പ്രീ അപ്രൂവ്ഡ് വായ്പകള്‍: ശ്രദ്ധിക്കാനുണ്ട് ഏറെ കാര്യങ്ങള്‍
സര്‍ക്കാര്‍ ജീവനക്കാരനായ അഭിലാഷിന് പണത്തിന് അത്യാവശ്യമായിരിക്കു മ്പോഴാണ് മൊബീലില്‍ ബാങ്കിന്റെ സന്ദേശം വന്നത്. നിങ്ങള്‍ക്ക് 1.25 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ അനുവദിക്കപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏതാനും നടപടിക്രമങ്ങളിലൂടെ ഓണ്‍ലൈനായി തന്നെ അത് നേടാം. ബാങ്കിന്റെ സൈറ്റില്‍ കടന്ന് ഒരു വണ്‍ ടൈം പാസ്‌വേര്‍ഡ് നല്‍കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു മിനുട്ടിനുള്ളില്‍ 1.25 ലക്ഷം രൂപ അദ്ദേഹത്തിന്റെ എക്കൗണ്ടിലെത്തി. ഏതു വായ്പയും കൃത്യമായി തിരിച്ചടയ്ക്കാറുള്ള അദ്ദേഹത്തിന് രണ്ടു തവണ ഇത്തരത്തില്‍ വായ്പ ലഭ്യമായി. കൂടാതെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ഇന്‍സ്റ്റാ ലോണായി 1.5 ലക്ഷം രൂപ വേറെയും.
പണ്ടത്തെ പോലെ വായ്പകള്‍ക്കായി ബാങ്കുകള്‍ കയറിയിറങ്ങേണ്ട കാലം അസ്തമിച്ചു. നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ ബാങ്കുകള്‍ വായ്പയുമായി നിങ്ങള്‍ക്കരികിലേക്ക് വരുകയാണിപ്പോള്‍. വ്യക്തിഗത വായ്പകള്‍ മാത്രമല്ല വാഹന വായ്പയും ഭവന വായ്പയുമെല്ലാം ഇങ്ങനെ വളരെ എളുപ്പത്തില്‍ നേടാനുള്ള അവസരം ഉപയോക്താക്കള്‍ക്കുണ്ട്.
ആര്‍ക്ക് ലഭിക്കും?
പണ്ടത്തെ പോലെ രേഖകളുമായി ബാങ്കുകള്‍ കയറിയിറങ്ങേണ്ടതില്ല എന്നതാണ് പ്രീ അപ്രൂവ്ഡ് വായ്പകളുടെ ഏറ്റവും വലിയ ഗുണം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ആണ് ബാങ്കുകള്‍ പ്രധാനമായും നോക്കുന്നത്. സിബില്‍ അടക്കം നിരവധി കമ്പനികള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ തയാറാക്കി ബാങ്കുകള്‍ക്ക് നല്‍കും. കൂടാതെ നിങ്ങളുടെ മാസവരുമാനം, ഇതിനു മുമ്പുള്ള വായ്പകള്‍ ഏതു രീതിയില്‍ തിരിച്ചടച്ചു, നിങ്ങളുടെ സാമ്പത്തിക അച്ചടക്കം എന്നിവയെല്ലാം ബാങ്കുകള്‍ പരിഗണിക്കും. വ്യക്തിഗത വായ്പകളാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ചാണ് എത്ര അനുവദിക്കണമെന്ന് ബാങ്ക് നിശ്ചയിക്കുന്നത്. നിങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി തുക ബാങ്ക് പറയും. അതിനു താഴെയുള്ള ഏത് തുകയും വായ്പയെടുക്കാം. വാഹന വായ്പ 15 ലക്ഷം രൂപ വരെയും ഭവന വായ്പ 70 ലക്ഷം രൂപയുമൊക്കെ ഇത്തരത്തില്‍ അനുവദിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കുന്ന ഒരാള്‍ക്ക് വളരെ വേഗത്തില്‍ ബാങ്കില്‍ പോലും പോകാതെ വായ്പ ലഭ്യമാകുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു കാര്യം.
പലിശ നിരക്ക് ഉയര്‍ന്നതോ?
ഇവിടെയും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ തന്നെയാണ് മാനദണ്ഡമാകുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ 10 ശതമാനം വരെ പലിശയ്ക്ക് വ്യക്തിഗത വായ്പ ലഭിക്കും. അത് 15 ശതമാനം വരെയായി ഉയരാം. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നതിനനുസരിച്ച് പലിശ നിരക്കില്‍ അപ്പപ്പോള്‍ മാറ്റം വരാം. അതുകൊണ്ട് പലിശ നിരക്ക് ശ്രദ്ധിച്ചതിനു ശേഷം കുറഞ്ഞ ഓഫര്‍ വരുമ്പോള്‍ സ്വീകരിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ പ്രീ അപ്രൂവ്ഡ് വായ്പ നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ക്രെഡിറ്റ് സ്‌കോര്‍ തന്നെയാണ്. വായ്പ തിരിച്ചടവ് മുടക്കുന്നത് അത് ഒരു തവണയാണെങ്കില്‍ പോലും വലിയ നഷ്ടം ഉണ്ടാക്കും. മാത്രമല്ല, പലിശ തീരുമാനിക്കുന്നതും ക്രെഡിറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണല്ലോ.
ഭവന വായ്പയുടെ കാര്യത്തില്‍ മുമ്പേ തന്നെ എത്ര രൂപ കിട്ടും, അത് ഏതിനൊക്കെ എന്ന് അറിഞ്ഞിരിക്കണം. പ്രീ അപ്രൂവ്ഡ് വായ്പ കിട്ടി എന്നതിന്റെ പേരില്‍ മാത്രം വസ്തു വാങ്ങിച്ചിടാന്‍ ശ്രമിക്കരുത്. ബാങ്ക് വസ്തു വാങ്ങാന്‍ പണം നല്‍കുമോ എന്ന് അറിഞ്ഞിരിക്കണം.
ഏതൊരു പ്രീ അപ്രൂവ്ഡ് വായ്പയായാലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പലിശ, കാലാവധി, പിഴപ്പലിശ, പ്രീ ക്ലോഷര്‍ ചാര്‍ജ് ഉണ്ടോ, ഡോക്യുമെന്റേഷന്‍ ചാര്‍ജ്, പ്രോസസിംഗ് ചാര്‍ജ്, മാസ തവണ എത്രയാണ്, മാസതവണ മുടങ്ങിയാല്‍ ലേറ്റ് ഫീ എത്രയാണ് എന്നിവയൊക്കെ മുമ്പേ തന്നെ അറിഞ്ഞിരിക്കണം.
എവിടെ നിന്നാണ് വായ്പയെടുക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമെന്ന് യൂണിയന്‍ ബാങ്കിലെ സീനിയര്‍ മാനേജര്‍ (ടെക്‌നിക്കല്‍) വി.കെ ആദര്‍ശ് ചൂണ്ടിക്കാട്ടുന്നു. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ഫിന്‍ടെക് കമ്പനികള്‍ എന്നിവയൊക്കെ വായ്പ നല്‍കുന്നുണ്ട്. ബാങ്കുകളായിരിക്കും പൊതുവെ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുന്നത്. മാത്രമല്ല, യുപിഐ മാന്‍ഡേറ്റ് എന്ന പേരില്‍ ക്രെഡിറ്റ് കാര്‍ഡിന് സമാനമായ സേവനങ്ങളും ഇത്തരം കമ്പനികള്‍ നല്‍കി തുടങ്ങുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഏറെ പ്രയോജനപ്രദമാണ് പ്രീ അപ്രൂവ്ഡ് വായ്പകള്‍. എന്നാല്‍ കെണിയിലകപ്പെടാതെ മികച്ചത് നേടിയെടുക്കുക എന്നതാണ് ഉപയോക്താവ് ചെയ്യേണ്ടത്.
ഈ വായ്പയും ഉറപ്പല്ല
പ്രീ അപ്രൂവ്ഡ് വായ്പ എന്നാണ് പേരെങ്കിലും അത് പൂര്‍ണമായും ലഭിക്കുമെന്ന് യാതൊരു ഉറപ്പും ബാങ്കുകള്‍ നല്‍കുന്നില്ല. തത്വത്തില്‍ അംഗീകാരമായി എന്നു മാത്രം. ഭവന വായ്പകളുടെ കാര്യത്തില്‍ രേഖകളുടെ പരിശോധനയ്ക്ക് മുമ്പുള്ള കാര്യങ്ങള്‍ക്ക് അംഗീകാരമായി എന്നു മാത്രമാണ് അര്‍ത്ഥം. അതായത് രേഖകള്‍ പരിശോധിച്ച ശേഷം ബാങ്ക് തൃപ്തരല്ലെങ്കില്‍ ചിലപ്പോള്‍ വായ്പ ലഭിക്കാതെയും വരാം. ഭവന വായ്പയില്‍ നിങ്ങള്‍ക്ക് ഓഫര്‍ ചെയ്ത അത്രയും തുക ലഭിക്കണമെന്നില്ല. വെരിഫിക്കേഷനും പ്രോപ്പര്‍ട്ടി അസസ്‌മെന്റും പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ എത്ര തുക അനുവദിക്കൂ എന്ന് അറിയാനാകൂ. ഇതിനായി വസ്തുവിന്റെ രേഖകള്‍, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, നികുതി രശീത് എന്നിവ സമര്‍പ്പിക്കേണ്ടി വരും. അതേസമയം വ്യക്തിഗത വായ്പകളുടെ കാര്യത്തില്‍ ഇലക്ട്രോണിക് കണ്‍സന്റ് മാത്രമേ ആവശ്യമായി വരുന്നുള്ളൂ.