മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ടത്
ചികിത്സാ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് ഇന്ന് ഒഴിവാക്കാനാവാത്ത കാര്യമായി വന്നിരിക്കുന്നു. നികുതി ലാഭിക്കാനുള്ള ഒരു ഉപാധി എന്നതിനപ്പുറം മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസിലാക്കാത്തവര്‍ ഇപ്പോഴും നിരവധിയാണ്. നിങ്ങളുടെ കമ്പനി നിങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും ചികിത്സയ്ക്ക് പര്യാപ്തമാകണമെന്നില്ല. നിങ്ങളുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളാണ് നിങ്ങള്‍ക്ക് വേണ്ടത്. എന്നാല്‍ നൂറുക്കണക്കിന് പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ മനസില്‍ വെക്കേണ്ട കുറച്ചു കാര്യങ്ങളിതാ...
1. കവറേജ് തീരുമാനിക്കുമ്പോള്‍
ഭാവിയിലെ പണപ്പെരുപ്പ നിരക്ക് കൂടി പരിഗണിച്ചു വേണം പ്ലാന്‍ തെരഞ്ഞെടുക്കാന്‍. വില കുറഞ്ഞത് നോക്കരുത്. നിങ്ങളുടെ ആവശ്യത്തിനു ഉതകുന്ന തുകയ്ക്കുള്ളത് വേണം തെരഞ്ഞെടുക്കാന്‍. ഒരു ചെറിയ ഹൃദയ ശസ്ത്രക്രിയയ്ക്ക് പോലും 4-5 ലക്ഷം രൂപ ചെലവു വരുന്ന കാലമാണിത്.
2. ഫാമിലി ഫ്‌ളോട്ടര്‍ ഹീല്‍ പ്ലാന്‍ തെരഞ്ഞെടുക്കാം
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നത് വ്യക്തിപരമാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ നിങ്ങളൊരു ഗൃഹസ്ഥനാണെങ്കില്‍ തീര്‍ച്ചയായും ഫാമിലി ഫ്‌ളോട്ടര്‍ പ്ലാന്‍ തന്നെ വേണം തെരഞ്ഞെടുക്കാന്‍. അത് നിങ്ങളുടെ കുടുംബത്തിനാകെ സംരക്ഷണം നല്‍കും. അങ്ങനെ വരുമ്പോള്‍ ഓരോ ആള്‍ക്കും പ്രത്യേകം പോളിസി എടുക്കേണ്ടി വരുന്നില്ല, വെവ്വേറെ എടുക്കുന്നതിനേക്കാള്‍ ചെലവും കുറയും. മാത്രമല്ല, നിങ്ങളുടെ പ്രായം കൂടിയ മാതാപിതാക്കളെയും കുറച്ചു കൂടി അധികം പ്രീമിയം നല്‍കിയാല്‍ ഇതില്‍ ഉള്‍പ്പെടുത്താം. കുടുംബത്തില്‍ ആര്‍ക്ക് അസുഖം വന്നാലും ഇത് പ്രയോജനപ്പെടുത്തുകയുമാകാം.
3. നിലവിലുള്ള രോഗങ്ങള്‍ കൂടി പരിഗണിക്കണം.
നിലവിലുള്ള രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതു സംബന്ധിച്ച് പല കമ്പനികള്‍ക്കും വ്യത്യസ്തമായ നിലപാടുകളാവും ഉണ്ടാകുക. നിലവിലുള്ള രോഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഒരു വെയ്റ്റിംഗ് പിരീഡ് വെച്ചിട്ടുണ്ടാകും പല കമ്പനികളും. സാധാരണ രണ്ടു മുതല്‍ നാലു വര്‍ഷം വരെയാണിത്. ഏറ്റവും കുറഞ്ഞ വെയ്റ്റിംഗ് പിരീഡ് ഉള്ള പ്ലാന്‍ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
4. പോളിസി പുതുക്കല്‍
യൗവന കാലത്ത് നിങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു ഹെല്‍ത്ത് പോളിസിയുടെ ആവശ്യം തന്നെ ഉണ്ടാകില്ല. എന്നാല്‍ പ്രായം കൂടും തോറും അതിന്റെ ആവശ്യകത കൂടി വരുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നീട് ഹെല്‍ത്ത് പോളിസി പുതുക്കി നല്‍കാത്ത കമ്പനികളുണ്ട്. എന്നാല്‍ മിക്ക കമ്പനികളും ഇപ്പോള്‍ 75-80 വയസു വരെ പുതുക്കി നല്‍കാന്‍ സന്നദ്ധമാകുന്നു. ഇത്തരത്തിലുള്ളത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
5. കമ്പനികള്‍ തെരഞ്ഞെടുക്കുമ്പോള്‍
ആകര്‍ഷകമായ പോളിസി മാത്രം പരിഗണിച്ച് പോളിസിയെടുക്കരുത്. പോളിസി നല്‍കുന്ന കമ്പനിയുടെ ചരിത്രം കൂടി പരിശോധിക്കുക. നിസാര കാര്യങ്ങള്‍ക്കു പോലും ക്ലെയിം നിരസിക്കുന്ന സാഹചര്യം ഉണ്ടോ എന്ന് നോക്കണം. അതോടൊപ്പം ക്ലെയിം അവകാശപ്പെടുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യക്തവും സത്യസന്ധവുമായിരിക്കാന്‍ പോളിസിയുടമയും ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യമായ രേഖകളും തെളിവുകളും ക്ലെയിം ചെയ്യുമ്പോള്‍ നല്‍കണം.
6. സേവന ദാതാക്കളായ ആശുപത്രികള്‍
പോളിസി നല്‍കുന്ന കമ്പനികളുടെ വെബ്‌സൈറ്റില്‍ സേവനം ലഭ്യമായ ഹോസ്പിറ്റലുകളുടെ പട്ടിക ലഭിക്കും. നിങ്ങളുടെ പ്രദേശത്ത് കൂടി സേവനം ഉണ്ടോ എന്ന് നോക്കി വേണം അത് തെരഞ്ഞെടുക്കാന്‍. ഗ്രാമീണ മേഖലയിലാണെങ്കില്‍ പ്രത്യേകിച്ചും.
7. പ്രീമിയം താരതമ്യത്തിന് വിധേയമാക്കുക
പ്ലാനുകള്‍ താരതമ്യം ചെയ്യുന്നതു പോലെ തന്നെയാണ് പ്രീമിയം താരതമ്യം ചെയ്യുന്നതും. ഇതിനായി ഓണ്‍ലൈനില്‍ നിരവധി ഏജന്‍സികളുണ്ട്. അവയില്‍ നിന്ന് സൗജന്യമായി തന്നെ അത് ചെയ്യാം. ഗുണങ്ങള്‍, പ്രത്യേകതകള്‍, പ്രീമിയം, പരമാവധി നേട്ടം എത്ര തുടങ്ങിയ കാര്യങ്ങളൊക്കെ ഇങ്ങനെ പരിശോധിക്കാം. ഇങ്ങനെ താരതമ്യ പഠനത്തിലൂടെ എല്ലാ സൗകര്യങ്ങളും നല്‍കുന്ന പ്ലാന്‍ കുറഞ്ഞ പ്രീമിയത്തിന് വാങ്ങാന്‍ നിങ്ങള്‍ക്ക് കഴിയും.
8. റിവ്യൂസ് പരിഗണിക്കുക
ഓണ്‍ലൈനിലൂടെയാണ് പോളിസി വാങ്ങുന്നതെങ്കില്‍ ഇതു സംബന്ധിച്ച് പോളിസിയുടമകളുടെ റിവ്യൂ ശ്രദ്ധിക്കുക. നിങ്ങളുടെ തീരുമാനത്തെ തന്നെ മാറ്റിമറിക്കാന്‍ ഇത്തരം റിവ്യൂവുകള്‍ക്കാകും. നല്ലതും മോശവുമായ അഭിപ്രായം ഓരോ പോളിസിയെ കുറിച്ചും കാണാനാകും. അതില്‍ നിന്ന് നിങ്ങള്‍ തന്നെ ഒരു നിഗമനത്തിലെത്തുക.
9. പോളിസിയില്‍ ഉള്‍പ്പെടാത്തവയെ കുറിച്ച് അറിയുക
പലരും തുടക്കത്തില്‍ ഇതേ കുറിച്ച് ബോധവാന്മാരായിരിക്കില്ല. ഏതൊരു പോളിസിയിലും ഉള്‍പ്പെടാത്ത കുറേ കാര്യങ്ങളുണ്ടാകും. പലതിലും ഹെര്‍ണിയ, സൈനസൈറ്റിസ്, ഗ്യാസ്ട്രിക് അസുഖങ്ങള്‍ ജോയ്ന്റ് റീപ്ലേസ്‌മെന്റ് തുടങ്ങിയവയ്ക്ക് ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ചികിത്സ ലഭിക്കില്ല. മറ്റു ചിലപ്പോള്‍ ദന്ത ചികിത്സ, എച്ച്‌ഐവി/എയ്ഡ്‌സ്, കോസ്‌മെറ്റിക് സര്‍ജറി തുടങ്ങിയവ ഉള്‍പ്പെടാതെയിരിക്കാം. ഏറ്റവും കുറച്ച് ഒഴിവാക്കല്‍ ഏതു പോളിസിയിലാണോ അത് തെരഞ്ഞെടുക്കാം.
10. മാരക രോഗങ്ങള്‍ക്കുള്ള ചികിത്സ
പല പോളിസികളിലും മാരക രോഗങ്ങള്‍ക്ക്, അധിക പ്രീമിയം നല്‍കുന്നതിലൂടെ സംരക്ഷണം ഉറപ്പു വരുത്താനാകും. അത്തരം പോളിസികള്‍ക്ക് മുന്‍ഗണന നല്‍കുക. അത്തരം രോഗങ്ങള്‍ക്ക് വേണ്ടി വരുന്ന വന്‍ ചെലവ് പരിഗണിക്കുമ്പോള്‍ കൂടുതലായി ഈടാക്കുന്ന പ്രീമിയം അധികമെന്ന് തോന്നില്ല.