എസ്ഐപിയെക്കുറിച്ച് ഈ ഏഴ് കാര്യങ്ങള്‍ അറിയൂ; നേട്ടമുണ്ടാക്കാം

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി, പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ക്രമമായി നിക്ഷേപം നടത്തേണ്ട പദ്ധതിയാണ്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാല്‍ എസ്ഐപി തുടങ്ങിയിട്ടുള്ള നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നിശ്ചിത മ്യൂച്വല്‍ ഫണ്ടിലേക്ക് സ്ഥിരമായി , തലവേദനകളില്ലാതെ നിക്ഷേപിക്കപ്പെടും. നിക്ഷേപിക്കുന്ന ഫണ്ടിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കും. ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ മികച്ച എസ്ഐപികള്‍ ഒരു മുതല്‍ക്കൂട്ടാണ്.

പാന്‍കാര്‍ഡ്, അഡ്രസ്പ്രൂഫ്, (ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി തുടങ്ങിയവയില്‍ ഏതെങ്കിലും), പാസ്പോര്‍ട്ട് സൈസ്ഫോട്ടോഗ്രാഫ്, ചെക്ക് ബുക്ക് തുടങ്ങിയവയുമായി ബാങ്കുകള്‍ വഴിയോ ഏതെങ്കിലും അംഗീകൃത ഫണ്ട് ഹൗസുകളെ സമീപിക്കുകയോ അവരുടെ വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപ്ലൈ ചെയ്യുകയോ ചെയ്യാം.

ഓണ്‍ലൈനായി അക്കൗണ്ടു തുടങ്ങുമ്പോള്‍ പേര്, ഡേറ്റ് ഓഫ് ബെര്‍ത്ത് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ക്കൊപ്പം പാന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുടെ കോപ്പി അപ്ലോഡ് ചെയ്താല്‍ മതിയാകും. ഇനി എസ്ഐപികളിലേക്ക് തിരിയും മുമ്പ് ഈ 7 കാര്യങ്ങള്‍ കൂടെ മനസ്സില്‍ വയ്ക്കൂ.

1. ചെറുതായി ആരംഭിച്ച് വലിയ വരുമാനം
നിങ്ങളുടെ ആദ്യ ഘട്ടങ്ങള്‍ ഏതൊരു ശ്രമത്തിലും ഏറ്റവും പ്രധാനപ്പെട്ടവയാണ്. അതുപോലെ, നിക്ഷേപ ലോകത്തെ നിങ്ങളുടെ പ്രാരംഭ ഘട്ടങ്ങളായി ടകജ കള്‍ കണക്കാക്കാം. നിങ്ങള്‍ക്ക് 500 രൂപ തൊട്ട് 1000 രൂപ വരെയുള്ള ചെറുതുകകളില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാന്‍ കഴിയും. ഒരേ സമയം നിങ്ങളുടെ ഭാവിക്കായി ശക്തമായ സാമ്പത്തിക അടിത്തറ പണിയുമ്പോള്‍ നിങ്ങളുടെ പതിവ് സാമ്പത്തിക ദിനചര്യ തടസ്സപ്പെടുന്നില്ലെന്ന് ടകജ കള്‍ ഇത്തരത്തില്‍ ഉറപ്പുനല്‍കുന്നു.
2. കൃത്യതയും അച്ചടക്കവും
എസ്ഐപി സ്ഥിരവും കൃത്യതയോടുകൂടിയതുമായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ നിക്ഷേപം വളരുന്നതിന് അച്ചടക്കം ആവശ്യമാണ്. സമയബന്ധിതമായി പരിശോധിച്ച് ക്രമപ്പെടുത്തിയ നിക്ഷേപരീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍. അത് വലിയ തുകയിലേക്ക് ബുദ്ധിമുട്ടുകളില്ലാതെ നിക്ഷേപിക്കുന്നത് എളുപ്പമാക്കുന്നു. ഭാവിയില്‍ പണത്തിന്റെ നല്ലൊരു ശേഖരം തന്നെ സ്വന്തമാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ക്ക് ആശയക്കുഴപ്പമില്ലാതെ നിശ്ചിത തുകയായി അക്കൗണ്ട് വഴി അടയ്ക്കാം.
3. അസറ്റ് ക്ലാസ് പ്രധാനം

എസ്ഐപികള്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള കിളിവാതില്‍ ആയതിനാല്‍ തന്നെ ഓഹരിവിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് വിധേയമാണ്. അതിനാല്‍ തന്നെ സ്മോള്‍, മിഡ്, ലാര്‍ജ് ക്യാപ് ഫണ്ടുകളെ തിരിച്ചറിയുക. എല്ലാ മ്യൂച്വല്‍ ഫണ്ട് വിവിധ തരം നിക്ഷേപകര്‍ക്കായി മ്യൂച്വല്‍ ഫണ്ടുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് എടുക്കാന്‍ കഴിയുന്ന റിസ്‌കിനെ അടിസ്ഥാനമാക്കി അനുയോജ്യമായ ഒരു അസറ്റ് ക്ലാസ് തെരഞ്ഞെടുക്കുക. നിക്ഷേപത്തിലെ ക്രമാനുഗതമായ വര്‍ധനവ് എസ്ഐപിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൂട്ടി എന്നത് ഇത് മികച്ചൊരു നിക്ഷേപ മാര്‍ഗമായി ആളുകള്‍ കണക്കാക്കുന്നുവെന്നതിന്റെ തെളിവാണ്. മറ്റ് നിക്ഷേപ മാര്‍ഗങ്ങളുമായി താരതമ്യ പഠനം നടത്തുമ്പോള്‍ പെട്ടെന്ന് ലിക്വിഡ് മണി ആക്കാനാകുന്നതാണ് എസ്ഐപികളെന്നതും ഇതിനെ ആഖര്‍ഷകമാക്കുന്നു.
4. ഇഎല്‍എസ്എസ് ഉപയോഗിക്കാം
ഇഎല്‍എസ്എസ് അഥവാ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകളില്‍ ആണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ നിക്ഷേപത്തിനു നികുതി ഇളവു ലഭിക്കും. മിക്ക നിക്ഷേപങ്ങള്‍ക്കും മൂന്നു വര്‍ഷത്തെ ലോക്കിംഗ് പീരീഡ് ഉണ്ടായിരിക്കും. നിക്ഷേപകരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള മികച്ച ഫണ്ട് തിരഞ്ഞെടുക്കാം.
5. നഷ്ടസാധ്യത അറിയണം
വ്യത്യസ്ത കാലത്തേയ്ക്ക് ഒരുപോലെയുള്ള ഫലമല്ല എസ് ഐ പി നല്‍കുന്നത്. വ്യത്യസ്ത ഫലങ്ങളാകും ഉണ്ടാവുക. അതായത് ഒരു മാസം റിട്ടേണില്‍ കുറവുണ്ടായാല്‍ അടുത്ത മാസം അത് പരിഹരിക്കപ്പെടുമെന്നര്‍ഥം. ആ നിലയ്ക്ക് ഇത് പാതിയില്‍ ഉപേക്ഷിക്കുന്നത് ശരിയല്ല. ദാര്‍ഘകാലത്തേക്ക് കണ്ണും നട്ട് നിക്ഷേപിക്കുന്നതാണ് ബുദ്ധി. എസ്ഐപിയിലൂടെ നിക്ഷേപിക്കപ്പെട്ട ഓഹരികളുടെ വിലകൂടുമ്പോള്‍ ലാഭം നേടാനും വില കുറയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനും ബുദ്ധിപരമായ രീതി പിന്തുടരുക.
ഇങ്ങനെ ചെയ്താല്‍ നമ്മള്‍ വാങ്ങുന്ന യൂണിറ്റുകളുടെ വില വാങ്ങുന്ന കാലയളവിലെ യൂണിറ്റ് വിലകളുടെ ശരാശരിയായിരിക്കും. അപ്പോള്‍ മാര്‍ക്കറ്റ് എപ്പോള്‍ പൊങ്ങും എന്നും താഴും എന്നും ആലോചിച്ചു ബുദ്ധിമുട്ടേണ്ട. മ്യൂച്ചല്‍ ഫണ്ടിന്റെ വളര്‍ച്ച നമ്മുടെ മൊത്തം നിക്ഷേപത്തിന്റെ വില കൂട്ടിക്കൊണ്ടിരിക്കും.
6. എല്ലാ മാസവും ഒരു തുക
ഓഹരി വിപണി നമുക്ക് പ്രവചിക്കാന്‍ പറ്റില്ല. ഓഹരി വിപണി മുകളിലേക്ക് ഉയരും തോറും മ്യൂച്ചല്‍ഫണ്ട് യൂണിറ്റുകളുടെ വില കൂടും. അതേ പോലെ തന്നെ താഴോട്ട് വീഴുമ്പോള്‍ മ്യൂച്ചല്‍ഫണ്ട് യൂണിറ്റുകളുടെ വില കുറയും . എപ്പോഴാണ് വില കുറയുന്നത് എന്നു വെച്ച് വാങ്ങാന്‍ ഇരുന്നാല്‍ ചിലപ്പോള്‍ വളരെയധികം വളര്‍ച്ച നല്‍കുന്ന ഒന്നു രണ്ട് കൊല്ലങ്ങള്‍ നമുക്ക് നഷ്ടമാകും. അതുകൊണ്ട് ഒരു സാധാരണ നിക്ഷേപകന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം എല്ലാ മാസവും കുറച്ചു തുക നിക്ഷേപിക്കുക എന്നതാണ്.
7. ഫണ്ടുകളുടെ പ്രകടനം വിലയിരുത്തല്‍
നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന ഫണ്ടുകളുടെ പ്രകടനം നിരീക്ഷിക്കുക, ചെറിയ ഒരു കാലഘട്ടത്തിലേക്ക് അല്ല. തുടര്‍ച്ചയായ വര്‍ഷങ്ങള്‍ നിരീക്ഷിക്കുക. വിദഗ്ധ മറുപടിയോടെ മാത്രം ഫണ്ടുകള്‍ തെരഞ്ഞെടുക്കുക. മാറുമ്പോഴും പിന്‍വലിക്കുമ്പോഴും ഒരു വിദഗ്ധ ഉപദേശം തേടുന്നതാണ് നല്ലത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it