നേരത്തെ തുടങ്ങാം നിക്ഷേപം, സുന്ദരമാക്കാം ജീവിതം
ചെറുപ്പത്തില്‍ തന്നെ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഉദ്യോഗം ലഭിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തില്‍ കൂടി വരുകയാണെന്ന് കണക്കുകള്‍ പറയുന്നു. സമൂഹത്തില്‍ വിദ്യാസമ്പന്നരുടെ എണ്ണം വര്‍ധിച്ച് വരുന്നതാണ് ഇതിനു കാരണം. നാലക്ക ശമ്പളം ലഭിക്കാന്‍ പണ്ടത്തെ തലമുറയ്ക്ക് പ്രമോഷനുകള്‍ നിരവധി താണ്ടേണ്ട അവസ്ഥയായിരുന്നെങ്കില്‍ ഇന്ന് തുടക്കത്തില്‍ തന്നെ ആറക്ക ശമ്പളം ലഭിക്കുന്ന യുവ പ്രൊഫഷണലുകള്‍ ഏറെയാണ് നമുക്ക് ഇടയില്‍.
എങ്കിലും മാളുകളിലും പബ്ബുകളിലും ജീവിതം അടിച്ചു പൊളിച്ചു വരുമാനത്തേക്കാള്‍ അധികം കടം വരുത്തി വെയ്ക്കുകയാണ് അവരില്‍ പലരും. പക്ഷേ, ആഡംബരം അല്‍പ്പം നിയന്ത്രിച്ച് ചെറുപ്പത്തില്‍ തന്നെ ചിട്ടയായ നിക്ഷേപശീലം ആരംഭിച്ചാല്‍ ജീവിതമെന്നും അടിച്ചുപൊളിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സുരേഷിന്റെ കഥ
സുരേഷിന് 25 വയസ് ഉള്ളപ്പോഴാണ് ഒരു ഐ.റ്റി കമ്പനിയില്‍ ജോലി ലഭിക്കുന്നത്. മൂന്ന് ലക്ഷം രൂപയായിരുന്നു വാര്‍ഷിക വരുമാനം. സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛനായിരുന്നു അന്ന് കുടുംബത്തിന്റെ ചെലവുകള്‍ നോക്കിയിരുന്നത്. ഒറ്റത്തടിയായിരുന്നതിനാല്‍ സര്‍വ സ്വതന്ത്രനായിരുന്ന സുരേഷ് പാര്‍ട്ടി, ഫ്രണ്ട്‌സ്, കറക്കം എന്നിങ്ങനെ ജീവിതം 'ആസ്വദിച്ചു' വരുമ്പോള്‍ അച്ഛന്റെയും സാമ്പത്തിക വിദഗ്ധനായ സുഹൃത്തിന്റെയും ഇടപെടല്‍ മൂലമാണ് നിക്ഷേപം ശീലങ്ങളുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. അതിനായി സുരേഷ് സ്വീകരിച്ച വഴികള്‍ ഇതൊക്കെയാണ്:
* സമ്പാദ്യ ശീലം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു. വീട്ടിലെ ചെലവുകളെല്ലാം അച്ഛന്‍ നോക്കിയിരുന്നതിനാല്‍ തന്റെ വരുമാനത്തിന്റെ 25 ശതമാനത്തോളം സേവ് ചെയ്യാന്‍ സുരേഷ് തീരുമാനിച്ചു.
* എസ്.ഐ.പി, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം തുടങ്ങിയ റിസ്‌ക് താരതമ്യേന കുറഞ്ഞ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ മാര്‍ഗങ്ങളിലൂടെ ഒരു ദീര്‍ഘകാല നിക്ഷേപം കണ്ടെത്താന്‍ തുടങ്ങി.
* സ്വന്തം ആരോഗ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുവാന്‍ ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തു.
* ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചിരുന്ന സുരേഷ് കൃത്യമായ ഇടവേളകളില്‍ ഫുള്‍ പെയ്‌മെന്റ് നടത്തി ഉയര്‍ന്ന പലിശ അടയ്ക്കുന്ന ശീലം ഒഴിവാക്കി.
കുടുംബസ്ഥനായ സുരേഷ് 30-ാമത്തെ വയസില്‍ വിവാഹിതനായപ്പോഴേക്കും അയാളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷമായി ഉയര്‍ന്നു. എങ്കിലും അച്ഛന്‍ ജോലിയില്‍ നിന്നും വിരമിച്ചത് മൂലം കുടുംബത്തിന്റെ ചെലവുകള്‍ സുരേഷിന്റെ ചുമതലയായി. വരവ്-ചെലവ് കണക്കുകള്‍ കൃത്യമായി അറിയാന്‍ അയാള്‍ ഒരു ഫാമിലി ബജറ്റ് ഉണ്ടാക്കി. അതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി സുരേഷ് കൂടുതല്‍ കാര്യക്ഷമമായ നിക്ഷേപ മാര്‍ഗങ്ങള്‍ അവലംബിച്ചത് ഇങ്ങനെയാണ്:
* തന്റെ അഭാവം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് മനസിലാക്കി 30 ലക്ഷം രുപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തു.
* വര്‍ധിച്ച ചുമതലകള്‍ തിരിച്ചറിഞ്ഞ് ഏത് സാഹചര്യത്തിലും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ വാര്‍ഷിക വരുമാനത്തിന്റെ പതിന്മടങ്ങ് തുകയ്ക്ക് ടേം പ്ലാന്‍ എടുത്തു.
* തന്റെയും ഭാര്യയുടെയും ആരോഗ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ മൂന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തു.
* ഔദ്യോഗിക കാലഘട്ടത്തില്‍ നേടിയെടുക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഒരു പ്രൊഫഷണല്‍ ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സഹായത്തോടെ സാമ്പത്തിക ആസൂത്രണം നടത്തി.
അതിന്റെ അടിസ്ഥാനത്തില്‍ നാണ്യപെരുപ്പത്തിന്റെ തോതിനെ അതിജീവിക്കുന്ന ഓഹരി വിപണി നിക്ഷേപം, യുലിപ് നിക്ഷേപങ്ങള്‍, മറ്റു മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയില്‍ ചിട്ടയായ നിക്ഷേപം ആരംഭിക്കുവാനും തുടങ്ങി.
ഹ രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം റിട്ടയര്‍മെന്റ് എന്ന യാഥാര്‍ഥ്യം കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇ.പി.എഫിലേക്ക് ഒരു നിശ്ചിത തുക പ്രതിമാസം അടയ്ക്കാനാരംഭിച്ചു.
കഥ തുടരുന്നു
35 വയസായപ്പോഴേക്കും സുരേഷിന്റെ വാര്‍ഷിക വരുമാനം എട്ട് ലക്ഷമായി വര്‍ധിച്ചു. രണ്ടു ലക്ഷം രൂപയുടെ പി.എഫ് നിക്ഷേപത്തിനൊപ്പം ഏഴ് ലക്ഷം രൂപ മറ്റു നിക്ഷേപങ്ങളില്‍ നിന്നും സ്വന്തമാക്കാന്‍ അയാള്‍ക്ക് സാധിച്ചു. പുതിയ ഒരു വീട് വാങ്ങണമെന്നും രണ്ടു വയസുകാരിയായ മകളുടെ ഭാവിയ്ക്കായി പണം കരുതിവെക്കണമെന്നതിനുമാണ് ഇപ്പോള്‍ അയാളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ മുന്‍ഗണന നല്‍കുന്നത്. ഇവ പരിഗണിച്ചൊരു നിക്ഷേപ പദ്ധതിയാണ് പിന്നീട് സുരേഷ് സ്വീകരിച്ചത്.
* വര്‍ധിച്ച കുടുംബ ചുമതലകള്‍ പരിഗണിച്ച് തന്റെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക 50 ലക്ഷമായി സുരേഷ് വര്‍ധിപ്പിച്ചു.
* മകളെ കൂടി ഉള്‍പ്പെടുത്തി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിരക്ഷ അഞ്ച് ലക്ഷം രൂപയാക്കി സുരേഷ് ഉയര്‍ത്തി.
* സുരേഷിന്റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഒത്ത വീടിന് 25 ലക്ഷം രൂപയായിരുന്നു വില. മുഴുവന്‍ തുകയ്ക്കും ലോണ്‍ എടുക്കാതെ 5 ലക്ഷം രൂപ ഡൗണ്‍ പെയ്‌മെന്റ് ആയി സ്വന്തം സമ്പാദ്യത്തില്‍ നിന്നും അടച്ചു. ബാക്കി 20 ലക്ഷം രൂപ ഭവന വായ്പയെടുത്തു.
* മകളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്കായി അവളുടെ പേരില്‍ എസ്.ഐ.പി, ഫിക്‌സഡ് ഡിപ്പോസിറ്റ് എന്നിവ ആരംഭിച്ചു.
* എന്നാലും ശരാശരി റിട്ടയര്‍മെന്റ് ജീവിതത്തിനു ശേഷം 1.3 കോടി രൂപയുടെ ആവശ്യം നേരിടുമെന്ന കണക്കുകൂട്ടലില്‍ മറ്റു പെന്‍ഷന്‍ പ്ലാനുകളിലൂടെ വര്‍ഷം തോറും 80000 രൂപയുടെ നിക്ഷേപം നടത്താന്‍ സുരേഷ് തീരുമാനമെടുത്തു.
* കോര്‍പസ് ഫണ്ട് വര്‍ദ്ധിപ്പിക്കാനായി മ്യൂച്വല്‍ ഫണ്ടിലെ ലംസം നിക്ഷേപം, എസ്.ഐ.പി നിക്ഷേപം തുടങ്ങിയവ വര്‍ധിപ്പിച്ചു.
ഗുണപാഠം
സുരേഷിന്റേതിന് സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പലരും ആഡംബരത്തിന്റെ പിന്നാലെ പോയി കിട്ടുന്ന കാശ് മുഴുവന്‍ നശിപ്പിച്ചു കളയുകയാണ് ചെയ്യാറുള്ളത്. വരുമാനം തികയാതെ വരുമ്പോള്‍ കടം വാങ്ങി ഇവര്‍ പ്രശ്‌നത്തിലാകുന്നു. എന്നാല്‍ ആഡംബരങ്ങളില്‍ മതിമറക്കാതെ സുരേഷിനെ പോലെ അല്‍പ്പം വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍ ദാരിദ്ര്യ ദുഃഖം അനുഭവിക്കാതെ സുഖ സുന്ദരമായി ജീവിതം ആസ്വദിക്കാം.