Top

ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യൂ ഈ 4 കാര്യങ്ങള്‍

സ്വന്തം ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലാത്തവരില്ല. സ്വന്തമായി വാഹനം, വീട്, മക്കളുടെ വിവാഹം, വിദ്യാഭ്യാസം... ഇങ്ങനെ ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വലിയൊരു നിരയുണ്ടാവും നമ്മുടെ മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമിക പടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുക. എന്തെല്ലാമാണ് ഈ സാഹചര്യത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. നോക്കാം.

സ്വയം തിരിച്ചറിയുക
നിങ്ങളെ നിങ്ങള്‍ക്ക് മാത്രമേ പൂര്‍ണമായി അറിയൂ എന്നതാണ് സത്യം. അതിനാല്‍ തന്നെ നിങ്ങളുടെ വരുമാനം, സമ്പാദ്യം, ചെലവുകള്‍ എല്ലാത്തിലുമുപരി നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക പ്രധാനമാണ്. സമ്പത്ത് സൃഷ്ടിക്കുക എന്നത് ഈ കാലഘട്ടത്തില്‍ എളുപ്പമല്ല. എന്നാല്‍ ഭാവിയിലേക്ക് നിങ്ങള്‍ കരുതലോടെ ഇരിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ വേണ്ടതെന്ത് വേണ്ടാത്തതെന്ത് പൂര്‍ണമായി ഒഴിവാക്കേണ്ടതെന്തെന്ന തിരിച്ചറിവ് വേണം. എന്നിട്ട് ലക്ഷ്യങ്ങള്‍ നിര്‍വചിക്കുക. ഭാവി എന്റേതാണ്. കഷ്ടപ്പാടുകള്‍ വരാതെ എന്റെ ജീവതത്തെ പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കാണ് എന്ന് പ്രതിജ്ഞ എടുക്കുക. ഇതാണ് ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള ആദ്യ കടമ്പ. വിവാഹിതരെങ്കില്‍, ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുമ്പോള്‍ പങ്കാളിയെ കൂടെ കൂട്ടുക. മക്കളുടെ വിദ്യാഭ്യാസം, സ്വപ്നഗൃഹം എന്തുമാകട്ടെ നിങ്ങളുടെ പ്ലാനില്‍ പങ്കാളിയുടെ സംഭാവന ഒഴിവാക്കാനാവില്ല. പ്ലാന്‍ ചെയ്യുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍, മെച്ചങ്ങള്‍, പരിമിതികള്‍, കാലാവധി എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. പണപ്പെരുപ്പത്തിന്റെ സാധ്യതകള്‍ കൂടി ഇതില്‍ പരിഗണിക്കണം. ഉദാഹരണത്തിന് വിദ്യാഭ്യാസത്തിന് ഇപ്പോഴത്തെ ചെലവായിരിക്കില്ല ഭാവിയില്‍.
മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക
റിട്ടയര്‍മെന്റ , മക്കളുടെ വിവാഹം തുടങ്ങിയവ നേരത്തെ പ്ലാന്‍ ചെയ്യുന്നതിലൂടെ ലക്ഷ്യങ്ങള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാനാകും. ഇനി ഇതിനുള്ള തുക എങ്ങനെ കണ്ടെത്തും എന്നാണോ ചിന്തിക്കുന്നത്. ചെലവുകളെല്ലാം കഴിഞ്ഞ് നിക്ഷേപത്തിനായി നിശ്ചിത തുക മാറ്റിവെക്കണം. അത് സാധ്യമാകണമെങ്കില്‍ നിങ്ങള്‍ക്കൊരു കുടുംബ ബജറ്റ് ഉണ്ടാകണം. ബജറ്റ് തയാറാക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക.
ആദ്യം സേവിംഗ്സ് പിന്നീട് ചെലവ്
വാറന്‍ ബഫെറ്റിന്റെ സുപ്രസിദ്ധ വാക്യം പോലെ ചെലവ് കഴിഞ്ഞിട്ടുള്ളവ അല്ല നിക്ഷേപം കഴിഞ്ഞിട്ടുള്ളവ ചെലവാക്കാന്‍ പഠിക്കുക. പിന്നീട് ആകട്ടെ എന്നതും ഇപ്പോഴുള്ള സുഖസൗകര്യങ്ങള്‍ ത്യജിക്കാന്‍ കഴിയാതെ വരുന്നതും പലരുടെയും പ്രശ്നമാണ്. എന്നാല്‍ ഇഥിനായി ഒരു ഉദാഹരണം പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ കുറച്ച് സ്ഥലം വാങ്ങി അതില്‍ വീട് വച്ചു. ഒരാള്‍ അതേ വിലയുള്ള ലക്ഷ്വറി കാര്‍ വാങ്ങി. എന്നാല്‍ കാര്‍ തുരുമ്പിച്ച് പോയ ആള്‍ ഇന്നും വാടക വീട്ടില്‍ കഴിയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ വീടും പറമ്പും വിറ്റ് ഇന്ന് മേറ്റേയാള്‍ അപ്പാര്‍ട്മെന്റും കൂടെ കാറും വാങ്ങി. എന്ത് തെരഞ്ഞെടുക്കുന്നു എന്നതാണ് സ്വത്ത് സമ്പാദനത്തിലെ കാമ്പ്.
ബജറ്റ് വേണം
കുടുംബത്തിലെ വരുമാനത്തിന്റെയും ചെലവിന്റെയും കണക്ക് സൂക്ഷിക്കുക. പലവ്യഞ്ജന കടയിലെ ഉള്‍പ്പടെ എല്ലാ ഷോപ്പിംഗിന്റെയും ചെലവുകള്‍, സിനിമാ ടിക്കറ്റ്, റെസ്റ്റോറന്റ ് ചെലവുകള്‍, ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ തുടങ്ങി ചെറുതെന്ന് തോന്നിക്കുന്ന ചെലവുകളും ബജറ്റിലുണ്ടാകണം. ചെലവുകള്‍ കണക്കുകൂട്ടിയെങ്കില്‍ ഇനി അവയെ മൂന്നായി തരം തിരിക്കുക. അത്യാവശ്യം, ആവശ്യം, ആഡംബരം എന്നിങ്ങനെ. വായ്പയുടെ ഇ.എം.ഐ, ഭക്ഷണചെലവുകള്‍, വീട്ടുവാടക, മരുന്നുകള്‍ തുടങ്ങിയവയെല്ലാം അത്യാവശ്യമായ ചെലവില്‍പ്പെടും. കുടുംബവുമൊത്ത് പുറത്തുപോകുക പോലെയുള്ളവയാണ് ആവശ്യം എന്ന ഗണത്തില്‍ വരുന്നത്. വിദേശ യാത്ര, ആഡംബര ഹോട്ടലില്‍ താമസം, സ്പാ തുടങ്ങിയ ആഡംബരങ്ങള്‍ ഒഴിവാക്കാം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കുറയ്ക്കുക, നേരത്തെ പ്ലാന്‍ ചെയ്തുള്ള ഷോപ്പിംഗ്, പുറത്തു പോയി ഭക്ഷണം കഴിക്കുന്നതിന്റെയും സിനിമ കാണുന്നതിന്റെ എണ്ണം കുറയ്ക്കുക, വൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് ചെലവുകള്‍ ചുരുക്കുക. ചെലവ് കുറയ്ക്കാന്‍ ബജറ്റ് ക്രമീകരണം കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ വരുമാനം കൂട്ടാനുള്ള വഴി തേടുക. പങ്കാളിക്കുകൂടി ജോലി നോക്കാം. ചെലവുകള്‍, വരുമാനം എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. നാളെക്ക് വേണ്ടി ഇന്ന് നീക്കി വയ്ക്കുന്ന ഓരോ നാണയത്തുട്ടും നിങ്ങളെ സാമ്പത്തിക ഭദ്രതയിലേക്ക് കൈപിടിച്ച് നടത്തിക്കും എന്ന തിരിച്ചറിവ് തന്നെയാണ് വലുത്. ലക്ഷ്യങ്ങള്‍ നിര്‍ണയിച്ച് മുന്നോട്ടു പോകൂ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it