Begin typing your search above and press return to search.
സഹകരണ സംഘങ്ങളെ പിന്തുണച്ച് കേരളം: നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ 5 ലക്ഷം വരെ
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. നിലവിലെ 2 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായാണ് നിക്ഷപങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്നത്. സഹകരണ സംഘങ്ങളെ ബാങ്കായി പരിഗണിക്കില്ലെന്നും നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കില്ലെന്നും ആര്‍ബിഐ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. ആര്‍ബിഐ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും 5 ലക്ഷത്തിന്റേതാണ്. നിക്ഷേപകരുടെ ആശങ്കയ്ക്ക് പരിഹാരമാവുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇന്‍ഷുറന്‍സ് വര്‍ധന ഈ മാസം തന്നെ നടപ്പിലാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. നിയമ ഭേദഗതി വരുത്താന്‍ ഇന്‍ഷുറന്‍സ് ഗ്യാരന്റി ബോര്‍ഡ് യോഗം ചേരും. നിലിവില്‍ സഹകരണ സംഘങ്ങള്‍ പിരിച്ചുവിടാന്‍ തീരുമാനം എടുത്താല്‍ മാത്രമാണ് നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുക. ഈ നിയമത്തിലും മാറ്റം വരുത്തും. ഇനിമുതല്‍ അഴിമതിയിലൂടെ ബാങ്കിന് നഷ്ടം സംഭവിച്ചാലും നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സിന്റെ സംരക്ഷണം ഉണ്ടാവും. തൃശൂര്‍ കരിവന്നൂര്‍ സഹകരണ ബാങ്കിലെ ഉള്‍പ്പടെ തിരിമറികള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ നടപടി.
1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ അല്ലെന്ന നിലപാടാണ് ആര്‍ബിഐയുടേത്. സഹകരണ സംഘങ്ങള്‍ ബാങ്കിങ് സേവനങ്ങള്‍ നല്‍കരുതെന്നും വോട്ടവകാശം ഉള്ളവരില്‍ നിന്ന് മാത്രമെ നിക്ഷേപം സ്വീകരിക്കാവു എന്നും ആര്‍ബിഐ വ്യക്താക്കിയിരുന്നു. വിഷയത്തില്‍ ആര്‍ബിഐയെ പിന്തുണയ്ക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. ആര്‍ബിഐക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കേരളം.
Next Story
Videos