പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മറന്നാല്‍ കീശ കാലിയാകും

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ കൊടുക്കുന്നതിനാല്‍ ധാരാളിത്തം കാട്ടി തുടങ്ങിയതോടെ ഒരു ലോണെങ്കിലും ഇല്ലാത്തവര്‍ വിരളമാണ്. ഒട്ടുമിക്ക ആളുകള്‍ക്കും ഒന്നോ അതിലധികമോ പേഴ്‌സണല്‍ ലോണുകള്‍ ഉണ്ടാകും. എന്നാല്‍ ചിലരെങ്കിലും വായ്പയെടുത്ത് പണി വാങ്ങി കൂട്ടിയിട്ടുണ്ട്. പേഴ്‌സണല്‍ ലോണ്‍ എടുക്കും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. എന്തൊക്കെയാണെന്ന് നോക്കാം-

പലിശ നിരക്ക്

വായ്പയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം പലിശനിരക്കാണ്. ഓരോ കമ്പനിയും വ്യത്യസ്ത നിരക്കിലായിരിക്കും പലിശ ഈടാക്കുക. അതുകൊണ്ട് തന്നെ പലിശ നിരക്ക് ഏതു സ്ഥാപനമാണ് കുറഞ്ഞ നിരക്കില്‍ നല്‍കുന്നതെന്ന് കൃത്യമായി നിരീക്ഷിക്കുക. ഒന്നിലേറെ സ്ഥാപനങ്ങളുടെ നിരക്കുകള്‍ വിലയിരുത്തുന്നത് ഉചിതമായത് തിരഞ്ഞെടുക്കാന്‍ സഹായിക്കും.

ലോണ്‍ തുകയും തിരിച്ചടവും

നിങ്ങളുടെ തിരിച്ചടവ് ശേഷിയ്ക്ക് അനുസരിച്ചുള്ള വായ്പ പ്ലാനുകള്‍ നല്‍കുന്ന സ്ഥാപനങ്ങളെ കൃത്യമായി തിരിച്ചറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒട്ടുമിക്ക ലോണുകളുടെയും കാലാവധി 60 മാസം വരെയാണ്. ദൈര്‍ഘ്യമേറിയ കാലാവധി തിരഞ്ഞെടുത്താല്‍ പ്രതിമാസ അടവ് കുറവായിരിക്കും. എന്നാല്‍ കൂടുതല്‍ പലിശ അടയ്‌ക്കേണ്ടി വരും. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഏറ്റവും വേഗത്തില്‍ ലോണ്‍ തീര്‍ക്കുന്നതാണ് ഉചിതം.

ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍

പല സ്ഥാപനങ്ങളും പ്രത്യക്ഷത്തില്‍ പറയുന്ന ചാര്‍ജുകള്‍ക്കൊപ്പം മറ്റ് പല രീതിയിലും തുക ഈടാക്കും. ഇത് പലപ്പോഴും ഇടപാടുകാരെ ധരിപ്പിച്ചിട്ടുണ്ടാകില്ല. ഫലമോ, ധനനഷ്ടവും. വായ്പ രേഖകളില്‍ ഒപ്പുവയ്ക്കും മുമ്പ് ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്തുക. പ്രോസസിംഗ് ഫീ, പ്രീപെയ്‌മെന്റ് ഫീ തുടങ്ങി പല തരത്തിലുള്ള ചാര്‍ജുകള്‍ ഈടാക്കാറുണ്ട്.

ലോണ്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ഒപ്പിട്ടുവാങ്ങുന്ന കരാര്‍ വ്യവസ്ഥകള്‍ വ്യക്തമായി വായിച്ചുമനസിലാക്കണം. മനസിലാകാത്ത കാര്യങ്ങള്‍, അറിയാവുന്നവരോട് ചോദിച്ച് വ്യക്തത വരുത്തണം.

ഒന്നിലധികം വായ്പകള്‍

ഒരേസമയം ഒന്നിലധികം ബാങ്കുകളില്‍നിന്ന് വായ്പ എടുക്കരുത്. ഒന്നിലധികം വായ്പകള്‍ എടുക്കുമ്പോള്‍ തിരിച്ചടവിനെ ബാധിക്കും. അതു പിന്നീട് ബാധ്യതയായി മാറിയേക്കാം. തിരിച്ചടവ് മുടങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തിയ ശേഷമാണ് ബാങ്കുകള്‍ വായ്പ തരണമോയെന്നും പലിശ നിരക്കും തീരുമാനിക്കുക. ക്രെഡിറ്റ് സ്‌കോര്‍ മോശമാണെങ്കില്‍ ഉയര്‍ന്ന പലിശനിരക്കായിരിക്കും ബാങ്കുകള്‍ ഈടാക്കുക.

Related Articles

Next Story

Videos

Share it