ഫിക്‌സഡ് ഡെപ്പോസിറ്റ്; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കുകള്‍ ഏതാണ്?

സുരക്ഷിത നിക്ഷേപ പദ്ധതി എന്ന നിലയില്‍ നിരവധി പേരാണ് സ്ഥിര നിക്ഷേപ പദ്ധതി അഥവാ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ നടത്തുന്നത്. എന്നാല്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന തുക വലുതെങ്കില്‍ വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുന്നത് വഴി ഭാവിയില്‍ റിസ്‌ക് ഒഴിവാക്കാവുന്നതാണ്. മികച്ച പലിശയും ലഭിക്കും. എന്നാല്‍ വീട്ടിലുള്ള മുതിര്‍ന്നവരുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തുകയാണെങ്കില്‍ മികച്ച പലിശ തന്നെ ലഭിക്കും. റിട്ടയര്‍മെന്റിന്റെ സമയത്ത് പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യും. ഇതാ സ്ഥിര നിക്ഷേപ പദ്ധതികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച പലിശ നല്‍കുന്ന ബാങ്കുകളെ അറിയാം.

എസ്ബിഐ - സീനിയര്‍ സിറ്റിസണ്‍ സ്ഥിര നിക്ഷേപ പദ്ധതി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ സ്ഥിര നിക്ഷേപ പദ്ധതിക്ക് 80 ബേസിസ് പോയിന്റ് അധിക പലിശയാണ് നല്‍കുന്നത്. ഇതനുസരിച്ച് സാധാരണ നിക്ഷേപകര്‍ക്ക് 5.4 ശതമാനം ആണ് പലിശ നല്‍കുമ്പോള്‍ മുതിര്‍ന്ന പൗരന്മാരുടെ പ്രത്യേക എഫ്ഡി സ്‌കീമിന് കീഴില്‍ 6.20 ശതമാനം ലിശ ലഭിക്കുന്നു. എസ്ബിഐ വി കെയര്‍ എന്ന നിക്ഷേപ പദ്ധതിക്ക് കീഴില്‍ 2021 സെപ്റ്റംബര്‍ 30 വരെ നിക്ഷേപം നടത്താം.
ഐസിഐസിഐ - ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡി
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക ഐസിഐസിഐ ബാങ്ക് എഫ്ഡി പദ്ധതിയെ ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡിയെന്നാണ് വിളിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് 6.30 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. സാധാരണ എഫ്ഡി നിക്ഷേപകരുമായി താരതമ്യം ചെയ്യുമ്പോള്‍ ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 80 ബിപിഎസ് അധിക എഫ്ഡി പലിശനിരക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണ വ്യക്തികള്‍ക്ക് അഞ്ച് വര്‍ഷവും അതിനുമുകളിലും ഉള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം ലഭിക്കുന്നതെങ്കില്‍ 60 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡിയിലൂടെ 6.30 ശതമാനം പലിശ ലഭിക്കുന്നു.
ബാങ്ക് ഓഫ് ബറോഡ
6.25 പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്‍മാരുടെ പ്രത്യേക എഫ്ഡി പദ്ധതിക്ക് ബാങ്ക് ഓഫ് ബറോഡയും നല്‍കുന്നത്. എന്നാല്‍ 7.4 ശതമാനം പലിശ നിരക്കുള്ള പ്രത്യേക സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമും ബാങ്ക് ഓഫ് ബറോഡയിലുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കാണ് ഇത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ വ്യക്തികളേക്കാള്‍ 100 ബേസിസ് പോയിന്റെ അധിക പലിശയാണ് ബാങ്ക് ഓഫ് ബറോഡ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളില്‍ നിന്നുള്ള വായ്പയുടെ പലിശ നിരക്ക് ഡെപ്പോസിറ്റ് നിരക്കിനേക്കാള്‍ 1.25% ഈടാക്കും.
യെസ് ബാങ്ക്
6.75 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ ഫിക്‌സഡ് ഡെപ്പോസിറ്റിന് നല്‍കുന്നത്. അഞ്ച് വര്‍ഷത്തിന് മേലെയുള്ള സ്ഥിരനിക്ഷേപമാകണമെന്നതാണ് മാനദണ്ഡം. 6.50 ആണ് മറ്റു വ്യക്തികള്‍ക്ക് നല്‍കുന്ന പലിശ നിരക്ക്.
എച്ച്ഡിഎഫ്‌സി -സീനിയര്‍ സിറ്റീസണ്‍ എഫ്ഡി സ്‌കീം
60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക സീനിയര്‍ സിറ്റീസണ്‍ എഫ്ഡി സ്‌കീം എച്ച്ഡിഎഫ്‌സിയും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ 6.25 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുക. എച്ച്ഡിഎഫ്‌സി ബാങ്ക് 70 ബേസിസ് പോയിന്റുകളുടെ അധിക പലിശയാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കുന്നത്. അഞ്ച് വര്‍ഷത്തിന് മുകളില്‍ 10 വര്‍ഷം വരെയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ പ്രത്യേക എഫ്ഡിക്ക് ഇത്തരത്തില്‍ 6.25 ശതമാനം പലിശ ലഭിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it