നോമിനിയില്ലാതെ പോളിസിയുടമ മരിച്ചാല്‍ ഇന്‍ഷുറന്‍സ് തുകയ്ക്ക് എന്തു സംഭവിക്കും?

ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ നോമിനിയെ നിര്‍ദ്ദേശിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ അടുത്ത ബന്ധത്തില്‍പ്പെട്ടവരെയല്ലാതെ മറ്റാരെയെങ്കിലും നോമിനിയായി നിര്‍ദ്ദേശിക്കുന്നതിലൂടെ ഭാവിയില്‍ പല നിയമപ്രശ്‌നങ്ങള്‍ക്കും കാരണമാകും. അങ്ങനെയാകുമ്പോള്‍ നോമിനിയെ നിര്‍ദ്ദേശിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ കുറേ കാര്യങ്ങളുണ്ട്.

ബെനഫിഷ്യല്‍ നോമിനി

2015 വരെ നോമിനിക്ക് പുറമേ മരിച്ചു പോയ പോളിസിയുടമയുടെ ഏറ്റവുമടുത്ത മറ്റു ബന്ധിക്കള്‍ക്കും ക്ലെയിമിന് അവകാശപ്പെടാനാവുമായിരുന്നു. ഈയൊരു പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ബെനഫിഷ്യല്‍ നോമിനി എന്ന ആശയം കൊണ്ടു വന്നു. നോമിനി മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവാണെങ്കില്‍ മുഴുവന്‍ തുകയും അവര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ചെയ്യുക. അടുത്ത ബന്ധുവല്ലാത്ത ഒരാളോ സുഹൃത്തുക്കളിലാരെങ്കിലുമോ ആണ് നോമിനിയായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കില്‍ ഇതു പ്രകാരം അവരെ ബെനഫിഷ്യല്‍ നോമിനിയായി പരിഗണിക്കില്ല. അങ്ങനെയുള്ളവരെ ബെനഫിഷ്യല്‍ നോമിനിയായി പരിഗണിക്കണമെങ്കില്‍ അതിനായി ഒരു വില്‍പ്പത്രം തന്നെ നിങ്ങള്‍ എഴുതി വേക്കേണ്ടി വരും.

നോമിനിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കില്‍

പോളിസിയുടെ നോമിനിയായി പ്രായപൂര്‍ത്തിയാകാത്ത മകനേയോ മകളേയോ നിര്‍ദ്ദേശിക്കാം. എന്നാല്‍ അവര്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പാണ് പോളിസിയുടമ മരിക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് തുകയ്ക്ക് അവര്‍ യോഗ്യരായിരിക്കില്ല. അത്തരം അവസരങ്ങളില്‍ നിങ്ങള്‍ നോമിനിയുടെ കസ്‌റ്റോഡിയനെ കൂടി നിര്‍ദ്ദേശിക്കണം. നോമിനി പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പോളിസിയുടമ മരണപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് തുക കസ്റ്റോഡിയന്റെ എക്കൗണ്ടില്‍ നിക്ഷേപിക്കും. നോമിനിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ അത് അവര്‍ക്ക് ലഭിക്കും.

നോമിനിയെന്തിന്?

ലൈഫ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം തന്നെ, പോളിസിയുടമയെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് താങ്ങാവുക എന്നതാണ്. അതാണ് നോമിനിയെ നിര്‍ദ്ദേശിക്കുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പോളിസിയുടമയും നോമിനിയും ജീവിച്ചിരിപ്പില്ലെങ്കില്‍ എന്തു ചെയ്യും? അതിനാണ് മള്‍ട്ടിപ്പ്ള്‍ നോമിനി സൗകര്യം കമ്പനികള്‍ ലഭ്യമാക്കുന്നത്. ഒരു സെക്കന്‍ഡ് നോമിനിയെ കൂടി നിര്‍ദ്ദേശിക്കാന്‍ ഇതിലൂടെ കഴിയും. ഇന്‍ഷുറന്‍സ് ക്ലെയിം ഒന്നില്‍ കൂടുതല്‍ നോമിനികള്‍ക്ക് ഒരേ സമയം ലഭ്യമാക്കാനും സൗകര്യമുണ്ട്. അങ്ങനെയായാല്‍ നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കും നിശ്ചിത തുക ലഭിക്കും.
ഒരിക്കല്‍ നിശ്ചയിച്ച നോമിനിയെ പോളിസിയുടമയ്ക്ക് പിന്നീട് എത്ര തവണ വേണമെങ്കിലും മാറ്റാനും കഴിയും. പോളിസിയുടമ ജീവിച്ചിരിക്കെ നോമിനി മരണപ്പെട്ടാല്‍ പോളിസിയില്‍ നോമിനുടെ പേര്‍ മാറ്റാന്‍ ശ്രദ്ധിക്കുകയും വേണം.

നോമിനിയില്ലെങ്കില്‍ എന്തു ചെയ്യും?

എന്തെങ്കിലും കാരണത്താല്‍ നോമിനിയുടെ പേര് ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോളിസിയുടമ മരിച്ചാല്‍ നിയമപരമായ അനന്തരാവകാശികള്‍ക്കാണ് ക്ലെയിം തുകയുടെ അവകാശം. ജീവിത പങ്കാളി, മക്കള്‍, അച്ഛന്‍, അമ്മ എന്നിവരാണ് ഏറ്റവുമടുത്ത ബന്ധുക്കളുടെ പട്ടികയില്‍ വരുന്നത്. അതുകൊണ്ട് മുന്‍ഗണനാ പ്രകാരം ഇവര്‍ക്കാകും ക്ലെയിം തുക ലഭിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it