ബിനാമി നിയമം നിങ്ങളെ എങ്ങനെ ബാധിക്കും?
കള്ളപ്പണം ഒളിപ്പിക്കുന്നതിനായി ബിനാമിയുടെ പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയവര്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് ബിനാമി ട്രാന്‍സാക്ഷന്‍സ് (പ്രൊഹിബിഷന്‍) അമെന്‍ഡഡ് ആക്ട്, 2016. 1988 ലെ ദി ബിനാമി ട്രാന്‍സാക്ഷന്‍സ് (പ്രൊഹിബിഷന്‍) ആക്ടിലെ പഴുതുകള്‍ അടച്ചുകൊണ്ടുള്ള പുതിയ നിയമം രാജ്യത്തെ കള്ളപ്പണത്തിനെതിരായ ശക്തമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
കറന്‍സി പിന്‍വലിക്കല്‍ നടപടിക്കു പിന്നാലെ തന്നെ, ബിനാമി സ്വത്ത് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ബിനാമി ആക്ട്, ബ്ലാക്ക് മണി ആക്ട് എന്നിവ കേവലം ബിനാമി സ്ഥലമിടപാടിന് എതിരെ മാത്രമല്ല സാമ്പത്തിക സ്വത്തുവകകള്‍ക്ക് എല്ലാം ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകര്‍ ഇനി ഏറെ ശ്രദ്ധിക്കണമെന്നര്‍ത്ഥം. ദുരുദ്ദേശപരമല്ലാതെ നിക്ഷേപം നടത്തുന്നവരും, നിയമത്തില്‍ വന്ന മാറ്റം അറിയാതിരുന്നാല്‍ ശിക്ഷിക്കപ്പെടാം.
സത്യസന്ധനായ നികുതിദായകന് ഈ രണ്ട് നിയമങ്ങളിലും പേടിക്കേണ്ടതായിട്ട് ഒന്നുമില്ല. എന്നാല്‍ കുടുംബത്തിലെ മറ്റാരുടെയെങ്കിലും പേരില്‍ നിങ്ങള്‍ സ്വത്ത് സമ്പാദിക്കുകയും അതില്‍ ഒരിടത്തും നിങ്ങളുടെ പേര് പരാമര്‍ശിക്കപ്പെടാതെയിരിക്കുകയ ും ചെയ്താല്‍ ശിക്ഷാനടപടിക്ക് സാധ്യതയുണ്ട്. ഉദാഹരണത്തിന് ഒരാള്‍ മാതാപിതാക്കളുടെ പേരില്‍ സ്ഥലമോ മറ്റു സ്വത്ത് വകകളോ സ്വന്തമാക്കുമ്പോള്‍ സ്വന്തം പേര് പരാമര്‍ശിക്കപ്പെടാതിരുന്നാല്‍ അത് ബിനാമി ഇടപാടായി കണക്കാക്കും. ഇനി, നിയമാനുസൃതമായ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെങ്കില്‍ കൂടി അതില്‍ മാറ്റമുണ്ടാകില്ല.
സ്ഥലമോ സ്വത്തുക്കളോ വാങ്ങുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് വാങ്ങുന്നത് ആരുടെ പേരില്‍? ആരാണ് ഇതിനായി പണം മുടക്കുന്നത്? പണം നല്‍കുന്നയാള്‍ക്ക് എക്കൗണ്ട് ഉള്ളയാളാണോ അല്ലയോ? നിങ്ങള്‍ കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും പേരിലാേണാ നിക്ഷേപം നടത്തുന്നത്? നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് സമ്മാനമായി അത് നല്‍കാനാകുമോ? യഥാര്‍ത്ഥത്തില്‍ സമ്മാനമായി തന്നെ നല്‍കിയതാണെങ്കില്‍ അതിന് ബിനാമി ആക്ട് ബാധകമാകുമോ? നിയമാനുസൃതമാകുന്നതിനും അല്ലാതാകുന്നതിനും നേരിയ അതിര്‍വരമ്പ് മാത്രമേയുള്ളൂ. ചെറിയൊരു പാളിച്ച നിങ്ങളുടെ ഇടപാട് കുറ്റകരമാക്കുമെന്ന് സാരം.
എന്താണ് ബിനാമി സ്വത്ത്?
അഴിമതിയാണ് ബിനാമി സ്വത്തുക്കളുടെ ഉറവിടം. കൈക്കൂലി പണമായി മാത്രമല്ല സ്വര്‍ണം, ഡയമണ്ട്, ഭൂമി, വീട്, കാര്‍, കമ്പനിയുടെ ഓഹരി എന്നിവയായി എല്ലാം നല്‍കപ്പെടാം. ഇത്തരത്തില്‍ കൈക്കൂലി വാങ്ങുന്നവര്‍ അത് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യില്ല. എന്നാല്‍ അതിന്റെ നിയന്ത്രണാധികാരം ഉണ്ടാവുകയും ചെയ്യും. സാധാരണയായി കുടുംബാംഗങ്ങളുടേയോ അടുത്ത സുഹൃത്തുക്കളുടേയോ പേരിലാവും സ്വത്ത് രജിസ്റ്റര്‍ ചെയ്യുക. പാചകക്കാരന്‍, വേലക്കാരന്‍, പ്യൂണ്‍, ഡ്രൈവര്‍ തുടങ്ങിയവരുടെ പേരില്‍ പോലും രജിസ്റ്റര്‍ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇക്കാര്യം ചിലപ്പോള്‍ അറിഞ്ഞെന്നു തന്നെ വരില്ല. ചിലപ്പോള്‍ പാന്‍കാര്‍ഡ് നമ്പര്‍ ലഭിക്കുന്നതിനായി ചില്ലറ അവര്‍ക്ക് നല്‍കിയെന്നും വരാം.
ഒരാളുടെ സ്വത്ത് മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് അത് ബിനാമി ഇടപാടായി മാറുന്നത്. അത് സ്ഥാവരമോ ജംഗമമോ, ലീഗല്‍ ഡോക്യുമെന്റ്‌സോ, സ്വര്‍ണമോ അടക്കമുള്ള ഏതു തരത്തിലുള്ള ഫിനാന്‍ഷ്യല്‍ അസെറ്റും ആകാം.
ഉദാഹരണത്തിന് നിങ്ങളുടെ സഹോദരിയുടെ പേരിലുള്ള സ്വത്തിന് നിങ്ങള്‍ പണം മുടക്കുകയോ അതല്ലെങ്കില്‍ സഹോദരന്റെ ബാങ്ക് എക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയോ ചെയ്താല്‍ അത് ബിനാമി ഇടപാടായി മാറിയേക്കാം. അതിന് പല കാരണങ്ങള്‍ നിങ്ങള്‍ക്ക് പറയാനുണ്ടാകാം. അതൊന്നും ഇവിടെ പ്രസക്തമാകില്ല. നിങ്ങള്‍ ഒരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത ശേഷം നിങ്ങളുടെ സ്വത്തുവകകളെല്ലാം മറ്റൊരാളുടെ പേരിലാക്കുകയാണെങ്കില്‍, ആ സ്വത്തു വകകളില്‍ നിങ്ങളുടെ ഉടമസ്ഥാവകാശം പരാമര്‍ശിക്കപ്പെടുന്നില്ലെങ്കി ല്‍ നിങ്ങള്‍ വായ്പ തിരിച്ചടയ്ക്കാത്ത പക്ഷം ബാങ്കിന് നടപടിയെടുക്കാന്‍ കഴിയാതെ വരും. ഇവിടെയാണ് ബിനാമി ആക്ടിന്റെ പ്രസക്തി.
ഇത്തരത്തിലുള്ള നടപടികള്‍ നിങ്ങള്‍ക്കു തന്നെ ഇനി വിനയായി മാറും. നിങ്ങള്‍ നിയമാനുസൃതം സമ്പാദിച്ച സ്വത്തു പോലും കള്ളയിടപാടായിമാറ്റുന്നതിനു തുല്യമാണിത്. ബിനാമി ആക്ടിനെ കുറിച്ച് അറിഞ്ഞാല്‍ ഈ കുരുക്കില്‍ പെടുന്നതില്‍ നിന്ന് രക്ഷപ്പെടാം. ഈ നിയമപ്രകാരം ബിനാമി സ്വത്ത് സര്‍ക്കാരിന് പിടിച്ചെടുക്കാം. കൂടാതെ കുറ്റം ചെയ്തയാള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും ബിനാമി സ്വത്തിന്റെ വിപണി മൂല്യത്തിന്റെ 25 ശതമാനം പിഴയടക്കാനുമുള്ള ശിക്ഷ ലഭിക്കും. ഇതോടൊപ്പം ബോധപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ആറു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും സ്വത്തിന്റെ പത്തു ശതമാനത്തിന് തുല്യമായ തുക പിഴയും ലഭിക്കും.
ബിനാമി ട്രാന്‍സാക്ഷന്‍സ് (പ്രൊഹിബിഷന്‍)അമെന്‍ഡഡ് ആക്ട്, 2016 പ്രകാരം ബിനാമി സ്വത്തായി പരിഗണിക്കാനുള്ള സാഹചര്യം ഇവയാണ്.
- സ്വത്തിന്റെ യഥാര്‍ത്ഥ ഉടമയോ, ആരുടെ പേരിലാണോ സ്വത്ത് ഉള്ളത് അയാളോ ആ സ്വത്തിനായി പണം മുടക്കിയിട്ടില്ലെങ്കില്‍, മറ്റാരെങ്കിലുമാണ് മുടക്കിയതെങ്കില്‍...
- സാങ്കല്‍പ്പികമായ ഒരു പേരിലാണ് സ്വത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കില്‍
- ആരുടെ പേരിലാണ് സ്വത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അയാള്‍ ഉടമസ്ഥാവകാശത്തെ കുറിച്ച് അറിയില്ലെന്ന് പറ ഞ്ഞാല്‍...
- ഒരാള്‍ പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട് മുടക്കിയ തുകയെ കുറിച്ച് വിവരമൊന്നും ലഭിക്കാതെയായാല്‍
നിങ്ങളുടേത് ബിനാമി സ്വത്താണോ?
ആക്ട് ഭേദഗതി ചെയ്തപ്പോള്‍ വസ്തുവിന്മേല്‍ മാത്രമല്ല എല്ലാ ധനകാര്യ ഇടപാടുകളെയും ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. അതുകൊണ്ടു തന്നെ നിങ്ങള്‍ അധ്വാനിച്ച് നേടിയ പണം ജീവിത പങ്കാളിയുടേയോ കുട്ടികളുടേയൊ മാതാപിതാക്കളുടേയോ മറ്റു കുടുംബാംഗങ്ങളുടേയോ പേരില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ചിന്തിക്കുക. നിങ്ങളുടെ പണം കൊടുത്തു വാങ്ങുന്ന സ്വത്ത് സ്വന്തം പേരിലോ അതല്ലെങ്കില്‍ ജോയ്ന്റ് എക്കൗണ്ടിലോ രജിസ്റ്റര്‍ ചെയ്യുക.
ഒരു സ്വത്ത് ബിനാമിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് താഴെ പറയുന്ന ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ്.
* വസ്തുവിനായി മുടക്കിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തിയതാണോ അല്ലയോ
* മറ്റൊരാളുടെ പേരില്‍ വസ്തു വാങ്ങിയതിന് പിന്നിലുള്ള ഉദ്ദേശം
* വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥതാവകാശവും അതു സംബന്ധിച്ച രേഖകള്‍ * വസ്തുവില്‍ നിന്നുള്ള ആദായം സംബന്ധിച്ച വിവരങ്ങള്‍ വരുമാന നികുതി റിട്ടേണില്‍ കാണിച്ചിട്ടുണ്ടോ
* നിങ്ങള്‍ സമ്മാനമായി നല്‍കിയതാണെങ്കില്‍, അത് തെളിയിക്കുന്ന തരത്തിലുള്ള രേഖകളും അതിന്റെ യാഥാര്‍ത്ഥ്യവും പരിശോധിച്ച് നികുതിഭാരം കുറയ്ക്കാനായി നിയമാനുസൃതമായ വഴി തേടിയതാണെന്ന് ഇവയ്ക്കുള്ള മറുപടി ബോധ്യപ്പെട്ടാല്‍ അത് ബിനാമിയായി കണക്കാക്കുകയില്ല. ഒരു കുടുംബാംഗവുമായി കൂട്ടുചേര്‍ന്ന് സ്വത്ത് വാങ്ങുമ്പോള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന കുടുംബപ്രശ്‌നം ഒഴിവാക്കാനാകും. ജീവിത പങ്കാളിയോട് ചേര്‍ന്ന് വസ്തു വാങ്ങുമ്പോള്‍ ഭവന വായ്പയുമായി ബന്ധപ്പെട്ട നികുതിയിളവ് രണ്ടു പേര്‍ക്കും ലഭിക്കും. കൂടാതെ രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും കുറയുകയും ചെയ്യും. ഇത്തരത്തിലുള്ള വസ്തു ബിനാമിയായി കണക്കാക്കില്ല.
ജീവിതപങ്കാളിയുടേയോ കുട്ടികളുടേയോ പേരിലുള്ളത്
ജീവിത പങ്കാളിയുടേയോ കുട്ടികളുടേയോ പേരിലുള്ള വസ്തു കൈവശം വയ്ക്കുകയും അത് നിയമാനുസൃതമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതുമാണെങ്കില്‍ ബിനാമി പരിധിയില്‍ വരില്ലെന്നാണ് ആക്ടില്‍ പറയുന്നത്. അതേസമയം മറ്റൊന്നുമായി കൂട്ടിയോജിപ്പിച്ച് ഇത് ചെയ്യാനാവില്ല. ഉദാഹരണത്തിന്, നിങ്ങളുടെ പങ്കാളിയുടെ പേരില്‍ നിങ്ങള്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം ഇടുകയാണെങ്കില്‍ അത് ബിനാമി അസറ്റ് ആകില്ല. എന്നാല്‍ അതിന്റെ പലിശ വരുമാനത്തിന്മേലുള്ള നികുതി നിങ്ങളുടെ വരുമാനവുമായി കൂട്ടിച്ചേര്‍ക്കുകയും നികുതി നല്‍കേണ്ടി വരികയും ചെയ്യും. നികുതി ഭാരം കുറയ്ക്കാന്‍ പങ്കാളിയുടെ ലോ ടാക്‌സ് ബ്രാക്കറ്റ് സൗകര്യം ഉപയോഗപ്പെടുത്താനാവില്ല. നികുതിവെട്ടിപ്പ് തടയുന്നതിനാണ് ഈ പ്രൊവിഷന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ അത് തീര്‍ത്തും സമ്മാനമായി നല്‍കിയതാണെന്നും ആ തുകയില്‍ നിങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഇല്ലെന്നും ബോധ്യപ്പെടുത്തിയാല്‍ നികുതി നല്‍കേണ്ടതില്ല.
ബിനാമി സ്വത്തും സമ്മാനവും
സമ്മാനമായി കിട്ടിയ തുകകൊണ്ട് വാങ്ങുന്ന വസ്തുവോ മറ്റു ധനകാര്യ സ്വത്തു വകകളോ ബിനാമി സ്വത്തായി പരിഗണിക്കപ്പെടുകയില്ല. നിക്ഷേപത്തിന് കൂടുതല്‍ പലിശ നിരക്ക് ലഭിക്കുന്നതിനോ നികുതി ഭാരത്തില്‍ നിന്ന് ഒഴിയാനോ ആണ് സമ്മാനം നല്‍കുന്നതാണെങ്കില്‍ പിടിവീഴും.
സമ്മാനമായി നല്‍കിയതാണെന്നതിന് രേഖകള്‍ ഹാജരാക്കണം. പങ്കാളിക്കോ മക്കള്‍ക്കോ നല്‍കുന്ന സമ്മാനങ്ങള്‍ നിങ്ങളുടെ വരുമാനത്തില്‍ തന്നെയാണ് ഉള്‍ക്കൊള്ളിക്കുക. സമ്മാനമായി നല്‍കുമ്പോള്‍ പകരമായി യാതൊരു വിധത്തിലുള്ള പണമിടപാടും ഉണ്ടാകരുതെന്ന് നിബന്ധനയുണ്ട്. സ്ഥാവര വസ്തുക്കളാണ് സമ്മാനമായി നല്‍കുന്നതെങ്കില്‍ സ്റ്റാംപ് പേപ്പറില്‍ ഇത് രേഖപ്പെടുത്തണം. രണ്ട് സാക്ഷികള്‍ ഒപ്പുവെക്കുകയും വേണം. 1908ലെ രജിസ്‌ട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 17 പ്രകാരം സമ്മാനം കിട്ടിയതിന്റെ രജിസ്‌ട്രേഷന്‍ സബ് രജിസ്ട്രാര്‍ വഴിയായിരിക്കണമെന്ന് അനുശാസിക്കുന്നു. ഇതില്‍ വീഴ്ച വരുത്തിയാല്‍ അസാധുവാകും. ഒരിക്കല്‍ സമ്മാനമായി നല്‍കുന്ന വസ്തു പിന്നീട് തിരികെ വാങ്ങാനാകില്ല. അതിന് പ്രതിഫലം കൊടുത്തായാല്‍ പോലും.
അതേസമയം ആഭരണം പോലെയുള്ള ജംഗമ വസ്തുക്കള്‍ സമ്മാനമായി നല്‍കുമ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. എന്നാല്‍ ഇതും സ്റ്റാംപ് പേപ്പറില്‍ എഴുതിവെക്കണം.
മാതാപിതാക്കള്‍ക്കായി വാങ്ങുമ്പോള്‍
ബിനാമി സ്വത്തും അല്ലാത്തതും തമ്മില്‍ ചെറിയൊരു വേര്‍തിരിവ് മാത്രമാണുള്ളത്. നിങ്ങളുടെ മാതാപിതാക്കളുടെ പേരില്‍ സ്വത്ത് വാങ്ങുമ്പോള്‍ അതില്‍ നിങ്ങളുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കില്‍ അത് ബിനാമി സ്വത്തായി പരിഗണിക്കപ്പെടും. നാട്ടിലുള്ളവരുടെ പേരില്‍ സ്വത്ത് വാങ്ങുന്ന പ്രവാസി ഇന്ത്യക്കാരും ഇത്തരത്തില്‍ കുഴപ്പത്തില്‍ പെടാം. അതേസമയം സ്വത്തില്‍ നിങ്ങള്‍ക്കും പങ്കുെണ്ടങ്കില്‍ അത് ബിനാമി സ്വത്തായി പരിഗണിക്കപ്പെടുകയില്ല.
നിങ്ങള്‍ മാതാപിതാക്കള്‍ക്കായി ഒരു റിട്ടയര്‍മെന്റ് ഹോം വാങ്ങുകയാണെന്നിരിക്കട്ടെ. അവര്‍ ഭാവിയില്‍ സുഖകരമായി ജീവിക്കട്ടെ എന്നു കരുതിയാകും നിങ്ങള്‍ അത് ചെയ്യുന്നത്. എന്നാല്‍ അത് നിങ്ങളുടെ പേരിലോ അവരുടെ കൂടി പേരിലോ ആയാല്‍ പ്രശ്‌നമില്ല. നിങ്ങള്‍ക്ക് ബാങ്ക് സ്ഥിരനിക്ഷേപമോ, ഓഹരികളോ, മൂച്വല്‍ ഫണ്ടോ, ബോണ്ടുകളോ നിങ്ങളുടെ പേര് പരാമര്‍ശിക്കാതെ മാതാപിതാക്കളുടെ പേരില്‍ മാത്രം വാങ്ങാന്‍ ആവില്ല.
നിങ്ങള്‍ 30 ശതമാനം നികുതി നല്‍കുന്നയാളാണ്. മാതാപിതാക്കള്‍ക്കാണെങ്കില്‍ മികച്ച വരുമാനം അവകാശപ്പെടാനുമില്ല. എങ്കില്‍ നിങ്ങള്‍ക്ക് അവരുടെ പേരില്‍ സ്ഥിര നിക്ഷേപം സമ്മാനമായി നല്‍കുന്നതില്‍ കുഴപ്പമില്ല. അതിന്റെ നിയന്ത്രണാധികാരം നിങ്ങള്‍ക്ക് ഉണ്ടായിരിക്കരുതെന്നു മാത്രം.
കൂടപ്പിറപ്പുകളുടെ പേരില്‍ വാങ്ങുമ്പോള്‍
മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെ ജോയ്ന്റ് എക്കൗണ്ട് ആണെങ്കില്‍ മാത്രമേ കൂടപ്പിറപ്പുകളുടെ പേരിലും സ്വത്ത് വാങ്ങാന്‍ ആകുകയുള്ളൂ. മാത്രമല്ല, സ്വത്ത് സമ്പാദിക്കാനിയി ഉപയോഗിച്ച പണം നിയമാനുസൃതമാണെന്ന് തെളിയിക്കുകയും വേണം.
കടപ്പാട്: മണിലൈഫ് മാഗസിന്‍