വെള്ളത്തിലായ വാഹനത്തിന് ഇൻഷുറൻസ് ലഭിക്കുമോ? അറിയേണ്ടതെല്ലാം

വാഹനം ഓടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ എന്‍ജിനില്‍ വെള്ളം കയറും. അത്തരത്തില്‍ എന്‍ജിനില്‍ വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെടാറുണ്ട്.

Image Courtesy: Auto Parts Asia

വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച വാഹനത്തിന് ഇന്‍ഷുറന്‍സ് കിട്ടുമോ എന്ന ചോദ്യം പലയിടത്തുനിന്നും ഉയരുന്നു. നിങ്ങളുടെ അശ്രദ്ധ മൂലമോ നിരുത്തരവാദിത്തമായ മനോഭാവം കൊണ്ടോ ആണ് വാഹനത്തിന് കേടുപാടുണ്ടായതെന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് തോന്നിയാല്‍ ക്ലെയിം ലഭിക്കില്ല.

വാഹനം ഓടിക്കുമ്പോഴോ പാര്‍ക് ചെയ്ത് ഇട്ടിരിക്കുമ്പോഴോ ഉണ്ടാകുന്ന പ്രളയം മൂലമുള്ള അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മരം വീഴുക തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. സുരക്ഷിതമായി പാര്‍ക് ചെയ്തിരുന്ന വാഹനം പ്രളയത്തില്‍പ്പെട്ടാലും ഇന്‍ഷുറന്‍സ് ലഭിക്കും. എന്നാല്‍ വെള്ളക്കെട്ടുള്ള സ്ഥലത്തുകൂടി വാഹനം ഓടിച്ചതുകൊണ്ട് എന്‍ജിനില്‍ വെള്ളം കയറുകയും വാഹനം പ്രവര്‍ത്തനരഹിതമാവുകയും ചെയ്താല്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിഷേധിക്കും.

വാഹനത്തില്‍ എങ്ങനെയാണ് വെള്ളം കയറിയതെന്ന് കമ്പനിക്ക് അറിയാനാകില്ലല്ലോ എന്ന് സ്വാഭാവികമായും നിങ്ങള്‍ക്ക് തോന്നാം. വാഹനം ഓടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ എന്‍ജിനില്‍ വെള്ളം കയറും. അത്തരത്തില്‍ എന്‍ജിനില്‍ വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെടാറുണ്ട്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വാഹനം സ്റ്റാര്‍ട്ടാക്കുമ്പോഴാണ് എന്‍ജിനില്‍ വെള്ളം കയറുന്നത്. ഇത് ഇന്‍ഷുറന്‍സ് കമ്പനി ഉപഭോക്താവിന്റെ ശ്രദ്ധക്കുറവായി കണക്കാക്കും എന്നത് ഓര്‍ക്കുക. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ എടുത്തുസൂക്ഷിക്കുക. അത് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കാതെ റിക്കവറി വാഹനത്തില്‍ സര്‍വീസ് സെന്ററില്‍ കൊണ്ടുപോകാം.

അധികം വൈകിക്കേണ്ട

”വാഹനം അപകടത്തില്‍പ്പെട്ട് ഏഴുദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം എന്നാണ് നിയമമെങ്കിലും ഇത്രയും വലിയ ദുരന്തത്തില്‍ അത് പ്രായോഗികമല്ല. ഇപ്പോഴും നാം ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇവിടെ സമയപരിധി വലിയ പ്രശ്‌നമുണ്ടാകില്ല. പക്ഷെ സാധിക്കുന്നവര്‍ അപേക്ഷ എത്രയും വേഗം നല്‍കണം.”എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗിന്റെ മാനേജിംഗ് ഡയറക്റ്റര്‍ വിശ്വനാഥന്‍ ഒഡാട്ട് പറയുന്നു.

പ്രളയത്തെത്തുടര്‍ന്ന് വാഹനം തകരാറിലായ ഉടമകള്‍ക്ക് ക്ലെയിം നടത്താനുള്ള സൗജന്യമായ വിദഗ്‌ധോപദേശം എയിംസില്‍ നിന്ന് ലഭിക്കും. ഇതിനായി 9656550539, 9745159100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here