Begin typing your search above and press return to search.
സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ അറിഞ്ഞിരിക്കണം, ഈ കാര്യങ്ങള്‍
ഏറ്റവും ജനകീയമായ നിക്ഷേപ മാര്‍ഗമാണ് സ്ഥിരനിക്ഷേപം. വീട് നിര്‍മാണമോ, വാഹനം വാങ്ങാനോ വിവാഹത്തിനോ ഉന്നത വിദ്യാഭ്യാസത്തിനോ എന്തിനായാലും സാധാരണക്കാരന്‍ ആദ്യം തെരഞ്ഞെടുക്കുന്ന നിക്ഷേപമാര്‍ഗം ഇതു തന്നെ. ജോലി ചെയ്യുന്നവരാകട്ടെ റിട്ടയര്‍മെന്റ് കാലത്തേക്കായുള്ള സമ്പാദ്യം കൂടുതലും സ്ഥിരനിക്ഷേപമായാണ് കരുതിവെക്കുന്നതും. എന്നാല്‍ അതില്‍ നിക്ഷേപിക്കുമ്പോഴും ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. ഇതാ അഞ്ച് കാര്യങ്ങള്‍
1. നിക്ഷേപ കാലാവധി
പലിശയുമായി നേരിട്ട് ബന്ധമുള്ള കാര്യമാണ് സ്ഥിരനിക്ഷേപത്തിന്റെ കാലാവധി. ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശ 10 വര്‍ഷത്തെ നിക്ഷേപത്തിന് ലഭിക്കും. നിങ്ങളുടെ ലക്ഷ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. വിവിധ കാലയളവുകളിലേക്ക് ഷോര്‍ട്ട് ടേം (1-3 വര്‍ഷം), മിഡ് ടേം (3-5 വര്‍ഷം), ലോംഗ് ടേം (5.10 വര്‍ഷം) നിക്ഷേപങ്ങള്‍ നടത്താം.
2. റേറ്റിംഗ്
വെറുതെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. സ്ഥാപനത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കണം. ക്രിസില്‍, കെയര്‍ തുടങ്ങിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന ചരിത്രം വിലയിരുത്തി റേറ്റിംഗ് നല്‍കാറുണ്ട്. ക്രിസില്‍ എഫ്എഎ പ്ലസ്, കെയര്‍ എ എ റേറ്റിംഗുകളാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാന്‍ ഇതിലൂടെ കഴിയും.
3. പലിശ നിരക്ക്
നിലവില്‍ 6.70 ശതമാനം വരെയാണ് സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പരമാവധി പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനം കൂടുതല്‍ പലിശ ലഭിക്കുകയും ചെയ്യും. കൂട്ടുപലിശയും സാധാരണ പലിശയും സ്ഥിര നിക്ഷേപത്തിന് ബാധകമാകാറുണ്ട്. നിശ്ചിതകാലാവധിക്ക് ശേഷം പലിശയും നിക്ഷേപിച്ച തുകയും ഒരുമിച്ച് തിരികെയെടുക്കുമ്പോഴാണ് കൂട്ടുപലിശ ലഭിക്കുക. സാധാരണ പലിശയാകുമ്പോള്‍ മാസം തോറുമോ ആറുമാസത്തിലോ വര്‍ഷത്തിലോ നിശ്ചിത പലിശ ലഭ്യമാകും. നിക്ഷേപിച്ച തുക മാത്രം കാലാവധിക്ക് ശേഷം ലഭിക്കും.
4. വായ്പാ സൗകര്യം
പെട്ടെന്ന് ഒരു ആവശ്യം വരുമ്പോഴാണ് ആളുകള്‍ വായ്പ തേടുന്നത്. നിങ്ങളുടെ പേരില്‍ സ്ഥിര നിക്ഷേപം ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കും. നിക്ഷേപിച്ച തുകയുടെ 75 ശതമാനം വരെ ഇത്തരത്തില്‍ വായ്പയായി ലഭിക്കും. സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന കൂടിയ പലിശ നിരക്കിനേക്കാള്‍ രണ്ടു ശതമാനം കൂടുതല്‍ പലിശയാകും ഇതിന് ഈടാക്കുക. സ്ഥിര നിക്ഷേപം എത്ര കാലത്തേക്കാണോ അതേ കാലയളവിനുള്ളില്‍ വായ്പ അടച്ചു തീര്‍ക്കുകയും വേണം.
5. സ്ഥാപനം തെരഞ്ഞെടുക്കുമ്പോള്‍
ക്രെഡിറ്റ് റിപ്പോര്‍ട്ടിന് പുറമേ നിങ്ങള്‍ സ്ഥിര നിക്ഷേപം നടത്തുന്ന സ്ഥാപനം നല്‍കുന്ന ഓഫറുകള്‍ താരതമ്യം ചെയ്യാം. ഓരോ സ്ഥാപനത്തിന്റെയും പ്രത്യേകതകളും മൂല്യവര്‍ധിത സേവനങ്ങളും അറിഞ്ഞിരിക്കുക.
Next Story
Videos