പലിശ നിരക്ക് ഉയർന്നിട്ടും വ്യക്തിഗത വായ്‌പയിൽ വൻ വളർച്ച

കഴിഞ്ഞ മൂന്ന് മാസങ്ങളിൽ റിസർവ് ബാങ്ക് മൂന്ന് പ്രാവശ്യമായി 1.4 % റീപോ നിരക്ക് വർധിപ്പിച്ചിട്ടും വ്യക്തിഗത വായ്‌പകൾക്ക് (personal loans) ഡിമാൻറ്റ് വർധിക്കുകയാണ്. 2022 -23 ജൂൺ പാദത്തിൽ മൊത്തം വിതരണം ചെയ്ത് തുക 1342 ശതകോടി രൂപയാണ്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 1.5 % അധികം വായ്‌പകൾ വിതരണം ചെയ്‌തു. ഇത് ഒരു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ നൽകിയിട്ടുള്ള വായ്പ്പകളിൽ ഏറ്റവും കൂടിയ തുകയാണ്.

വ്യക്തിഗത വായ്‌പകളിൽ 50 ശതമാനം ഭവന വായ്പകളും, 10-12 % വാഹന വായ്പകളുമാണ്. ക്രെഡിറ്റ് കാർഡ് വായ്‌പകൾ, കൺസ്യൂമർ ഡ്യൂറബിൾസ് വായ്‌പകൾ 4 % ശതമാനം വീതവും. ജൂൺ പാദത്തിൽ ഭവന വായ്പ് മുൻ ത്രൈ മാസത്തെ അപേക്ഷിച്ച് 565 ശതകോടി രൂപ വർധിച്ചു. മൊത്തം വാഹന വായ്‌പ കുടിശ്ശിക ജൂണിൽ 93 ശതകോടി രൂപ ഉയർന്നു. ബാങ്കുകൾ വാഹന വായ്‌പ നൽകുന്നതിൽ 75 % വരെ പാസ്സഞ്ചർ വാഹനങ്ങൾക്കും ബാക്കി വാണിജ്യ വാഹനങ്ങൾ വാങ്ങാനുമാണ്.

ക്രെഡിറ്റ് കാർഡ് വായ്‌പ കുടിശ്ശിക ജൂൺ പാദത്തിൽ 51.4 ശതകോടി രൂപയുടെ വർധനവ് രേഖപ്പെടുത്തി, കൺസ്യൂമർ ഡ്യൂറബിൾസ് വായ്‌പകൾ 28.5 ശതകോടി രൂപ വർധിച്ചു

പണപ്പെരുപ്പവും, വരുന്ന ഉത്സവ കാലവും വ്യക്തിഗത വായ്‌പകളുടെ ഡിമാൻറ്റ് വർധിപ്പിക്കും. കൺസ്യൂമർ ഡ്യൂറബിൾസ് (ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയവ) ഉൽപ്പന്നങ്ങൾ വാങ്ങാനും , യാത്രകളും, ആഘോഷങ്ങൾക്കും ഉപഭോക്താക്കൾ വ്യക്തിഗത വായ്പകളെ കൂടുതലായി ആശ്രയിക്കും.

ജൂലൈ 31 ന് പ്രമുഖ വാണിജ്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് പ്രധാന പലിശ നിരക്ക് (prime lending rate) 0.25 % വർധിപ്പിച്ച് 8.8 ശതമാനമാക്കി. ആഗസ്ത് 5 ന് 0.50 % റീപോ നിരക്ക് വർധിപ്പിച്ചതോടെ ഇനിയും പലിശ നിരക്ക് ഉയരും.

കാർഷിക മേഖലയിൽ വരുമാനം മെച്ചപെടുകയാണെങ്കിൽ ഉത്സവ സീസണിൽ കൂടുതൽ കൺസ്യമെർ ഡ്യൂറബിൾസ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടും. ഇത് വ്യക്തിഗത വായ്‌പ ഡിമാൻറ്റ് വർധിക്കാനും കാരണമാകും. വാഹന ലഭ്യത കൂടിയ സാഹചര്യത്തിൽ വാഹന വായ്‌പകളിലും വർധനവ് പ്രതീക്ഷിക്കുന്നു. പലിശ നിരക്ക് വർധനവ് വ്യക്തിഗത വായ്‌പ ഡിമാൻറ്റിൽ കുറവ് വരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.


Related Articles

Next Story

Videos

Share it