സ്ഥിരനിക്ഷേപം ഈടുവച്ചുള്ള വായ്പകള്‍ക്ക് വന്‍ ഡിമാന്‍ഡ്

സ്ഥിരനിക്ഷേപങ്ങള്‍ (Fixed Deposit/FD) ആസ്തി വര്‍ദ്ധിപ്പിക്കാനുള്ള നിക്ഷേപരീതി എന്നതിനപ്പുറം അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാനുള്ള മാര്‍ഗമായും മികച്ച പ്രചാരം നേടുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. സ്ഥിരനിക്ഷേപം ഈടുവച്ച് (Collateral) വായ്പ എടുക്കാന്‍ നിരവധി ബാങ്കുകള്‍ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇത്തരം വായ്പകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 43 ശതമാനം വളര്‍ന്നുവെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. വായ്പാ പലിശനിരക്കുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കുത്തനെ ഉയര്‍ന്നതും എഫ്.ഡി ഈടുവച്ച് വായ്പ എടുക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ഈടായി എഫ്.ഡി തുകയുള്ളതിനാല്‍, ഇത്തരം വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്കും താത്പര്യമാണ്.
1.13 ലക്ഷം കോടി
ബാങ്കുകളുടെ റീട്ടെയില്‍ വായ്പകളില്‍ അതിവേഗം വളരുന്ന വിഭാഗമായി 'എഫ്.ഡി വായ്പ' മാറുകയാണെന്ന് കണക്ക് വ്യക്തമാക്കുന്നു. 2021-22ലെ 79,349 കോടി രൂപയില്‍ നിന്ന് 1.13 ലക്ഷം കോടി രൂപയിലേക്കാണ് കഴിഞ്ഞവര്‍ഷം ഈ വിഭാഗം വായ്പകളുടെ മൂല്യം ഉയര്‍ന്നത്.
എഫ്.ഡി തുകയുടെ അനുപാതം
സ്ഥിരനിക്ഷേപത്തുകയ്ക്ക് ആനുപാതികമായ തുകയാണ് ഈ വായ്പയിലൂടെ ലഭിക്കുക. ചില ബാങ്കുകള്‍ സ്ഥിരനിക്ഷേപത്തിന്റെ 90-95 ശതമാനം വരെ തുക വായ്പയായി നല്‍കുന്നുണ്ട്. സ്ഥിരനിക്ഷേപത്തിന് ഉപയോക്താവിന് ലഭിക്കുന്ന പലിശയേക്കാള്‍ 1-1.5 ശതമാനം അധിക പലിശനിരക്കാണ് ഈ വായ്പകളിന്മേല്‍ ബാങ്കുകള്‍ ഈടാക്കുന്നത്. ഉദാഹരണത്തിന് എഫ്.ഡിക്ക് പലിശ 7 ശതമാനമാണെങ്കില്‍ എഫ്.ഡി ഈടുവച്ചുള്ള വായ്പയുടെ പലിശനിരക്ക് 8-8.5 ശതമാനമായിരിക്കും.
നടപടിക്രമങ്ങള്‍ അധികമില്ലാത്തതിനാല്‍ ഇത്തരം വായ്പകള്‍ അതിവേഗം നേടാമെന്ന പ്രത്യേകതയുമുണ്ട്. പ്രോസസിംഗ് ഫീസിലും ചില ബാങ്കുകള്‍ ഇളവ് നല്‍കുന്നുണ്ട്.
Related Articles
Next Story
Videos
Share it