ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് ആറു മാസം കൂടി നീട്ടി

കൊവിഡ് -19 നെ നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജ് ഇന്‍ഷുറന്‍സ് പദ്ധതി മാര്‍ച്ച് 30 നാണ് ആരംഭിച്ചത്. കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുകയും പരിചരണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനാല്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചത്. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുന്‍സ് പദ്ധതിയാണിത്.

ലോക്ഡൗണ്‍ കാലത്ത് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി 90 ദിവസത്തേക്ക് ആരംഭിച്ച പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 25ന് അവസാനിക്കാനിരിക്കവെയാണ് വീണ്ടും ആറുമാസത്തേക്ക് കൂടി ഇന്‍ഷുറന്‍സ് നീട്ടിയത്.

സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ചവര്‍, സന്നദ്ധപ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ദൈനംദിന വേതനം പറ്റുന്നവര്‍, താല്‍ക്കാലിക ജീവനക്കാര്‍, സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന ഔട്ട്സോഴ്സ്ഡ് സ്റ്റാഫ്, കേന്ദ്ര ആശുപത്രികള്‍, കേന്ദ്രത്തിലെ സ്വയംഭരണ ആശുപത്രികള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, എയിംസ്, ഐഎന്‍ഐ, കൊറോണ വൈറസ് ചികിത്സ നല്‍കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ജീവനക്കാര്‍ പദ്ധതിയുടെ കീഴില്‍ വരുന്നു.

അതേസമയം ഇതുവരെ ആകെ 61 ക്ലെയിമുകള്‍ മാത്രമാണ് പ്രോസസ്സ് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156 ക്ലെയിമുകള്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് (എന്‍ഐഎ) കമ്പനി ലിമിറ്റഡ് പരിശോധിച്ച് വരികയാണ്. 67 കേസുകളുടെ ക്ലെയിം ഫോമുകള്‍ സംസ്ഥാനങ്ങള്‍ ഇനിയും സമര്‍പ്പിക്കാനുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles
Next Story
Videos
Share it