റിട്ടയര്‍മെന്റ് പ്ലാനിംഗ് നേരത്തേ തുടങ്ങാം, ആനന്ദത്തോടെയിരിക്കാം

റിട്ടയര്‍മെന്റ് കാലത്തേക്ക് നേരത്തെ നിക്ഷേപിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ പലരും അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോള്‍ തന്നെ കാലം ഒരുപാടു കഴിഞ്ഞുപോയിട്ടുണ്ടാകും. പിന്നെയാവട്ടെ എന്നു ചിന്തിക്കുന്നതും നല്ലൊരു മാര്‍ഗം കണ്ടെത്താനാകാത്തതുമാണ്

പലപ്പോഴും റിട്ടയര്‍മെന്റ് പ്ലാനിംഗിന് തടസം നില്‍ക്കുന്നത്. കൃത്യമായ പ്ലാനിംഗോടെ മുന്നോട്ടു പോകുന്നവര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച കാലമാക്കി റിട്ടയര്‍മെന്റ് ജീവിതത്തെ മാറ്റാനാകും. റിട്ടയര്‍മെന്റ് പ്ലാനിംഗിനെ കുറിച്ച് മനസിലാക്കി മുന്നോട്ടുപോവുകയാണ് ഇതിന് ആദ്യം വേണ്ടത്.

എപ്പോള്‍ തുടങ്ങണം?

കരിയറിന്റെ തുടക്കത്തില്‍ തന്നെ, അതായത് സ്വന്തമായി വരുമാനമുണ്ടാക്കിത്തുടങ്ങുമ്പോള്‍ മുതല്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് ചെയ്തുതുടങ്ങണം. 25 വയസില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാളുടെ ചിന്ത വിരമിക്കാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ മുന്നിലുണ്ടെന്നാവും. എന്നാല്‍ മുന്നോട്ടു പോകുന്തോറും വിവാഹം, കുട്ടികള്‍, വീട്‌വയ്ക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, അച്ഛനമ്മമാരുടെ പരിചരണം അങ്ങനെ ആവശ്യങ്ങളുടെ പട്ടിക നീണ്ടുകൊണ്ടിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ റിട്ടയര്‍മെന്റിലേക്ക് സമ്പാദിക്കണമെങ്കില്‍ നേരത്തെ നിക്ഷേപം തുടങ്ങുക മാത്രമാണ് വഴി. ഓര്‍ക്കുക കരിയറിന്റെ തുടക്കത്തിലാണ് പെന്‍ഷന്‍ പദ്ധതിയിലേക്ക് നിക്ഷേപിച്ചു തുടങ്ങുന്നതെങ്കില്‍ ചെറിയ തുക നീക്കിവച്ചാല്‍ മതിയാകും.

എത്ര തുക നിക്ഷേപിക്കണം?

ഭാവി ചെലവ് നേരിടാന്‍ വേണ്ട തുകയെത്രയെന്ന് കണ്ടുപിടിക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ''ജീവിതച്ചെലവ് ഓരോ ദിവസവും കൂടുകയാണ്. യാത്രാ ചെലവ്, ലൈഫ് സ്റ്റൈലില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒക്കെ കണക്കിലെടുക്കണം. പണപ്പെരുപ്പം ഓരോ വര്‍ഷവും ചെലവ് ഉയര്‍ത്തിക്കൊണ്ടേയിരിക്കും. മെഡിക്കല്‍ ഇന്‍ഫ്‌ളേഷന്‍, എജ്യുക്കേഷന്‍ ഇന്‍ഫ്‌ളേഷന്‍ എന്നിവയിലാണെങ്കില്‍ മൂന്നിരട്ടിയാണ് വര്‍ധന. ഇതെല്ലാം കണക്കിലെടുത്ത് നിക്ഷേപം പ്ലാന്‍ ചെയ്താല്‍ മാത്രമേ കാര്യമുള്ളൂ.'' ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി ചീഫ് വിജയാനന്ദപ്രഭു പറയുന്നു.

മൊത്തം വരുമാനത്തിന്റെ 20 ശതമാനമാണ് ഓരോരുത്തരും സമ്പാദ്യത്തിനായി നീക്കി വയ്‌ക്കേണ്ടതെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. അതില്‍ 8-10 ശതമാനം റിട്ടയര്‍മെന്റ് വരുമാനം നേടാന്‍ വേണ്ടി ആയിരിക്കണം. വര്‍ഷം ആറു ശതമാനം പണപ്പെരുപ്പം കണക്കിലെടുത്ത് നിക്ഷേപിച്ചു തുടങ്ങാം.

എവിടെ നിക്ഷേപിക്കണം?

റിട്ടയര്‍മെന്റ് ലക്ഷ്യത്തോടെ തന്നെ നിക്ഷേപിക്കാവുന്ന ധാരാളം പദ്ധതികളുണ്ട്. ഓരോരുത്തരുടെയും പ്രായം, ജീവിതസാഹചര്യം, ആവശ്യങ്ങള്‍ എന്നിവ മനസിലാക്കി അനുയോജ്യമായത് തെരഞ്ഞെടുക്കുക മാത്രമാണ് വേണ്ടത്. നികുതി ബാധ്യതയുള്ളവര്‍ അതും കൂടി കണക്കിലെടുത്തുകൊണ്ടു വേണം പ്ലാന്‍ ചെയ്യാന്‍.

ചെലവ് എങ്ങനെ കണ്ടെത്താം?

റിട്ടയര്‍മെന്റ് പ്ലാനിംഗിലെ മൂന്നു പ്രധാന കണക്കു കൂട്ടലുകള്‍ ഇവയാണ്.

സ്റ്റെപ്പ് 1: ഇന്നത്തെ പ്രതിമാസ ചെലവ് റിട്ടയര്‍ ചെയ്യുന്ന മാസത്തില്‍ എത്രയായിരിക്കും എന്നു കണ്ടുപിടിക്കുക.

സ്റ്റെപ്പ് 2: റിട്ടയര്‍ ആകുമ്പോള്‍ പ്രതിമാസം വേണ്ടി വരുന്ന ചെലവിനുള്ള തുക തുടര്‍ന്നുള്ള പണപ്പെരുപ്പം സഹിതം റിട്ടയര്‍ ആകുന്ന വര്‍ഷം മൊത്തമായി എത്ര വേണ്ടി വരുമെന്ന് കണക്കാക്കുക. 60 വയസാകുമ്പോള്‍ റിട്ടയര്‍ ആയി 80 വയസുവരെ ജീവിക്കണമെങ്കില്‍ ആ 20 വര്‍ഷക്കാലം ചെലവാക്കാനുള്ള തുക 60-ാം വയസില്‍ തന്നെ സ്വരൂപിക്കണം.

സ്റ്റെപ്പ് 3: ഈ വലിയ തുക കണ്ടെത്താനായി ഇന്നു മുതല്‍ റിട്ടയര്‍ ആകുന്നതു വരെ എത്ര പ്രതിമാസ നിക്ഷേപം വേണ്ടി വരുമെന്ന് കണക്കാക്കുക.

ഉദാഹരണത്തിന്, ഇപ്പോള്‍ 30 വയസുള്ള ഒരാള്‍ക്ക് ജീവിക്കാന്‍ പ്രതിമാസം 20,000 രൂപ വേണ്ടി വരുന്നുണ്ടെങ്കില്‍ ഇയാള്‍ക്ക് 60 വയസാകുമ്പോഴേക്കും ഈ തുക 6 ശതമാനം പണപ്പെരുപ്പം വച്ച് അന്നത്തെ മാസചെലവ് 1.14 ലക്ഷം ആയിരിക്കും. 60 വയസിനു ശേഷം 80 വയസുവരെ തുടര്‍ന്നുള്ള പണപ്പെരുപ്പത്തോടു കൂടി 20 വര്‍ഷക്കാലം ജീവിക്കാന്‍ 60-ാം വയസില്‍ ഇയാളുടെ കൈയില്‍ 2.27 കോടി രൂപ വേണ്ടി വരും (രണ്ടു ശതമാനം റിയല്‍ റിട്ടേണില്‍ നിക്ഷേപിച്ചാല്‍). ഈ തുകയിലെത്താന്‍ 10 ശതമാനം റിട്ടേണ്‍ കിട്ടുന്ന ഒരു നിക്ഷേപത്തില്‍ പ്രതിമാസം 10,000 രൂപ അടുത്ത

30 വര്‍ഷത്തേക്ക് നിക്ഷേപിക്കേണ്ടി വരും.

പരിഗണിക്കാന്‍ ചില മാര്‍ഗങ്ങള്‍

പിപിഎഫ് ഏറ്റവും ജനപ്രിയമായൊരു നിക്ഷേപ മാര്‍ഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. കുറഞ്ഞത് 500 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാനാകും. 15 വര്‍ഷം കാലാവധിയുള്ള ഈ നിക്ഷേപത്തിന്റെ ഇപ്പോഴത്തെ പലിശ നിരക്ക് 7.6 ശതമാനമാണ്.

എസ്‌ഐപി

ഒരുമിച്ച് വലിയ തുക നിക്ഷേപിക്കാനില്ലാത്തവര്‍ക്കും ദീര്‍ഘകാലത്തില്‍ വലിയ തുക ലക്ഷ്യമിടുന്നവര്‍ക്കും അനുയോജ്യമായൊരു മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. 500 രൂപ മുതല്‍ മാസംതോറും നിക്ഷേപം നടത്താവുന്ന മ്യൂച്വല്‍ഫണ്ട് പദ്ധതികളുണ്ട്. ആവറേജിങ്ങും കോമ്പൗണ്ടിങ്ങുമാണ് എസ്‌ഐപികളുടെ ശക്തി. വിലക്കയറ്റത്തിലും ഇറക്കത്തിലും ഓഹരികള്‍ വാങ്ങുന്നതിനാല്‍ നഷ്ടം ലഘൂകരിക്കപ്പെടും.

എന്‍പിഎസ്

എല്ലാ പൗരന്മാര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്). 60 വയസിനു ശേഷം പെന്‍ഷന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പദ്ധതിയില്‍ ചേരാം. ഓഹരിയിലും ഡെറ്റിലുമൊക്കെയായിട്ടാണ് എന്‍പിഎസിലെ നിക്ഷേപം. നിക്ഷേപ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകനു തന്നെ തയാറാക്കുകയോ എല്ലെങ്കില്‍ എന്‍പിഎസ് തയാറാക്കുകയോ ചെയ്യും.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍

ചെറുനിക്ഷേപങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് സഹായകമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. സേവിംഗ്‌സ് എക്കൗണ്ട്, റെക്കറിംഗ് ഡിപ്പോസിറ്റ്, ടൈം ഡിപ്പോസിറ്റ്, മന്ത്‌ലി ഇന്‍കം സ്‌കീം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പ്രൊവിഡന്റ് ഫണ്ട് എക്കൗണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി എക്കൗണ്ട് എന്നിങ്ങനെ ഒന്‍പത് ചെറു നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിനുള്ളത്.

റിവേഴ്‌സ് മോര്‍ട്‌ഗേജ്

വയസായ ആളുകള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു മാര്‍ഗമാണ് റിവേഴ്‌സ് മോര്‍ട്‌ഗേജ്. അതായത് സ്വന്തമായി വീടുള്ളവര്‍ക്ക് അത് ബാങ്കില്‍ പണയം വച്ച് മാസാമാസം നിശ്ചിത തുക വായ്പയായി നേടാനാകും. ഉടമയുടെ കാലശേഷം അത് മക്കള്‍ക്ക് പലിശയും മുതലും തിരിച്ചടച്ച് സ്വന്തമാക്കാം.

Related Articles

Next Story

Videos

Share it