതാണ്. പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള രോഗങ്ങളില്‍ ഏതിനെയൊക്കെ കവറേജില്‍ നിന്നും സ്ഥിരമായി ഒഴിവാക്കാമെന്ന് നിശ്ചയിക്കപ്പെട്ടതോടെ എല്ലാ കമ്പനികളുടെയും പോളിസികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഏകീകൃത സ്വഭാവം കൈവരുന്നതാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it