സൈബർ ഇൻഷുറൻസ്: ഓൺലൈൻ പണമിടപാടുകൾക്ക് സുരക്ഷ 

വർധിച്ച ഇന്റർനെറ്റ് ഉപയോഗവും സോഷ്യൽ മീഡിയയുടെ കടന്നുകയറ്റവും ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകളുടെ എണ്ണം കൂടിയതും പലവിധത്തിലുള്ള സൈബർ ആക്രമങ്ങൾക്ക് ഇടനൽകുന്നുണ്ട്.

സാമ്പത്തിക, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, ഡേറ്റ മോഷണം, തുടങ്ങിയവ ഇപ്പോൾ സർവ്വസാധാരണമാണ്. കാര്‍ ഹാക്കിംഗ്, സ്മാര്‍ട്ട് ഡിവൈസ് ഹാക്കിംഗ് മുതല്‍ ഫേസ് ഡിറ്റക്ഷന്‍ ഹാക്കിംഗ് വരെ പുത്തന്‍ ട്രെന്‍ഡുകള്‍ ആയി വളരുന്നു. ഡാറ്റ മോഷ്ടിച്ച് അതിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു ബുദ്ധിപരമായി നീങ്ങുന്ന ക്രിമിനലുകളും കുറവല്ല.

ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾളിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ

ഡിജിറ്റൽ വിവരങ്ങളെയും സംരക്ഷിക്കുന്നതിനാണ് സൈബർ ഇൻഷുറൻസ്. സൈബര്‍ ക്രൈം ഒരു വലിയ റിസ്‌ക് ആയ സ്ഥിതിക്കു പല ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഇപ്പോള്‍ സൈബര്‍ റിസ്‌ക് ഇന്‍ഷുറന്‍സ് ഒക്കെ പ്ലാന്‍ ചെയ്തു തുടങ്ങിക്കഴിഞ്ഞു.

സൈബർ ആക്രമണങ്ങളുടെ എണ്ണത്തി ൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. അതുകൊണ്ട് തന്നെ വ്യക്തികളും ബിസിനസുകളും സൈബർ ഇൻഷുറൻസ് എടുക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇൻഷുറൻസ് കവറേജ്

ബജാജ് അലയൻസ്, എച്ച്ഡിഎഫ്സി എർഗോ, ടാറ്റാ എഐജി എന്നിവ സൈബർ ഇൻഷുറൻസ് നൽകുന്നുണ്ട്.

ഏതാണ്ട് പത്തോളം സൈബർ അതിക്രമങ്ങൾക്കെതിരെ സംരക്ഷണം ലഭിക്കുന്നുണ്ട്. ഓരോ ഇൻഷുറൻസ് ദാതാവിനും ഇവ വ്യത്യസ്തമായിരിക്കും.

ഫിഷിംഗ്, മാൽവെയർ ആക്രമണങ്ങൾ, വ്യക്തി വിവരങ്ങളുടെ മോഷണം, സോഫ്റ്റ്‌വെയർ മോഷണം, സൈബർ പിടിച്ചുപറികൾ, കബളിപ്പിക്കൽ, സൈബർ മോഷണം മൂലമുള്ള സാമ്പത്തിക നഷ്ടം, മാൽവെയർ ആക്രമണം മൂലം ഉണ്ടാകുന്ന സിസ്റ്റം തകരാർ പരിഹരിക്കൽ, സൈബർ ഒളിആക്രമണങ്ങൾ എന്നിവയ്‌ക്കൊക്കെ പരിരക്ഷ നൽകുന്ന പോളിസികളുണ്ട്. ചില പോളിസികൾ എടിഎം മോഷണത്തിന് വരെ ഇൻഷുറൻസ് പരിരക്ഷ നൽകും.

പതിനെട്ട് വയസിന് മുകളിലുള്ള വ്യക്തികൾക്കും ബിസിനസുകൾക്കും പരിരക്ഷ ലഭ്യമാകും.

ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെ ബാധിച്ച 'വാനാക്രൈ' സൈബർ ആക്രമണം ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്ന കമ്പനികളെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.

ക്ലെയിം എങ്ങനെ സമർപ്പിക്കാം

നിങ്ങൾ ഒരു സൈബർ ഇൻഷുറൻസ് പോളിസിയുള്ള വ്യക്തിയോ കോര്പറേറ്റോ ആണെന്നിരിക്കട്ടെ. നിങ്ങൾക്കെതിരെ ഒരു സൈബർ ആക്രമണം നടന്നാൽ ഏഴ് ദിവസത്തിനകം ക്ലെയിം സമർപ്പിക്കണം.

പൂരിപ്പിച്ച ക്ലെയിം ഫോമിനൊപ്പം സൈബർ സെല്ലിൽ നിന്നുള്ള എഫ്.ഐ.ആറിന്റെ കോപ്പിയും വേണം. പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച് ബാങ്കിന് കൈമാറിയിട്ടുള്ള ഔദ്യോഗിക സന്ദേശത്തിന്റെ പകർപ്പ് വേണ്ടിവരും.

സുരക്ഷക്ക് പകരമല്ല

അതേസമയം സൈബർ സുരക്ഷാ സംവിധാനങ്ങൾക്കുള്ള ഒരു ബദലായി ഇൻഷുറൻസിനെ കാണരുത്. നിങ്ങൾ ഒരു ചെറുകിട ബിസിനസ് സ്ഥാപനത്തിന്റെ ഉടമയോ ടാക്സ് ബ്രാക്കറ്റിന്റെ ഏറ്റവും താഴെയുള്ള വ്യക്തിയോ ആണെങ്കിൽ സൈബർ ഇൻഷുറൻസിനേക്കാളും പ്രാധാന്യം നൽകേണ്ടത് സൈബർ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it