ചെറു സമ്പാദ്യപദ്ധതികളുടെ പലിശ നിരക്കിലെ മലക്കം മറിച്ചില്‍ തെരഞ്ഞെടുപ്പ് കാരണമോ?

ചെറുകിട സമ്പാദ്യ പലിശയുടെ കാര്യത്തില്‍ മുഖം നഷ്ടമായി കേന്ദ്രം . നിയമസഭ തെരഞ്ഞെടുപ്പുകള്‍ കാരണം തീരുമാനം മാററിയെന്ന് നിഗമനം
ചെറു സമ്പാദ്യപദ്ധതികളുടെ പലിശ നിരക്കിലെ മലക്കം മറിച്ചില്‍ തെരഞ്ഞെടുപ്പ് കാരണമോ?
Published on

പ്രോവിഡണ്ട് ഫണ്ടിലും, മറ്റു ചെറുകിട സമ്പാദ്യ പദ്ധതികളിലും ലഭ്യമായ പലിശ നിരക്കുകള്‍ ഒരു ശതമാനത്തിലധികമായി കുറയ്ക്കാനുള്ള തീരുമാനം രായ്ക്കുരാമാനം പിന്‍വലിക്കാനുള്ള തീരുമാനം ധനമന്ത്രിയ്ക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയായി. ഏപ്രില്‍ 1-മുതല്‍ തുടങ്ങുന്ന പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ മൂന്നുമാസത്തില്‍ലെ പലിശ നിരക്കുകള്‍ 1.1 ശതമാനം വരെ കുറയ്ക്കാനുള്ള ബുധനാഴ്ച രാത്രി ഇറങ്ങിയ ഉത്തരവ് പിന്‍വലിച്ചുവെന്ന് വ്യാഴാഴ്ച രാവിലെ ധനമന്ത്രി നിര്‍മല സീതരാമന്‍ ട്വീറ്റു ചെയ്യുകയായിരുന്നു. നിരക്കുകള്‍ കുറയ്ക്കാനുള്ള ഉത്തരവ് ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ച കൈപ്പിഴ എന്നായിരിന്നു ധനമന്ത്രിയുടെ വിശദീകരണം.

കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലും നിയമസഭകളിലേക്കും, കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ബിജെപി-ക്ക് തിരിച്ചടിയാവും എന്ന നിഗമനത്തിലാണ് തീരുമാനം പിന്‍വലിച്ചതെന്നു കരുതപ്പെടുന്നു. കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നിരക്കു കുറയ്ക്കല്‍ പിന്‍വലിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നുള്ള ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.

മാര്‍ച്ച് 21, 2021-ല്‍ നിലനിന്ന നിരക്കുകള്‍ തുടരുമെന്ന് ശ്രീമതി സീതാരാമന്‍ അറിയിച്ചു. പുതുക്കിയ നിരക്കുകള്‍ പ്രകാരം പുതിയ ധനകാര്യ വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാതത്തിലെ നിരക്കുകളാണ് ഏകദേശം 1.1 ശതമാനം വരെ കുറച്ചു കൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച ധനമന്ത്രാലയം പുറപ്പെടുവിച്ചത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം 1-വര്‍ഷത്തെ നിക്ഷേപത്തിന്റെ പലിശ നിലവിലുണ്ടായിരുന്നു 5.5 ശതമാനത്തില്‍ നിന്നും 4.4 ശതമാനം കുറച്ചിരുന്നു. പബ്ലിക് പ്രോവിഡണ്ട് ഫണ്ട് നിക്ഷേപത്തിന്റെ പലിശ 7.1 ശതമാനത്തില്‍ നിന്നും 6.4 ശതമാനയി കുറഞ്ഞു. കിസാന്‍ വികാസ് പത്രികയുടെ

നിരക്ക് 6.9 ശതമാനത്തില്‍ നിന്നും 6.2 ശതമാനമായും സുകന്യ സമൃദ്ധി സ്‌കീം 7.6 ശതമാനത്തില്‍ നിന്നും 6.9 ശതമാനമായും ദേശീയ സമ്പാദ്യ പദ്ധതി 6.8 ശതമാനത്തില്‍ നിന്നും 5.9 ശതമാനമായും കുറഞ്ഞു.

ഇന്ത്യയിലെ ലക്ഷക്കണക്കിന് പേര്‍ ആശ്രയിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിരക്കുകള്‍ കുറച്ചത് കുറഞ്ഞ വരുമാനക്കാരുടെ ജീവിതനിലവാരത്തെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നിശ്ചയിച്ചിട്ടുള്ള നാണയപ്പെരുപ്പത്തിന്റെ ലക്ഷ്യത്തിലും താഴെയാണ് പുതിയ പലിശ നിരക്കുകള്‍. സമ്പാദ്യ പദ്ധതികളിലെ നിക്ഷേപങ്ങളുടെ മൂല്യം ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാവുന്ന സ്ഥിതിവിശേഷമാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ സംഭവിക്കുക. നാണയപ്പെരുപ്പത്തിന്റെ ഉയര്‍ന്ന തോത് 6-ശതമാനം ആയിരിക്കുമെന്നാണ് സര്‍ക്കാരും, ആര്‍ബിഐ-യും കണക്കാക്കുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച പലിശ നിരക്കുകളുടെ 8-സ്ലാബുകളില്‍ അഞ്ചും 6-ശതമാനത്തില്‍ താഴെയാണ്. മൂന്നു സ്ലാബുകള്‍ മാത്രമാണ് 6-ശതമാനത്തിന്റെ കഷ്ടി മുകളില്‍ സ്ഥിതി ചെയ്യുന്നത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള തീരുമാനം മാറ്റിവെച്ചുവെങ്കിലും താമസിയാതെ അത് നടപ്പില്‍ വരുത്തുമെന്നാണ് ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിക്ഷേപകരുടെ ആശങ്ക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com