100 രൂപയും എസ്.ഐ.പി അടക്കാം; സാധാരണക്കാര്‍ക്കൊപ്പം എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട്
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ സാധാരണക്കാരെ കൂടി പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ, പ്രതിദിനം 100 രൂപ എസ്.ഐ.പിയില്‍ അടക്കുന്നതിനുള്ള പദ്ധതിയുമായി എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് കമ്പനി. എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ടിന്റെ തെരഞ്ഞെടുക്കപ്പെട്ട പദ്ധതികളില്‍ കുറഞ്ഞ പ്രതിദിന അടവ് പരിധി 100 രൂപയോ ശേഷം 1 രൂപയുടെ ഗുണിതങ്ങളോ ആയിരിക്കും. ചില പദ്ധതികളില്‍ കുറഞ്ഞ പ്രതിമാസ അടവ് പരിധി 200 രൂപയായും കുറഞ്ഞ ത്രൈമാസ അടവ് പരിധി 1000 രൂപയായും നിശ്ചയിച്ചിട്ടുണ്ട്. സ്‌റ്റെപ്പപ്പിനുള്ള കുറഞ്ഞ പരിധി 100 രൂപയും ശേഷം 1 രൂപയുടെ ഗുണിതങ്ങളുമായിരിക്കും. എല്‍.ഐ.സി എം.എഫ് ഇ.എല്‍.എസ്.എസ് ടാക്‌സ് സേവര്‍, എല്‍.ഐ.സി എം.എഫ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ എന്നിവ ഒഴികെയുള്ള എല്ലാ പദ്ധതികള്‍ക്കും ഒക്ടോബര്‍ 16 മുതല്‍ ഈ ഇളവ് ബാധകമാണ്.
എല്ലാ ജനങ്ങള്‍ക്കും പങ്കാളിത്തം
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും എസ്.ഐ.പി പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഈയിടെയാണ് സെബി കുറഞ്ഞ തുകയിലുള്ള എസ്.ഐ.പി പ്രഖ്യാപിച്ചത്. കൂടുതല്‍ ചെറുപ്പക്കാരേയും അധ്വാനിക്കുന്ന ജന വിഭാഗത്തേയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 100 രൂപയുടെ പ്രതിദിന എസ്.ഐ.പി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആര്‍.കെ ഝാ അഭിപ്രായപ്പെട്ടു. ദേശീയ സര്‍വേ കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 56 ശതമാനം തൊഴിലാളികളാണ്.