പോക്കറ്റ് കാലിയാകില്ല; വീട്ടു ചെലവുകള്‍ ആര്‍ക്കും കുറയ്ക്കാം, ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അത്യാവശ്യ ചെലവുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി അനാവശ്യ ചെലവുകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് കുടുംബ ബജറ്റിന്റെ അടിസ്ഥാനം. ഒരു മാസത്തെ ഏകദേശ ചെലവ് എത്ര വരുമെന്ന് ആദ്യം തന്നെ ഒന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. വന്നേക്കാവുന്ന അധിക ചെലവ് വേറെ എഴുതണം. എമര്‍ജന്‍സി ഫണ്ട് കരുതി വച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നെടുത്ത് ചെലവഴിക്കാതെ വേണം മറ്റു ചെലവുകളെ നിയന്ത്രിക്കാന്‍ ഒരു മാസം കഴിയുമ്പോള്‍ ചെലവായ തുകയും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത തുകയും തമ്മില്‍ താരതമ്യം ചെയ്ത് നോക്കുക. നിങ്ങളുടെ പ്ലാനിംഗിനനുസരിച്ചാണ് റിസള്‍ട്ട് എങ്കില്‍ അത് മികച്ച പ്ലാനിംഗിന്റെ ഗുണമാണെന്ന് വിശ്വസിക്കാം. അതനുസരിച്ച് ചെലവഴിച്ചാല്‍ മാസവസാനം എത്തുമ്പോള്‍ കയ്യിലെന്തെങ്കിലും മിച്ചം കാണും.

1. കണക്കെഴുത്ത്
ദിവസേനെയുള്ള ചെലവുകള്‍ എഴുതി വയ്ക്കുന്നത് സാമ്പത്തിക ആസൂത്രണത്തിന്റെ അടിത്തറയാണ്. മാസാവസാനം കൂട്ടി നോക്കുമ്പോള്‍ കൃത്യമായ കണക്കറിയാന്‍ ഇത് സഹായകമാകും. ചിട്ടി, ഫണ്ട് പോലുള്ള ചെറിയ സമ്പാദ്യ പദ്ധതികളില്‍ ചേരുന്നത് പെട്ടെന്നുള്ള സാമ്പത്തിക അത്യാവശ്യങ്ങള്‍ക്ക് ഉപകാരപ്പെടും. ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ളവരാണെങ്കില്‍ വരുമാനം പങ്കിട്ടെടുക്കാം. ഒരാള്‍ അടുക്കള സാധനങ്ങള്‍ക്കും മറ്റേയാള്‍ ലോണ്‍, വാടക, ഫീസ് തുടങ്ങിയ കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. അല്ലെങ്കില്‍ ഒരാളുടെ വരുമാനം ചെലവിനും മറ്റൊരാളുടെ വരുമാനം സമ്പാദ്യത്തിനുമായി നീക്കി വയ്ക്കാം. ഒരു മാസത്തെ ചെലവ് മറ്റൊരു മാസത്തേക്കാള്‍ കൂടുതലായാല്‍ എവിടെയാണ് കാശ് ചോര്‍ന്നതെന്ന് മനസിലാക്കി അക്കാര്യങ്ങള്‍ അടുത്ത മാസം മുതല്‍ ശ്രദ്ധിച്ച് തുടങ്ങുക. ഒരു വര്‍ഷം മുഴുവന്‍ ഈ രീതി സ്വീകരിച്ച് നോക്കൂ. നിങ്ങളുടെ സമ്പാദ്യത്തില്‍ തീര്‍ച്ചയായും ഉണര്‍വ് പ്രകടമാകും.
2. അടുക്കളയില്‍ നിന്ന്
പാചക വാതകം പോലുള്ളവ ഉപയോഗിക്കുമ്പോള്‍ പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കുക. വീട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങള്‍ ഒരു മാസത്തേക്കുള്ളത് ഒരുമിച്ച് വാങ്ങുക. വീട്ടിലൊരു അടുക്കളത്തോട്ടമുണ്ടെങ്കില്‍ പച്ചക്കറിയുടെ വില ലാഭിക്കുകയും കൂടാതെ വിഷവിമുക്തമായ പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യാം. മീനും ഇറച്ചിയും സ്ഥിരമായി വാങ്ങുന്നവര്‍ അതിലൊരു മാറ്റം വരുത്തിയാല്‍ തന്നെ പണം ലാഭിക്കാം. ആഴ്ചയില്‍ എല്ലാ ദിവസവും ഇറച്ചി വാങ്ങുന്നവര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമായോ മറ്റോ ആയി ചുരുക്കുക. ആരോഗ്യവും ലഭിക്കും പണവും ലാഭിക്കാം.
3. കൊറോണകാലത്തെ കണ്ട് പഠിക്കാം
വീട്ടിലിരുന്നപ്പോള്‍ വീട്ടിലെ ഭക്ഷണം മാത്രം കഴിക്കാന്‍ കുടുംബത്തിലെ എല്ലാവരും നിര്‍ബന്ധിതരായിരുന്നു. ആരോഗ്യം മാത്രമല്ല ചെലവു ചുരുക്കല്‍ മാര്‍ഗം കൂടിയാണിത്. വീട്ടിലുണ്ടാക്കി കഴിക്കുന്നതിനേക്കാള്‍ ഏതാണ്ട് ഇരുപതുമടങ്ങ് ചെലവേറിയതാണ് പുറത്തു നിന്നു കഴിക്കുന്നത്.
4. കുടുംബത്തെയും പഠിപ്പിക്കാം
കുടുംബ ബജറ്റ് തയ്യാറാക്കുമ്പോള്‍ വരവു ചെലവു കണക്കുകളെക്കുറിച്ച് വീട്ടിലുള്ളവരെ എല്ലാവരെയും പറഞ്ഞ് ബോധ്യപ്പെടുത്തുക. കുട്ടികളെ കൂടി വീട്ടു ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തണം. കുട്ടികളില്‍ ചെറുപ്പത്തിലേ സമ്പാദ്യ ശീലം പഠിപ്പിക്കുക. എന്നുകരുതി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാതിരിക്കരുത്. കുട്ടികളുടെ ആവശ്യങ്ങള്‍ ന്യായമായത് മാത്രം സാധിച്ച് കൊടുക്കുക.
5. ഓണ്‍ലൈന്‍ വാങ്ങല്‍ കുറയ്ക്കുക
വീട്ടിലിരുന്നാലും പലര്‍ക്കും ചെലവു ചുരുക്കല്‍ സാധ്യമായിരുന്നില്ല. പ്രധാന കാരണം ഓണ്‍ലൈന്‍ ഷോപ്പിംഗ് തന്നെയായിരുന്നുവെന്നത് ഈ രംഗത്തെ ബ്രാന്‍ഡുകളുടെ വില്‍പ്പന വരുമാനം കൂടിയത് പരിശോധിച്ചാല്‍ മതിയാകും. ഷോപ്പിംഗിനും മറ്റും അധികം തുക ചെലവാക്കുന്നത് ബജറ്റിന്റെ താളം തെറ്റിച്ചേക്കാം. ഇപ്പോള്‍ വേണ്ടത്, വേണ്ടാത്തത്, പിന്നീട് ചെയ്യാവുന്നത് എന്നിങ്ങനെ പലതും ലിസ്റ്റ് ചെയ്താല്‍ ഈ പ്രശ്‌നം ഒഴിവാക്കാം. ഷോപ്പിംഗിനുപോകുമ്പോള്‍ സാധനങ്ങള്‍ ഒരുമിച്ചുവാങ്ങുക. ഇങ്ങനെയായാല്‍ ഷോപ്പിംഗിനുവേണ്ടി അനാവശ്യ യാത്രകളും ഒഴിവാക്കാം, കൂടുതല്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ടുകളും ലഭിച്ചെന്നുവരും. പണം ലാഭിക്കാന്‍ കഴിയുന്ന മാര്‍ക്കറ്റുകള്‍, ചെറിയ കടകള്‍, സ്റ്റോറുകള്‍ എന്നിവ മനസിലാക്കി ഷോപ്പിംഗ് നടത്തുന്നത് പണം ലാഭിക്കാനുള്ള മികച്ച മാര്‍ഗമാണ്.
6. വിലക്കുറവ് കണ്ടെത്താം
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോഴും നേരിട്ട് കടകളില്‍ നിന്നും വാങ്ങുമ്പോഴും വിവിധ കടകളിലെ വില മനസിലാക്കി,കുറഞ്ഞ വിലയുള്ള കട തിരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിരക്കു പരിശോധിക്കുക.നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നം അത്ര അത്യാവശ്യം ഉള്ളതല്ലെങ്കില്‍ അല്‍പ്പം കാത്തിരിക്കുക. ആഘോഷദിവസങ്ങളില്‍ പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കാറുണ്ട്. ഇത് പ്രയോജനപ്പെടുത്തുക.
7. ബജറ്റ് റിവ്യൂ
ബഡ്ജറ്റ് തയ്യാറാക്കുന്നതും പുന:പരിശോധന നടത്തേണ്ടതും ക്യത്യമായ സമയത്തായിരിക്കണം. ആഴ്ചയിലോ, മാസത്തിലോ, വര്‍ഷത്തിലോ വരുമാനമനുസരിച്ചുള്ള ബ്ജറ്റ് ഒരുക്കാം. ആഴ്ചയിലോ മാസത്തിലോ നിങ്ങള്‍ക്ക് എത്ര വരുമാനം കിട്ടുന്നുണ്ടെന്ന് കണ്ടെത്താം. ഇതിനൊപ്പം മറ്റ് രീതിയില്‍ കിട്ടുന്ന വരുമാനം, ബോണസ്, ഷെയറില്‍ നിന്നോ ബാങ്കിലോ നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം. ഇടയ്ക്കിടെ ബജറ്റ് പുതുക്കാന്‍ മറക്കരുത്. പ്രത്യേകിച്ച് സാഹചര്യങ്ങള്‍ മാറുമ്പോള്‍. പുതിയ ചെലവുകളോ, വരുമാനമോ ഉണ്ടാക്കുമ്പോള്‍ അത് കൂടി ഉള്‍പ്പെടുത്തി ബജറ്റ് പുതുക്കിയെടുക്കണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it