റെക്കറിംഗ് ഡെപ്പോസിറ്റ്: ഈ ബാങ്കുകള്‍ തരും മികച്ച പലിശ നിരക്കുകള്‍

ഭാവിയിലേക്കുള്ള സമ്പാദ്യം ലക്ഷ്യമിടുന്നവര്‍ക്ക് നിരവധി നിക്ഷേപ പദ്ധതികളാണ് ബാങ്കുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. കുറഞ്ഞ റിസ്‌കും മികച്ച നേട്ടവും പ്രതീക്ഷിക്കുന്നവര്‍ക്ക് വേണ്ടിയുള്ള രണ്ട് ജനപ്രിയ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ് സ്ഥിര നിക്ഷേപവും (എഫ്.ഡി), റെക്കറിംഗ് ഡെപ്പോസിറ്റും (ആര്‍.ഡി). വിപണിയുമായി ബന്ധമില്ലാത്തതിനാല്‍ തന്നെ ഒരു നിശ്ചിത റിട്ടേണ്‍ ഉറപ്പാക്കി ധാരാളം നിക്ഷേപകര്‍ ഇവ തെരഞ്ഞെടുക്കുന്നു.

റെക്കറിംഗ് ഡെപോസിറ്റിനു അഥവാ റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ (RD) മികച്ച പലിശ വാഗ്ദാനം ചെയ്യുന്നതുകൊണ്ടും തവണകളായി നിക്ഷേപിക്കാനുള്ള അവസരം നല്‍കുന്നതുകൊണ്ടും ജനപ്രിയമാണ്. എല്ലാ ബാങ്കുകളും പോസ്റ്റ് ഓഫീസും റെക്കറിംഗ് ഡെപ്പോസിറ്റിന് അവസരം നല്‍കുന്നുണ്ടെങ്കിലും ചില ബാങ്കുകള്‍ സ്ഥിര നിക്ഷേപം പോലെ ആകര്‍ഷകമായ പലിശയാണ് നല്‍കുന്നത്. പല ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് ആര്‍.ഡി നിക്ഷേപത്തിന് ആകര്‍ഷകമായ പലിശയാണ് നല്‍കുന്നത്. ഇതാ റെക്കറിംഗ് ഡെപ്പോസിറ്റിന് ഉയര്‍ന്ന പലിശ നല്‍കുന്ന ചില ബാങ്കുകളും പലിശ നിരക്കുകളും നോക്കാം.

ആക്‌സിസ് ബാങ്ക്

2 വര്‍ഷം മുതല്‍ രണ്ടര വര്‍ഷം വരെയുള്ള റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7.26 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.01 ശതമാനവുമാണ് പലിശ നിരക്ക് നല്‍കുന്നത്. രണ്ട് വര്‍ഷത്തില്‍ താഴെയുള്ള ആര്‍.ഡിക്ക് പരമാവധി പലിശ നിരക്ക് 6.75-7.5 ശതമാനം.

ബന്ധന്‍ ബാങ്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം വരെ പലിശ നല്‍കുന്നുണ്ട് ബന്ധന്‍ ബാങ്ക്. സാധാരണ നിക്ഷേപകര്‍ക്ക് 6.50 മുതല്‍ 7.50 ശതമാനം വരെ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 100 രൂപയില്‍ തുടങ്ങുന്ന നിക്ഷേപ തുക തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

സിറ്റി യൂണിയന്‍ ബാങ്ക്

1 മുതൽ 5 വര്‍ഷം വരെയുള്ള കാലാവധിക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് സിറ്റി യൂണിയന്‍ ബാങ്കില്‍ പ്രതിവര്‍ഷം 8 ശതമാനമാണ് പലിശ. സാധാരണ ഉപയോക്താക്കള്‍ക്ക് 7.75 ശതമാനം വരെയാണ് പലിശ (അഞ്ച് വര്‍ഷം വരെയുള്ള റെക്കറിംഗ് ഡപ്പോസിറ്റുകള്‍ക്ക്). 5 വര്‍ഷത്തിനു മുകളിൽ മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 7.50 ശതമാനമാണ് പലിശ നിരക്ക്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (IOB) മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനം മുതല്‍ 7.75 ശതമാനം വരെ നല്‍കുമ്പോള്‍ സാധാരണ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുന്ന കാലാവധിയെ ആശ്രയിച്ച് 5.75 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.

എസ്.ബി.ഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI) റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 7.00% മുതല്‍ 7.50% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മറ്റ് നിക്ഷേപകര്‍ക്ക് 6.50% മുതല്‍ 6.80% വരെ പലിശ നിരക്കും എസ്.ബി.ഐ നല്‍കുന്നുണ്ട്. കുറഞ്ഞ പ്രതിമാസ നിക്ഷേപം 100 രൂപ. എസ്.ബി.ഐ ആര്‍ഡിയുടെ കാലാവധി 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ്.

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്

ആറ് മാസത്തേക്കുള്ള റെക്കറിംഗ് ഡെപ്പോസിറ്റിന് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് സാധാരണ നിക്ഷേപകര്‍ക്ക് 6.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനവുമാണ്. ഒമ്പത് മാസം വരെയുള്ള ആര്‍.ഡി നിക്ഷേപങ്ങള്‍ക്ക് 7-7.5 ശതമാനം പലിശ ലഭിക്കും.

ഐ.സി.ഐ.സി.ഐ ബാങ്ക്

ഐ.സി.ഐ.സി.ഐ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനം വരെ പലിശ നിരക്ക് നല്‍കുന്നു. 5-10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണിത്. സാധാരണ നിക്ഷേപകര്‍ക്ക് 6.9 ശതമാനമാണ് ഉയര്‍ന്ന പലിശ നിരക്ക്. മൂന്നു വര്‍ഷം വരെയുള്ള ആര്‍.ഡികള്‍ക്ക് 7-7.5 ശതമാനം വരെയാണ് പലിശ നിരക്ക്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള റെക്കറിംഗ് ഡെപ്പോസിറ്റിന് 7-7.5 ശതമാനം പലിശ നിരക്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്(PNB) വാഗ്ദാനം ചെയ്യുന്നത്.

സൗത്ത് ഇന്ത്യന്‍ ബാങ്ക്

രണ്ട് വര്‍ഷം വരെയുള്ള ആര്‍.ഡിക്ക് സാധാരണ വ്യക്തികള്‍ക്ക് 6.9 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.4 ശതമാനം പലിശയുമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് (SIB)നല്‍കുന്നത്.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ (BOB)ഏറ്റവും കുറഞ്ഞത് 6.75 ശതമാനം പലിശ നിരക്കാണ് ആര്‍.ഡികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു വര്‍ഷത്തിനു മുകളില്‍ 400 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ ജനങ്ങള്‍ക്ക് 6.75 ശതമാനമാണ് പലിശ നല്‍കുന്നത്. ഇതേ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് വര്‍ഷത്തിനു മുകളില്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7.05 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.55 ശതമാനവും പലിശ ലഭിക്കും.

എച്ച്.ഡി.എഫ്.സി ബാങ്ക്

6 മാസക്കാലാവധിയിലെ ആര്‍.ഡി നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5 ശതമാനം പലിശയുമാണ് എച്ച്.ഡി.എഫ്.സി ബാങ്ക് നല്‍കുന്നത്. ഒരു വര്‍ഷത്തേക്കുള്ള ആര്‍.ഡിക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10 ശതമാനം പലിശ നല്‍കുന്നുണ്ട്. സാധാരണ നിക്ഷേപകര്‍ക്ക് ഇത് 6.6 ശതമാനമാണ്. 15 മാസം മുതല്‍ മേലേക്കുള്ള വിവിധ കാലവധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനം പലിശ നിരക്കുമാണ് നല്‍കുന്നത്.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക് അഞ്ച് വര്‍ഷം വരെയുള്ള റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 6 ശതമാനവും സാധാരണ നിക്ഷേപകര്‍ക്ക് 5.5 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it