ഏത് ലോണ്‍ ആദ്യം തിരിച്ചടയ്ക്കണം? കടം വീട്ടാന്‍ ഒരു സ്മാര്‍ട്ട് വഴി

ഇന്നത്തെ കാലത്ത് ലോണുകളേതെങ്കിലും ഇല്ലാത്തവര്‍ ചുരുക്കമാണ്. പല വായ്പകളുമായി ജീവിക്കുമ്പോള്‍ പലപ്പോഴും തിരിച്ചടവ് വിചാരിച്ചത് പോലെ നടക്കണമെന്നില്ല. വിചാരിക്കാതെ കടക്കെണിയില്‍ വീഴാനും സാധ്യത കൂടുതലാണ്. ക്രെഡിറ്റ് കാര്‍ഡ് വായ്പകളും മറ്റും പലിശ മാത്രം അടച്ച് മുന്നോട്ട് പോയാല്‍ തല വെദന ഒഴിവാക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഇത് ക്രെഡിറ്റ് സ്‌കോറിനെയും ഇത് ബാധിച്ചേക്കും. പലിശ നിരക്കായിരിക്കണം എപ്പോഴും വായ്പാ തിരിച്ചടവിന്റെ പരിഗണന മാനദണ്ഡം. മുന്‍ഗണനാക്രമത്തില്‍ വായ്പ അടച്ച് തീര്‍ക്കാന്‍ സ്മാര്‍ട്ട് വഴിയിതാ.

ആദ്യം ക്രെഡിറ്റ് കാര്‍ഡ് വായ്പ
ടോപ് ലിസ്റ്റില്‍ ആയിരിക്കണം ഈ വായ്പ. സാധാരണ നിലയില്‍ 40 മുതല്‍ 55 ദിവസം വരെ പലിശിയില്ലാതെ ലഭിക്കുന്ന വായ്പ എന്ന നിലയില്‍ അത്യാവശ്യം കാര്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ നല്ലതാണ്. എന്നാല്‍ ഇതൊരു ഇരട്ടവായ്ത്തലയുള്ള വാളാണ്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ആപത്താണ്. കഴിയുന്നതും ഡ്യൂ ഡേറ്റിന് മുമ്പ് തന്നെ പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലെ പലിശ നിരക്ക് 36 ശതമാനത്തിന് മുകളിലായതിനാല്‍ പ്രഥമ പരിഗണന നല്‍കേണ്ടതും ഈ വായ്പയ്ക്കായിരിക്കണം.
ഗാഡ്ജറ്റ്/ കണ്‍സ്യൂമര്‍ ലോണുകള്‍
ക്രെഡിറ്റ് കാര്‍ഡ് വായ്പ പോലെ ക്രെഡിറ്റ് സ്‌കോര്‍ മോശമാക്കുന്ന ഒന്നാണ് കണ്‍സ്യൂമര്‍ ലോണുകളും. ചെക്ക് മടങ്ങുന്നതും കൂട്ടുപലിശയാകുന്നതുമുള്‍പ്പെടെ വന്‍ തലവേദനയാകും ഇവ സൃഷ്ടിക്കുക. അതിനാല്‍ കണ്‍സ്യൂമര്‍ വായ്പകളില്‍ വീഴ്ച വരാതെ നോക്കണം.
സ്വര്‍ണ പണയ വായ്പ
പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ 7-8 ശതമാനം നിരക്കിലാണ് സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്നത്. അതേസമയം പല സ്വകാര്യ സ്വര്‍ണപണയ സ്ഥാപനങ്ങളുടെ പലിശ നിരക്ക് 12 ശതമാനത്തോളമാണ്. ഗ്രാമിന് ആവശ്യപ്പെട്ട തുകയനുസരിച്ച് ഇത് 20 ശതമാനം വരെ ആകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലിശ നിരക്കനുസരിച്ച് വ്യക്തിഗത വായ്പയും സ്വര്‍ണ വായ്പയും തമ്മില്‍ താരതമ്യം ചെയ്ത് വേണം ബാധ്യത തീര്‍ക്കാന്‍.
വാഹന വായ്പ
വാഹനവായ്പ പലിശ നിരക്ക് 8-8.5 ശതമാനത്തില്‍ ഒതുങ്ങുന്നതിനാല്‍ അടുത്ത പരിഗണന ഇതിന് നല്‍കാം. വാഹന വായ്പകള്‍ സാധാരണ നിലയില്‍ 5-7 വര്‍ഷം കാലാവധിയുള്ളതാണ്. ഒരിക്കല്‍ അടവ് തീര്‍ന്നു കഴിഞ്ഞാല്‍ പേഴ്സണല്‍, ക്രെഡിറ്റ് കാര്‍ഡ്, പണയ വായ്പകള്‍ തുടരുന്നുണ്ടെങ്കില്‍ ഇത് അടച്ച് തീര്‍ന്നിട്ടേ വാഹനം അപ്ഗ്രേഡ് ചെയ്യുന്ന കാര്യം കണക്കിലെടുക്കാവൂ.
ഭവന വായ്പ
പലിശ നിരക്ക് താരതമ്യേന കുറവുള്ളതും ആദായ നികുതി ഒഴിവ് ലഭിക്കുന്നതിനാലും അവസാനം മാത്രം തിരിച്ചടവിന് പരിഗണിക്കേണ്ടതാണ് ഭവന വായ്പ. എന്നാല്‍ തവണ വായ്പകള്‍ മുടക്കരുത്. വരുമാനം നേരിയ തോതിലെങ്കിലും കൂടുന്ന പക്ഷം ഇതിന്റെ മുതലിലേക്ക് കൂട്ടി അടച്ചുകൊണ്ടിരുന്നാല്‍ പലിശ ഇനത്തില്‍ വലിയ തുക ലാഭിക്കാന്‍ കഴിഞ്ഞേക്കും.


Related Articles

Next Story

Videos

Share it