ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇനി വീട്ടിലിരുന്ന് സമര്‍പ്പിക്കാം; വിവിധ മാര്‍ഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രഗവണ്‍മെന്റ്. എംപ്ലോയീ പെന്‍ഷന്‍ പദ്ധതിയിലെ എല്ലാം അംഗങ്ങള്‍ക്കും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലിരുന്ന സമര്‍പ്പിക്കാന്‍ വിവിധ ഓപ്ഷനുകളാണ് സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഇപിഎഫ്എയുടെ 130 പ്രാദേശിക ഓഫീസുകള്‍ക്കും 117 ജില്ലാ ഓഫീസുകള്‍ക്കും പുറമേ പെന്‍ഷന്‍ ലഭ്യമാക്കുന്ന ബാങ്ക് ശാഖകള്‍ വഴിയും പോസ്റ്റ് ഓഫീസ് വഴിയും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. ഇതു കൂടാതെ ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് UMANG ആപ്പ് വഴിയും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം.

അടുത്തിടെയാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്‌സ് പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വീട്ടു പടിക്കലെത്തിക്കുന്ന സേവനം ആരംഭിച്ചത്. ചെറിയൊരു ഫീസ് നല്‍കി ഇപിഎസ് പെന്‍ഷന്‍കാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

പെന്‍ഷന്‍ വിവരങ്ങള്‍ക്കൊപ്പം ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി വിരലടയാളം ചേര്‍ത്താണ് ജീവന്‍ പ്രമാണ്‍ എന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്നവര്‍ വീടിന് പുറത്ത് പോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ കീഴില്‍ തപാല്‍ വകുപ്പ് പദ്ധതി ആരംഭിച്ചത്. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് പോസ്റ്റ്മാന്‍ പെന്‍ഷനറുടെ വീട്ടിലെത്തി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുന്ന പ്രക്രിയകള്‍ പൂര്‍ത്തിയാക്കും.

നല്‍കുന്ന ദിവസം മുതല്‍ ഒരു വര്‍ഷം കാലാവധിയുണ്ടാകും.

67 ലക്ഷത്തോളം വരുന്ന ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും,

അതേസമയം കേന്ദ്ര-സംസ്ഥാന പെന്‍ഷന്‍ക്കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടിയിട്ടുണ്ട്. കേന്ദ്ര ജീവനക്കാര്‍ക്ക് ഡിസംബര്‍ 31 വരെയും സംസ്ഥാന ജീവനക്കാര്‍ക്ക് മാര്‍ച്ച് വരെയുമാണ് നീട്ടിയത്. സാധാരണ നവംബറിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. എന്നാല്‍ കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സമയം നീട്ടി നല്‍കുകയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it