ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഉള്‍പ്പെടെ ഈ അഞ്ച് കാര്യങ്ങള്‍ സെപ്റ്റംബറില്‍ ചെയ്തിരിക്കണം!

സെപ്റ്റംബര്‍ മാസം നികുതിയും പിഎഫുമുള്‍പ്പെടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ മാസത്തില്‍ തന്നെ ചെയ്ത് തീര്‍ക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളുണ്ട്. നികുതി പരമായും നിക്ഷേപപരമായും നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ അഞ്ച് കാര്യങ്ങളില്‍ മുടക്കം വരുത്തിയാല്‍ പിഴ നല്‍കേണ്ടി വരും, ആനുകൂല്യങ്ങളും ലഭിക്കില്ല. ഇതാ ഒരു ചെക്ക് ലിസ്റ്റ്.

ഐടിആര്‍ ഫയലിംഗ്
നികുതിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളുടെയും തീയതികള്‍ നീട്ടിവച്ചെങ്കിലും ഐടിആര്‍ ഫയലിംഗ് നടത്തേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. നേരത്തെ ഇത് ജൂലൈ 31 ആയിരുന്നു. സെപ്റ്റംബര്‍ 30,2021 നു മുന്‍പായി നികുതി അടച്ചില്ലെങ്കില്‍ 5000 രൂപ വരെ ലേറ്റ് ഫീസായി നല്‍കേണ്ടി വരും. അഞ്ച് ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇത് 1000 രൂപയാണ്.
മൊബൈല്‍ നമ്പര്‍ പുതുക്കല്‍
ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്കുകള്‍ ഓട്ടോ ഡെബിറ്റ് സൗകര്യത്തിനായി രണ്ട് വട്ട ഓതെന്റിക്കേഷന്‍ അഥവാ ഉപഭോക്താവ് തന്നെ ആണോ എന്നത് ചെക്ക് ചെയ്യാനുള്ള മെസേജുകള്‍ അയയ്ക്കും. എന്നാല്‍ ബാങ്ക് അക്കൗണ്ടുമായി ഇപ്പോള്‍ ഉപയോഗിക്കുന്ന നമ്പര്‍ ബന്ധിപ്പിക്കണം എന്നത് ഇതിന് നിര്‍ബന്ധമാണ്. ഒക്‌റ്റോബര്‍ 1 മുതല്‍ ആയതിനാല്‍ സെപ്റ്റംബറില്‍ തന്നെ ബാങ്ക് അക്കൗണ്ടുമായി ആധാറുമായി ബന്ധപ്പെടുത്തിയ ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കുക.
ഡീമാറ്റ് അക്കൗണ്ടിലെ കെവൈസി
ഡിമാറ്റ് അക്കൗണ്ടുകളോ ട്രേഡിംഗ് അക്കൗണ്ടുകളോ ഉള്ള നിക്ഷേപകര്‍ക്ക് സെപ്റ്റംബര്‍ 30 നകം അവരുടെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍ ഫോം) വിശദാംശങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡെപ്പോസിറ്ററികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ അവരുടെ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കും.
പാന്‍- ആധാര്‍ ലിങ്കിംഗ്
പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി 2021 സെപ്റ്റംബര്‍ 30 ആണ്. സമയപരിധി അവസാനിച്ചതിന് ശേഷം, ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാന്‍ കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാകും. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും മറ്റ് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
പിഎഫ് - ആധാര്‍ ലിങ്കിംഗ്
ജീവനക്കാരായവര്‍ തങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ് അക്കൗണ്ടുകളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ തൊഴിലുടമകള്‍ക്ക് അവരുടെ സംഭാവന നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ കഴിയൂ. പണം പിന്‍വലിക്കലുള്‍പ്പെടെയുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ആനുകൂല്യങ്ങള്‍ തേടാനും സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it