ഫിക്‌സഡ് മച്യൂരിറ്റി പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നത് ഗുണകരമോ?
സാമ്പത്തിക വര്‍ഷാവസാനം നികുതിയിളവ് നേടാനുള്ള തിടുക്കത്തില്‍ പലരും മോശമായ തീരുമാനങ്ങളെടുത്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരും തെരഞ്ഞെടുക്കാറുള്ള ഉല്‍പ്പന്നമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്ന ഫിക്‌സഡ് മച്യൂരിറ്റി പ്ലാനുകള്‍. സാമ്പത്തിക വര്‍ഷാവസാനത്തില്‍ കമ്പനികള്‍ ധാരാളമായി എഫ്എംപികള്‍ പുറത്തിറക്കാറുണ്ട്. 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസം കൊണ്ട് ഏകദേശം 90 എഫ്എംപികളാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. 2017 ഡിസംബറില്‍ അവസാനിച്ച ഒന്‍പത് മാസങ്ങള്‍ കൊണ്ട് 126 പദ്ധതികള്‍ മാത്രമാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഇത് മികച്ച സമ്പാദ്യം തന്നെയാണോ? വലിയ തുക എഫ്എംപിയില്‍ നിക്ഷേപിക്കുന്ന കോര്‍പ്പറേറ്റുകളെയും മറ്റു സ്ഥാപനങ്ങളെയും അപേക്ഷിച്ച് ചെറുകിട നിക്ഷേപകരുടെ ആസ്തി അടിസ്ഥാനം കുറവായിരിക്കും. എങ്കിലും കുറഞ്ഞ നഷ്ട സാധ്യതയുള്ള, ഉയര്‍ന്ന വരുമാനം ഉറപ്പു തരുന്ന സ്ഥിര നിക്ഷേപം എന്നു തെറ്റിദ്ധരിപ്പിച്ച് റിലേഷന്‍ഷിപ്പ് മാനേജര്‍മാരും ഡിസ്ട്രിബ്യൂട്ടേഴ്‌സും റീറ്റെയ്ല്‍ നിക്ഷേപകരെ കെണിയിലാക്കുന്നു. എങ്കില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ എഫ്എംപികള്‍?
ക്ലോസ് എന്‍ഡഡ് ഡെബ്റ്റ് ഓറിയന്റഡ് സ്‌കീം ആണ് എഫ്എംപി. താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ, പലിശയുള്ള കടപ്പത്രങ്ങളാണെന്ന്
ചുരുക്കം.
എഫ്എംപികള്‍ക്ക് ചുരുങ്ങിയത് മൂന്നു മുതല്‍ 3.5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട്. എഫ്എംപികള്‍ പ്രഖ്യാപിക്കപ്പെടുന്ന ആഴ്ചകളില്‍ ലംപ്‌സം ആയി നിക്ഷേപിക്കാനാകും. നേരത്തെ പറഞ്ഞ കാലാവധി പൂര്‍ത്തിയായാല്‍ മാത്രമേ അതില്‍ നിന്നുള്ള നേട്ടം ലഭിക്കുകയുള്ളൂ. നേരത്തെ വിറ്റഴിക്കുകയാണെങ്കില്‍ ഓഹരി എക്‌സ്‌ചേഞ്ചുകള്‍ വഴി മാത്രം സാധ്യമാകും. ഇത് ശരിയായ രീതിയല്ല.
അപ്പോള്‍ എന്താണ് സാമ്പത്തിക വര്‍ഷാവസാനം എഫ്എംപികള്‍ക്കുണ്ടാകുന്ന ജനകീയതയ്ക്ക് കാരണം? സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പലിശ നിരക്കില്‍ ടാക്‌സ് ഫ്രീ ആയ വരുമാനം മൂന്നു വര്‍ഷത്തെ നിക്ഷേപം കൊണ്ട് ലഭിക്കുന്നുവെന്നതാണത്. ഡെറ്റ് സ്‌കീമുകളിലെ ദീര്‍ഘകാല നിക്ഷേപത്തിനുള്ള ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ് ഉപയോഗപ്പെടുത്തിയാണ് ഈ നേട്ടം ലഭ്യമാക്കുന്നത്. സാധാരണ ഡെറ്റ് നിക്ഷേപങ്ങളിലെ നികുതി നിരക്കുകള്‍ ഇങ്ങനെയാണ്;
1. ഹ്രസ്വകാല മൂലധന നേട്ടം (മൂന്നു വര്‍ഷത്തില്‍ കുറവ് കാലയളവിന്):
ഇത്തരത്തിലുള്ള മൂച്വല്‍ ഫണ്ട് യൂണിറ്റുകളില്‍ നിന്നുള്ള വരുമാനത്തിന് കുറഞ്ഞ സ്ലാബ് റേറ്റ്.
2. ദീര്‍ഘകാല മൂലധന നേട്ടം (മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ):
ഇത്തരത്തിലുള്ള മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളില്‍ നിന്നുള്ള വരുമാനത്തിന് ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റോടെ 20 ശതമാനം നികുതി നല്‍കണം.
സമ്പദ്‌രംഗത്തെ പണപ്പെരുപ്പ നിരക്കിനനുസരിച്ച് എഫ്എംപികളുടെ വാങ്ങിയ വില വര്‍ധിപ്പിച്ച് കാണിക്കാന്‍ അവസരമുണ്ട്. അതുകൊണ്ട്, മൂന്നു വര്‍ഷത്തിനു ശേഷം ഉയര്‍ന്ന മൂല്യം കണക്കാക്കി വില്‍ക്കുമ്പോള്‍ പോലും നികുതി വിധേയമായ വരുമാനം (അതായത് വിറ്റവിലയില്‍ നിന്ന് വാങ്ങിയ വില കുറച്ചുള്ള തുക) കുറച്ചു കാണിക്കാനാകുകയും നികുതി ലാഭിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യുന്നു.
സാമ്പത്തിക വര്‍ഷാടിസ്ഥാനത്തിലാണ് ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ് കണക്കാക്കുക. മാര്‍ച്ച് 2018 ല്‍ നിങ്ങള്‍ ഒരു എഫ്എംപി വാങ്ങുകയും 2021 ഏപ്രിലില്‍ വില്‍ക്കുകയും ചെയ്യുന്നുവെന്ന് കരുതുക. മൂന്ന് വര്‍ഷവും ഒരു മാസവുമാണ് നിങ്ങള്‍ എഫ്എംപി കൈവശം വെക്കുന്നത്. ബെനഫിറ്റ് കണക്കാക്കുന്ന രീതി പ്രകാരം നിങ്ങള്‍ക്ക് നാലു വര്‍ഷത്തെ ആനുകൂല്യം ലഭിക്കുന്നു. ഇതോടെ ചിലപ്പോള്‍ നിങ്ങളുടെ മൂലധന നേട്ടം നികുതി നല്‍കേണ്ടതില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. യഥാര്‍ത്ഥത്തിലുള്ള മൂലധന നേട്ടം കൂടുതലായിരിക്കുമെങ്കിലും ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ് ലഭിക്കുന്നതിനാല്‍ നികുതി നല്‍കേണ്ട ബാധ്യത വരുന്നില്ലെന്നതാണ് കാരണം. ഇതാണ് എഫ്എംപിയുടെ ജനപ്രിയതയ്ക്ക് കാരണം.
എന്നാല്‍ എഫ്എംപികളിലെ നിക്ഷേപം അത്ര നഷ്ടസാധ്യത കുറഞ്ഞതല്ല, മാത്രമല്ല നിക്ഷേപകന്‍ ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ അതില്‍ ഉണ്ടുതാനും. നികുതി ലാഭിക്കാനായി ഒരു ലോക്ക്ഡ് ഇന്‍ ഉല്‍പ്പന്നം തന്നെ തെരഞ്ഞെടുക്കേണ്ട കാര്യം ഇല്ലെന്നതാണ് മറ്റൊരു സത്യം. എംഫ്എംപികള്‍ക്ക് മാത്രമല്ല ഏതൊരു ഡെറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമിനും ഈ ആനുകൂല്യം ലഭിക്കുകയും ചെയ്യും. എഫ്എംപികള്‍ക്ക് സമാനമായ നേട്ടം ഇതില്‍ നിന്ന് ലഭിക്കുമെന്ന് മാത്രമല്ല എപ്പോള്‍ വേണമെങ്കിലും പണമാക്കി മാറ്റാനും സാധിക്കും. എന്തുകൊണ്ടാണ് എഫ്എംപികള്‍ മികച്ച ഡെറ്റ് മ്യൂച്വല്‍ ഫണ്ട് പ്രോഡക്റ്റ് അല്ലാതാവുന്നത്.
1. പെര്‍ഫോമന്‍സ് ട്രാക്ക് റെക്കോഡ് ലഭ്യമല്ല:
സാധാരണ സ്‌കീമുകള്‍ തെരഞ്ഞെടുക്കുക അതിന്റെ മുന്‍കാല പ്രകടനവും പോര്‍ട്ട്‌ഫോളിയോയും പരിശോധിച്ചാണ്. ഓപ്പണ്‍ എന്‍ഡഡ് സ്‌കീമുകളില്‍ മുന്‍കാല പ്രകടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുകയും മികച്ച പ്രകടനവും മോശം പ്രകടനവും തിരിച്ചറിയാനാവുകയും ചെയ്യും. എന്നാല്‍ എഫ്എംപികളില്‍ ഇത് സാധ്യമാകില്ല. കാരണം, ഓരോ സ്‌കീമുകളും പുതിയതായിരിക്കുമെന്നതിനാല്‍ ട്രാക്ക് റെക്കോഡ് ഒന്നും ലഭ്യമാകില്ല.
2. ഡബ്ള്‍ ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ് ഇതിനു മാത്രമല്ല:
എഫ്എംപികള്‍ക്കുള്ള നികുതിയിളവുകള്‍ അവയ്ക്ക് മാത്രമല്ല ലഭിക്കുക. ലിക്വിഡ് സ്‌കീമുകള്‍ ഉള്‍പ്പടെയുള്ള ഏതൊരു ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കും മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെ നാലു വര്‍ഷത്തെ ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ് ലഭ്യമാകും.
3. മോശം പ്രകടനം:
മിന്നുന്നതെല്ലാം പൊന്നല്ലെന്നതിന് ഇക്കാര്യത്തിലും പ്രസക്തിയുണ്ട്. അവകാശപ്പെടുന്നതു പോലെ മികച്ച പ്രകടനമല്ല മിക്ക എഫ്എംപികളും കാഴ്ചവെക്കുന്നത്. ഓപ്പണ്‍ എന്‍ഡഡ് ആയ ഹ്രസ്വകാല ഡെറ്റ് സ്‌കീമുകളില്‍ പലതും 7.90 ശതമാനം വരെ വരുമാനം നിക്ഷേപകര്‍ക്ക് നല്‍കുമ്പോള്‍ ലോക്ക് ഇന്‍ പിരീഡുള്ള എഫ്എംപികള്‍ എത്രമാത്രം ലാഭകരമാണെന്ന് ചിന്തിക്കേണ്ടതുണ്ട്.
4. ലോക്ക് ഇന്‍ പിരീഡ്:
നഷ്ടസാധ്യതയ്ക്ക് സമാനമായ മികച്ച നേട്ടം ഉറപ്പു തരുന്നുണ്ടെങ്കില്‍ ലോക്ക് ഇന്‍ പിരീഡ് പ്രശ്‌നമല്ല. നിങ്ങളുടെ പണം ലോക്ക് ഇന്‍ ചെയ്യപ്പെടുകയും അതിനനുസരിച്ച നേട്ടം ലഭിക്കുന്നുമില്ലെങ്കില്‍ നഷ്ടക്കച്ചവടമാകും. ഇന്നത്തെ വിപണി നേട്ടത്തിന് അനുസൃതമായ നിരക്കില്‍ നിങ്ങള്‍ എഫ്എംപിയില്‍ നാലു വര്‍ഷത്തേക്ക് നിക്ഷേപിക്കുകയും അടുത്ത മൂന്നു വര്‍ഷം കൊണ്ട് വിപണിയില്‍ പലിശ നിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ എഫ്എംപിയില്‍ നിക്ഷേപിക്കുന്നത് നഷ്ടമുണ്ടാക്കും.
5. നിലവാരം കുറഞ്ഞ ഡെറ്റ്:
പല എഫ്എംപികളിലും താഴ്ന്ന നിലവാരത്തിലുള്ള നഷ്ടസാധ്യതയേറെയുള്ള കടപ്പത്രങ്ങളാണ് കൂടുതല്‍. (വിശദാശം ടേബ്‌ളില്‍ നല്‍കിയിരിക്കുന്നു) അഅ റേറ്റിംഗില്‍ കുറഞ്ഞ കടപ്പത്രങ്ങളെയാണ് താഴ്ന്ന നിലവാരത്തിലുള്ളതും നഷ്ടസാധ്യതയുള്ളതുമായ കടപ്പത്രങ്ങളായി കണക്കാക്കുന്നത്. ഓപ്പണ്‍ എന്‍ഡഡ് സ്‌കീമുകളില്‍ താഴ്ന്ന നിലവാരത്തിലുള്ള ഡെറ്റുകള്‍ക്കായി ക്രെഡിറ്റ് റിസ്‌ക് ഫണ്ട് എന്ന പ്രത്യേക വിഭാഗം തന്നെയുണ്ട്. ക്രെഡിറ്റ് റിസ്‌കുകളില്ലാത്ത പ്രോഡക്റ്റുകള്‍ മാത്രമായും എഫ്എംപികള്‍ ലഭ്യമാണ്. എന്നാല്‍ അവയെ കുറിച്ച് റീറ്റെയ്ല്‍ നിക്ഷേപകന് ഒന്നും അറിയില്ല.
കടപ്പാട്: മണിലൈഫ് മാഗസിന്‍