Begin typing your search above and press return to search.
യുപിഐ വഴിയും തട്ടിപ്പുകള്‍; പണം കൈമാറ്റം ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ അറിയണം
ഫോണ്‍ നമ്പര്‍ മാത്രം, അഥവാ ഗൂഗ്ള്‍ ഐഡിയും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ഗൂഗ്ള്‍ പേ, ഫോണ്‍പേ തുടങ്ങി എളുപ്പത്തിലുള്ള യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ ഫെയ്‌സ് (യുപിഐ) രീതികളില്‍ തട്ടിപ്പുകള്‍ കൂടുന്നു.
അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‌സി കോഡോ നല്‍കാതെ എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ കഴിയുന്നുവെങ്കിലും ഈ സംവിധാനത്തിലെ ചില കുടുക്കുകള്‍ ഉപയോഗപ്പെടുത്തി സൈബര്‍ തട്ടിപ്പുകാരും പിന്നാലെയുണ്ട്.
ഇന്ത്യയുടെ വിവധ ഭാഗത്തു നിന്നുള്ള സൈബര്‍ഡോമുകളുടെ അന്വേഷണത്തിലാണു തട്ടിപ്പിന്റെ കഥകള്‍ പുറത്തുവരുന്നത്. തട്ടിപ്പുകാരന്റെ ഫോണിലുള്ള യുപിഐ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇരയുടെ ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു പണം പിന്‍വലിക്കാന്‍ വരെ കഴിയും.
തട്ടിപ്പിന്റെ മാര്‍ഗങ്ങള്‍ അറിയാം
1. തട്ടിപ്പുകാരന്‍ തന്റെ ഫോണില്‍ യുപിഐ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ബാങ്ക് അക്കൗണ്ടുമായി യുപിഐ അക്കൗണ്ട് ബന്ധിപ്പിക്കാന്‍ ആപ്പില്‍നിന്ന് ഒരു എന്‍ക്രിപ്റ്റഡ് എസ്എംഎസ് യുപിഐ സെര്‍വറിലേക്കു പോകാറുണ്ട്. തട്ടിപ്പുകാരന്‍ അക്കൗണ്ട് ബാലന്‍സ് ഇല്ലാത്ത ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ ഈ എസ്എംഎസ് അയാളുടെ ഔട്ട്‌ബോക്‌സില്‍ തന്നെ കിടക്കും. ചിലപ്പോള്‍ നമ്പര്‍ വ്യക്തമല്ലാത്ത വാട്‌സാപ്പ് കോളുകളും ഇതിന് ഉപയോഗിക്കാനിടയുണ്ട്.
2. ഡെബിറ്റ് കാര്‍ഡ് പുതുക്കാന്‍ ബാങ്കില്‍നിന്നെന്ന മട്ടില്‍ മറ്റൊരു ഫോണില്‍നിന്ന് ഇരയെ വിളിക്കുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഒരു എസ്എംഎസ് എത്തുമെന്നറിയിപ്പ്.
3. കുറ്റവാളിയുടെ ഔട്ട്‌ബോക്‌സില്‍ കിടക്കുന്ന എന്‍ക്രിപ്റ്റഡ് എസ്എംഎസ് ഇരയ്ക്കു ഫോര്‍വേഡ് ചെയ്യുന്നു. അത് ബാങ്കിന്റെ കസ്റ്റമര്‍ കെയറിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടൊരു നമ്പര്‍ നല്‍കുന്നു.
4. കസ്റ്റമര്‍ കെയറെന്ന പേരിലെത്തുന്നതു ബാങ്ക് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിക്കാനുള്ള നമ്പര്‍. എസ്എംഎസില്‍ അടങ്ങിയിരിക്കുന്നത് തട്ടിപ്പുകാരന്റെ ഫോണിലെ യുപിഐ അക്കൗണ്ട് വിവരങ്ങള്‍.
5. എസ്എംഎസ് യുപിഐ സെര്‍വറിനു ലഭിച്ചിരിക്കുന്നത് ഇരയുടെ നമ്പറില്‍ നിന്നായതിനാല്‍ അതിലെ അക്കൗണ്ട് നമ്പര്‍ തട്ടിപ്പുകാരന്റെ യുപിഐ അക്കൗണ്ടുമായി ചേരുന്നു.
6. ഇതോടെ തട്ടിപ്പുകാരനു പണം അയയ്ക്കാനും വാങ്ങാനും ഒടിപി പോലും ആവശ്യമില്ല. തട്ടിപ്പുകാരന്‍ ക്രമീകരിക്കുന്ന എംപിന്‍ (MPIN) എന്ന പാസ്‌വേഡ് മാത്രം മതിയാകും.
തട്ടിപ്പുകള്‍ക്കിരയാവാതിരിക്കാന്‍ ഉപയോക്താവ് ചെയ്യേണ്ട കാര്യങ്ങള്‍:
- കാര്‍ഡ് വഴിയുള്ള തട്ടിപ്പ് അല്ലാത്തതിനാല്‍ തട്ടിപ്പിനിരയായാല്‍ ബാങ്ക് അക്കൗണ്ട് തന്നെ ബ്ലോക്ക് ചെയ്യുക
- എസ് എം എസുകളായി എത്തുന്ന വിവരങ്ങള്‍ ചോദിച്ചു ബാങ്കില്‍ നിന്നാരും വിളിക്കില്ലെന്ന് ഓര്‍മിക്കുക
- ഒടിപി, രഹസ്യകോഡുകള്‍ എന്നിവ പങ്കുവയ്ക്കരുത്
- ആവശ്യമില്ലാത്ത നമ്പറുകള്‍ വാട്‌സാപ്പില്‍ തടയുക.
- അറിയാത്ത നമ്പറില്‍ നിന്നും എംപിന്‍, പാസ്‌വേഡുകള്‍, ഒടിപി തുടങ്ങിയവ ആവശ്യപ്പെട്ടാല്‍ ബാങ്കിനെ അറിയിക്കുക.
- അനാവശ്യ എസ്എംഎസ് ലിങ്കുകള്‍ തുറക്കരുത്.
- ബാങ്കിംഗ്, യുപിഐ ഇടപാടുള്ള ഫോണുകളില്‍ ഗെയിമിംഗ് ആപ്പുകള്‍ ഒഴിവാക്കുക.
Next Story
Videos