ഭവനവായ്പ പലിശ കൂടിയവർ ബാധ്യത കുറയ്ക്കാൻ എന്തൊക്കെ ചെയ്യണം?
ആര്‍ബിഐ ഇക്കഴിഞ്ഞ പണനയ യോഗത്തിനുശേഷം റിപ്പോ നിരക്കില്‍ 35 അടിസ്ഥാന പോയിന്റ് വര്‍ധന പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്കിടെ അഞ്ച് തവണയാണ് ബാങ്ക് വായ്പകളെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന നടപ്പാക്കിയത്. ഇതോടെ ഭവന വായ്പ ഉള്‍പ്പെടെയുള്ള വായ്പാ പലിശ നിരക്കുകള്‍ വര്‍ധിച്ചു.
മെയ് മാസത്തിനു ശേഷം ആര്‍ബിഐ, റിപ്പോ നിരക്കില്‍ 225 അടിസ്ഥാന പോയിന്റ് (2.25%) വര്‍ധന വരുത്തിയിട്ടുണ്ട്. ഇതു ഫ്‌ളോട്ടിംഗ് അഥവാ റീപ്പോ ലിങ്ക്ഡ് നിരക്കില്‍ ഭവന വായ്പ എടുത്തവരുടെ പലിശ ഭാരവും വര്‍ധിപ്പിക്കുകയും പ്രതിമാസ തിരിച്ചടവ് (ഇഎംഐ) ഉയര്‍ത്തുകയും ചെയ്യും.
പലിശ വര്‍ധിപ്പിക്കുന്ന സാഹചര്യങ്ങളില്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍, ഇഎംഇ ഉയര്‍ത്തുന്നതിനു പകരം തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അവസരം ഉപയോക്താക്കള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ അഞ്ച് തവണയോളം പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇനിയും കാലാവധി നീട്ടല്‍ പ്രായോഗികമല്ല. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ഇഎംഐ തുക ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. ലോണുകളുടെ ബാധ്യത കുറയ്ക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ പ്രയോഗിക്കണം എന്നു നോക്കാം.
നിക്ഷേപ പദ്ധതികള്‍ ഉപയോഗപ്പെടുത്താം
കുറഞ്ഞ ആദായം നല്‍കുന്ന സമ്പാദ്യ പദ്ധതികള്‍ ഉണ്ടെങ്കില്‍ അവ പിന്‍വലിച്ച ശേഷം ഭവനവായ്പയുടെ മുതലിലേക്ക് അടയ്ക്കുക. പ്രിന്‍സപ്പല്‍ എമൗണ്ട് അഥവാ പ്രധാന ലോണ്‍ തുക കുറയ്ക്കാന്‍ ഇത് സഹായിക്കും. ഇത്തരത്തില്‍ വായ്പ ഭാഗികമായി നേരത്തെ തിരിച്ചടയ്ക്കുന്നത് ഇഎംഐ ബാധ്യത കുറയാന്‍ സഹായിക്കും. വായ്പയില്‍ ബാക്കിയുളള തുകയുടെ 5% വീതമെങ്കിലും എല്ലാ വര്‍ഷവും നേരത്തെ തിരിച്ചടയ്ക്കാന്‍ സാധിക്കുമെങ്കില്‍ 20 വര്‍ഷ കാലാവധിയിലേക്ക് എടുത്ത വായ്പ 12 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത്‌പോലെ ഒരു ഇഎംഐ തുക ഓരോ വര്‍ഷവും കൂട്ടി അടച്ചാല്‍ ഇതേ ലോണ്‍ 17 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം.
ഉപയോഗിക്കാത്ത വസ്തുക്കളും വാഹനങ്ങളും വില്‍ക്കാം
സ്വകാര്യ വസ്തുവകകള്‍ വില്‍ക്കാതെയും മറ്റുമാണ് നിങ്ങള്‍ ഭവനവായ്പ എടുത്തത് എങ്കില്‍ ഇപ്പോള്‍ അതിനുള്ള സമയമാണ്. ഉപയോഗിക്കാതെയുള്ള പുരാവസ്തുക്കള്‍, പഴയ വാഹനങ്ങള്‍, അധികം ആവശ്യമില്ലാത്ത സ്വര്‍ണാഭരണങ്ങള്‍, സ്ഥലം, പഴയ വീട് എന്നിവ ഉചിതമായ രീതിയില്‍ വിറ്റ് ആ തുക നിങ്ങളുടെ ലോണ്‍ പ്രിന്‍സിപ്പല്‍ എമൗണ്ടിലേക്ക് ചേര്‍ക്കാം.
ഓര്‍ക്കുക ഭവനവായ്പ അധികതുക അടച്ചാലും വ്യക്തിഗത വായ്പകള്‍ എടുത്ത് ഭവനവായ്പ അടയ്ക്കുകയോ ആകെയുള്ള സമ്പാദ്യ പദ്ധതികളിലെ തുക ഇതിലേക്കായി മാറ്റുകയോ ചെയ്യുന്നത് മണ്ടത്തരമാണ്. കലാവധി കൂട്ടാത്തവര്‍ ലോണ്‍ കാലാവധിക്കായി അപേക്ഷിക്കുക. നിലവിലെ പലിശ നിരക്കുകള്‍ വിവിധ ബാങ്കുകളുടേതുമായി താരതമ്യം ചെയ്ത് ലോണ്‍ പോര്‍ട്ട് ചെയ്യാനും ശ്രമിക്കാം.