നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക ഒറ്റ തവണയായി ഓഹരി വിപണിയില്‍ പരീക്ഷിക്കുന്നതിന് പകരം ചെറിയ തുകകളായി കൃത്യമായ ഇടവേളകളില്‍ ഇടതടവില്ലാതെ നിക്ഷേപിച്ചു പോരുന്ന സമ്പ്രദായമാണല്ലോ മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ കൃത്യമായി മറികടന്ന് ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരുമ്പോള്‍ കൈവശപ്പെടുത്തിയ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ പര്‍ച്ചേസിംഗ് വാല്യു അഥവാ കോസ്റ്റ് കുറയുകയും തുടര്‍ന്ന് വിപണി താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലോ അതല്ലെങ്കില്‍ എസ്‌ഐപി വഴി കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യം വന്നുചേരുന്ന സമയത്തോ വിറ്റുമാറുകയും ചെയ്യാം. ഒറ്റ തവണയായി വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്കും അതുപോലെ മാസശമ്പളക്കാര്‍ക്കുമെല്ലാം അനുയോജ്യമായ നിക്ഷേപ രീതിയാണ് എസ്‌ഐപി.
അതേസമയം, നിക്ഷേപകന്റെ കൈവശം താരതമ്യേന വലിയ ഒരു തുക ഒറ്റത്തവണയായി നിക്ഷേപിക്കാവുന്ന തരത്തില്‍ വന്നുചേര്‍ന്നുവെന്നിരിക്കട്ടെ. ഓഹരി വിപണിയില്‍ വരുംദിനങ്ങളില്‍ കയറ്റിറക്കങ്ങള്‍ കൂടുതലായി കണ്ടേക്കാം എന്ന സാഹചര്യം കൂടി നില നില്‍ക്കുകയാണെങ്കില്‍ ആ വ്യക്തി എന്ത് മാര്‍ഗ്ഗം സ്വീകരിക്കും? ഇവിടെയാണ് എസ്ടിപി അഥവാ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ എന്ന നിക്ഷേപ രീതിയുടെ പ്രസക്തി.
എസ്ടിപി പ്രവര്‍ത്തിക്കുന്നതെങ്ങനെ?
ഒറ്റത്തവണയായി നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക ഏതെങ്കിലും ലിക്വിഡ് ഫണ്ടിലോ അള്‍ട്രാ ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടിലോ നിക്ഷേപിക്കുന്നു. തുടര്‍ന്ന് ഈ തുക അതേ മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇക്വിറ്റി സ്‌കീമിലേക്ക് നിശ്ചിത ഇടവേളകളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. നിക്ഷേപകന്റെ നിര്‍ദേശപ്രകാരം പ്രതിദിനമോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ മ്യൂച്വല്‍ ഫണ്ട് കമ്പനി ഇത്തരത്തില്‍ ഫണ്ട് ഇക്വിറ്റിയിലേക്ക് മാറ്റുന്നു. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ലിക്വിഡ് ഫണ്ടിലുണ്ടായിരുന്ന തുക പൂര്‍ണമായും ഇക്വിറ്റി സ്‌കീമില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
ഉദാഹരണത്തിന് ഒരു വ്യക്തി ഒരു ലക്ഷം രൂപ എസ്ടിപി ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നിരിക്കട്ടെ. തുടക്കത്തില്‍ ഒരു ലക്ഷം രൂപ പൂര്‍ണമായും ലിക്വിഡ് ഫണ്ടില്‍ പാര്‍ക്ക് ചെയ്ത ശേഷം 5000 രൂപ വീതം 20 ആഴ്ചകള്‍ കൊണ്ട് ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനിക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. എസ്‌ഐപികളില്‍ സംഭവിക്കുന്നപോലെ 20 ആഴ്ചകള്‍ക്കിടയില്‍ മാര്‍ക്കറ്റില്‍ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങള്‍ മൂലം നിക്ഷേപകന് കൂടുതല്‍ യൂണിറ്റുകള്‍ കരസ്ഥമാക്കാന്‍ സാധിക്കുകയും അങ്ങനെ തന്റെ പര്‍ച്ചേസ് കോസ്റ്റ കുറച്ച് കൊണ്ടുവരാന്‍ കഴിയുകയും ചെയ്യുന്നു.
ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു പ്രധാനകാര്യം, ആദ്യഘട്ടത്തില്‍ ലിക്വിഡ് ഫണ്ടില്‍ നിക്ഷേപിക്കപ്പെട്ട തുകയ്ക്ക് ഫണ്ട് അവിടെ നിലനില്‍ക്കുന്നിടത്തോളം കാലം സേവിംഗ്സ് ബാങ്ക് എക്കൗണ്ടില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പലിശയും നിക്ഷേപകന് ലഭിക്കുന്നു എന്ന ആകര്‍ഷണവും എസ്ടിപി നിക്ഷേപകര്‍ക്കുണ്ട് എന്നുള്ളതാണ്.
എസ്ടിപി നിക്ഷേപങ്ങള്‍ക്കായി തെരഞ്ഞെടുക്കാവുന്ന ലിക്വിഡ് ഫണ്ടുകളും തുടര്‍ന്ന് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്ന തുക നിക്ഷേപിക്കാന്‍ അനുയോജ്യമായ ഏതാനും ഇക്വിറ്റി ഫണ്ടുകളും മുകളില്‍ കൊടുത്തിരിക്കുന്നു. ചുരുക്കം ചില ഫണ്ടുകള്‍ മാത്രമാണ് പട്ടികയിലുള്‍ പ്പെടുത്തിയിരിക്കുന്നത്.