ക്ഷേമ പെന്‍ഷന്‍ 2,500 രൂപയാക്കുമ്പോള്‍ ഖജനാവിന്റെ ചെലവ് എന്താകും?

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് പുറത്തിറക്കിയ കണക്കനുസരിച്ച് കേരളത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ എണ്ണം 59.5 ലക്ഷം പേരാണ്. ഇപ്പോഴത്തെ നിരക്കില്‍ 1,600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. അതായത് മാസം 95.2 കോടി രൂപ. കേരളത്തിലെ ഇപ്പോഴത്തെ ഭരണ കക്ഷിയായ ഇടതു ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയിലെ വാഗ്ദാനം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ തുക പ്രതിമാസം 2,500 രൂയാക്കി ഉയര്‍ത്തുമെന്നാണ്. ഇപ്പോഴുള്ള 1,600 രൂപയുടെ കൂടെ 900 രൂപ കൂടി ചേരുമ്പോള്‍ സംസ്ഥാന ഖജനാവിന് വരുന്ന അധിക ബാധ്യത 53.5 കോടി രൂപയാണ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന വ്യക്തികളുടെ എണ്ണം ഇപ്പോഴത്തെ നിലയില്‍ നില്‍ക്കുകയാണെങ്കില്‍ മാത്രമാണ് സര്‍ക്കാരിന്റെ ബാധ്യത ഈ നിലയില്‍ നില്‍ക്കുക. പെന്‍ഷന്‍ തുക ഉയരുന്നതു പോലെ കൊല്ലം തോറും ക്ഷേമ പെന്‍ഷന്‍ ആവശ്യമായി വരുന്നവരുടെ എണ്ണവും ഉയരുകയാണെങ്കില്‍ ഈ കണക്കുകള്‍ തലകുത്തി വീഴും.

ഇടതു മുന്നണിയുടെ മാനിഫെസ്റ്റോയെ കടത്തി വെട്ടി പെന്‍ഷന്‍ തുക 3,000 ആക്കുമെന്ന പ്രഖ്യാപനവുമായി ഐക്യ ജനാധിപത്യ മുന്നണിയും പുറത്തു വന്നതോടെ ക്ഷേമ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള മത്സരം ഉച്ചസ്ഥായിലായി. മാസം തോറും പാവപ്പെട്ടവര്‍ക്ക് 6,000 രൂപ നല്‍കുന്ന ന്യായ് പദ്ധതിയാണ് ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രധാന വാഗ്ദാനം. ന്യായത്തിനു പുറമെയാണോ ക്ഷേമ പെന്‍ഷന്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിജെപി-യുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയും ക്ഷേമ പ്രഖ്യാപനങ്ങളുടെ കാര്യത്തില്‍ പിന്നിലാവില്ല എന്നാണ് കരുതേണ്ടത്.
ക്ഷേമ പെന്‍ഷന് പുറമെ ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചുകൊണ്ട് വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്ന മറ്റൊരു വാഗ്ദാനവും ഇടതുമുന്നണിയുടെ മാനിഫെസ്റ്റോ മുന്നോട്ടു വയ്ക്കുന്നു. അതിന്റെ തുക എത്രയാണെന്നു പറഞ്ഞിട്ടില്ല. ഏതായാലും സര്‍ക്കാര്‍ ചെലവിന്റെ ഭാരം ഒന്നുകൂടി ഉയര്‍ത്തുന്ന ഈ പദ്ധതിയുടെ ഭാരം എത്രയാണെന്ന് വരും ദിനങ്ങളില്‍ കൂടുതല്‍ വ്യക്തമാവും. റബ്ബഴിന് താങ്ങു വില 250 രൂപ മുതലുള്ള നിരവധി വാഗ്ദാനങ്ങള്‍ വേറെയുണ്ട്.
സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്കായി ഇത്രയധികം തുക ചിലവഴിക്കാനുള്ള വിഭവ ശ്രോതസ്സുകള്‍ കേരളത്തിന് ലഭ്യമാണോയെന്ന വിഷയം വാഗ്ദാനങ്ങളുടെ പെരുമഴയില്‍ മുന്നണികള്‍ പരിഗണനയില്‍ എടുക്കാറില്ല. തെരഞ്ഞെടുപ്പില്‍ ഈയൊരു വിഷയം ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിഷയവും ആകുന്നതല്ല. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു മുന്നണികളുടെയും മാനിഫെസ്റ്റോയിലം ക്ഷേമ വാഗ്ദാനങ്ങള്‍ പുറത്തു വന്ന സ്ഥിതിക്ക് ഇവ നടപ്പിലാക്കുന്നതിന് ശരാശരി എത്ര തുക കണ്ടെത്തേണ്ടി വരം എന്ന വിശകലനം അത്യന്താപേക്ഷിതമാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍സ് ആന്റ് ടാക്‌സേ്ഷന്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ കെ.ജെ. ജോസഫ് നടത്തിയ ഒര നിരീക്ഷണം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. 2021 ധനകാര്യ വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ വകയിരുത്തിയ റവന്യു ചെലവ് മൊത്തം 1.44 കോടി രൂപയാണ്. ഇതില്‍ 1.29 ലക്ഷം കോടി രൂപ ശമ്പളം, പെന്‍ഷന്‍ തിരിച്ചടവ് തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടിയാണ്. അതായത് മൊത്തം തുകയുടെ 90.1 ശതമാനവും കമിറ്റഡ് എക്‌സപെന്‍ഡിച്ചര്‍ അഥവ മുന്‍കൂട്ടി നിശ്ചയിച്ച ഒഴിവാക്കാനാവാത്ത ഗണത്തില്‍ വരുന്നതാണ് ഈ ചെലവുകള്‍. ഇതു കഴിഞ്ഞാല്‍ ബാക്കി വരുന്ന 14,000 കോടി രൂപയാണ് സാമ്പത്തിക മേഖലയുടെ ദീര്‍ഘകാല വികസനത്തിന് വഴിതെളിക്കുന്ന മൂലധന നിക്ഷേപത്തിനായി ബാക്കി വരുന്ന തുക. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 0.9 ശതമാനം ആണ് മൂലധന നിക്ഷേപത്തിന് ലങിക്കുന്ന തുക.
ചുരുക്കത്തില്‍ മൂലധന നിക്ഷേപത്തിന് വേണ്ടി മാത്രമല്ല ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് വേണ്ടിയും വായ്പ എടുക്കല്‍ അല്ലാതെ കേരളത്തിന്റെ മുന്നില്‍ മറ്റു വലിയ സാധ്യതകള്‍ ഇല്ലെന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ക്ഷേമ പദ്ധതികളുടെ ധാരാളിത്തം ഈയൊരു സ്ഥിതിവിശേഷത്തെ ഒന്നുകൂടി രൂക്ഷമാക്കുന്നതിന് വഴിയൊരുക്കുമെന്നു് സാമ്പത്തിക വിദഗ്ധര്‍ ഭയപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it