സ്ത്രീകള്‍ പണം നിക്ഷേപിക്കുന്നത് എവിടെയാണ്?
പകുതിയിലേറെ സ്ത്രീകളും പണം നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നത് സ്ഥിരനിക്ഷേപങ്ങളിലും പ്രൊവിഡന്റ് ഫണ്ടിലും. അതുമല്ലെങ്കില്‍ സേവിംഗ്‌സ് നിക്ഷേപത്തില്‍ തന്നെയിടും. പണത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കുന്ന ശീലം സ്ത്രീകള്‍ക്ക് കുറവാണെന്ന് പുതിയ സര്‍വേ.
തങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ അത്യധികം ജാഗരൂപരാണ് സ്ത്രീകള്‍. 58 ശതമാനം പേരും തെരഞ്ഞെടുക്കുന്നത് സ്ഥിരനിക്ഷേപവും പബ്ലിക് പ്രൊവിഡന്റ് ഫണ്ടുമാണ്. ആറ് ശതമാനം പേര്‍ സ്വര്‍ണ്ണം വാങ്ങുന്നു. 15 ശതമാനം പേര്‍ മാത്രമാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത്. കൃത്യമായ ഒരു ഫിനാന്‍ഷ്യല്‍ ഗോള്‍ ഇല്ലെന്ന് 25 ശതമാനം സ്ത്രീകള്‍ സമ്മതിച്ചു.
ഓണ്‍ലൈന്‍ ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന സ്‌ക്രിപ്‌ബോക്‌സ് എന്ന സ്ഥാപനമാണ് സ്ത്രീകളുടെ നിക്ഷേപതാല്‍പ്പര്യങ്ങളെക്കുറിച്ച് സര്‍വേ നടത്തിയത്. ഒക്ടോബര്‍ ആദ്യരണ്ട് ആഴ്ചകളില്‍ 400 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇതില്‍ 54 ശതമാനം പേര്‍ മില്ലനിയല്‍സ് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു.
മില്ലനിയല്‍സില്‍ ആറ് ശതമാനം പേര്‍ വെക്കേഷന് വേണ്ടി പണം മാറ്റിവെക്കാന്‍ തുടങ്ങിയിരിക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. എന്നാല്‍ പ്രായം കൂടിയവര്‍ തങ്ങളുടെ ഫിനാന്‍ഷ്യല്‍ ഗോളായി പറഞ്ഞത് റിട്ടയര്‍മെന്റിനുശേഷമുള്ള ജീവിതവും കുട്ടികളുടെ വിദ്യാഭ്യാസവുമാണ്.
സ്ത്രീകള്‍ക്ക് മുഖ്യം തങ്ങളുടെ പണത്തിന്റെ സുരക്ഷിതത്വം മാത്രമല്ല, ആവശ്യം വന്നാല്‍ അവ എടുക്കാനും സാധിക്കണം എന്നതുകൂടിയാണെന്ന് സര്‍വേഫലം വെളിവാക്കുന്നു