ഉയര്‍ന്ന ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഓഹരി വിപണിയിലേക്ക് എത്തുന്ന നിക്ഷേപകരുടെ എണ്ണത്തില്‍ കുതിപ്പ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP) വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഒക്ടോബറില്‍ റെക്കോഡിട്ടു. 17 ലക്ഷം അക്കൗണ്ടുകളാണ് ഒക്ടോബറില്‍ പുതുതായി തുറന്നത്. ഇതോടെ മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 7.3 കോടിയായതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (Association of Mutual Funds in India /AMFI) കണക്കുകൾ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ ആറാം മാസമാണ് പുതിയ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 10 ലക്ഷം കടക്കുന്നത്.
ഒക്ടോബറില്‍ എസ്.ഐ.പിയില്‍ 35 ലക്ഷം അക്കൗണ്ടുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും 18 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയിരുന്നു. അതാണ് പുതിയ അക്കൗണ്ടുകളുടെ എണ്ണം 17 ലക്ഷമായി കുറഞ്ഞത്. 0.51 ആണ് എസ്.ഐ.പി അക്കൗണ്ട് റദ്ദാക്കല്‍ റേഷ്യോ. ഒരു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ദീര്‍ഘകാലം ലക്ഷ്യമിട്ട്
ചെറുകിട നിക്ഷേകര്‍ കൂടുതലും അവരുടെ ഓഹരി നിക്ഷേപത്തിന്റെ 51.4 ശതമാനവും രണ്ടു വര്‍ഷത്തിനു മുകളിലുള്ള കാലയളവിലേക്കാണ് നിക്ഷേപിക്കുന്നതെന്നും ആംഫിയുടെ കണക്കുകള്‍ കാണിക്കുന്നു. അതായത് കൂടുതല്‍ എസ്.ഐ.പി നിക്ഷേപകരും ദീര്‍ഘകാല നിക്ഷേപത്തിലാണ് ശ്രദ്ധിക്കുന്നത്.
ശരാശരി നിക്ഷേപം 2,318 രൂപ
ഒക്ടോബറില്‍ എസ്.ഐ.പി വഴിയുള്ള മൊത്തം നിക്ഷേപം 16,928 കോടി രൂപയാണ്. ഇതോടെ കഴിഞ്ഞ 12 മാസത്തെ എസ്.ഐ.പിയുടെ നിക്ഷേപമൂല്യം 1.75 ലക്ഷം കോടിയായി. ശരാശരി എസ്.ഐ.പി നിക്ഷേപ തുക 2,318 രൂപയായും ഉയര്‍ന്നിട്ടുണ്ട്. 19 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്.
ഇക്കാലയളവില്‍ എസ്.ഐ.പി അനുബന്ധ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി (Assets Under Management) 8.6 ലക്ഷം കോടി രൂപയുമായി. മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യത്തിന്റെ 18.4 ശതമാനം വരുമിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എസ്.ഐ.പികളുടെ ആസ്തിമൂല്യം പ്രതിവര്‍ഷം 31.5 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. അതേസമയം എസ്.ഐ.പി അക്കൗണ്ട് തുറക്കലിലുണ്ടായിട്ടുള്ള വര്‍ധന 29.50 ശതമാനമാണ്.
പണം വളര്‍ത്തും എസ്.ഐ.പി
മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് എസ്.ഐ.പികള്‍. 500 രൂപ മുതല്‍ നിക്ഷേപിക്കാം. റുപ്പീ കോസ്റ്റിംഗ് ആവറേജ് എന്ന തന്ത്രത്തിലൂടെ നിക്ഷേപം വളരുന്നുവെന്നതാണ് എസ്.ഐ.പികളെ ആകര്‍ഷകമാക്കുന്നത്. അതായത് വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയും വിപണി ഇടിയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.