EP 46: ഇനി കാര്യങ്ങള്‍ കൈവിട്ടു പോകില്ല, ജസ്റ്റ് ഇന്‍ ടൈം സ്ട്രാറ്റജി നിങ്ങളുടെ ബിസിനസിനെ വരച്ചവരയില്‍ നിര്‍ത്തും


നിങ്ങള്‍ക്കൊരു സൈക്കിള്‍ വാങ്ങണം. നേരെ കടയിലേക്ക് കയറി ചെല്ലുന്നു. സൈക്കിള്‍ തിരഞ്ഞെടുക്കുന്നു, അപ്പോള്‍ തന്നെ വാങ്ങുന്നു, അതില്‍ കയറി വീട്ടിലേക്ക് പോരുന്നു. എത്ര എളുപ്പം. എന്നാല്‍ ഒരു കാറ് വാങ്ങണമെന്ന് കരുതൂ. ഷോറൂമില്‍ കയറുന്നു. കാര്‍ ഏത് വേണമെന്ന് തീരുമാനിക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ കാര്‍ ലഭിക്കുന്നില്ല, കാത്തിരിക്കേണ്ടി വരുന്നു. എന്താണിങ്ങനെ?

സൈക്കിള്‍ ഷോറൂമില്‍ സൈക്കിള്‍ സ്റ്റോക്ക് ചെയ്യുന്നത് പോലെ കാര്‍ ഷോറൂമില്‍ കാറുകള്‍ സ്റ്റോക്ക് ചെയ്യുന്നില്ല. അതായത് കാറുകള്‍ നിര്‍മ്മിച്ച് സ്റ്റോക്ക് ചെയ്ത് വില്‍ക്കുന്നില്ല. പകരം നിങ്ങളുടെ ഓര്‍ഡര്‍ ലഭിച്ചതിന് ശേഷം മാത്രമേ ഉല്‍പ്പാദകന്‍ കാര്‍ നിര്‍മ്മിക്കുന്നുള്ളൂ. അതുകൊണ്ടാണ് കാര്‍ ലഭ്യമാകാന്‍ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്.

എല്ലാ ഷോറൂമുകളിലും കൂടുതല്‍ കാറുകള്‍ സ്റ്റോക്ക് ചെയ്യുമ്പോള്‍ എന്ത് സംഭവിക്കും? സ്വാഭാവികമായി ധാരാളം മൂലധനം ഇതിനായി ആവശ്യമായി വരും. എപ്പോള്‍ ഓര്‍ഡര്‍ വരുമെന്നോ വണ്ടി വിറ്റുപോകുമെന്നോ പറയാനാവാത്ത അവസ്ഥയില്‍ പ്രവര്‍ത്തന മൂലധനം സ്റ്റോക്കില്‍ കെട്ടിക്കിടക്കും. ഇത് ബിസിനസിനെ പ്രതികൂലമായി ബാധിക്കും.

ടൊയോട്ട പ്രൊഡക്ഷന്‍ സിസ്റ്റം (TPS - Toyota Production System) ഇത്തരമൊരു അവസ്ഥയെ മറികടക്കാന്‍ ഒരു തന്ത്രം ആവിഷ്‌ക്കരിച്ചു. ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ വണ്ടികള്‍ ഉല്‍പ്പാദിപ്പിക്കുകയുള്ളൂ. ആ സമയത്ത് മാത്രം ആവശ്യമായ ഭാഗങ്ങള്‍ (Parts) ഓര്‍ഡര്‍ ചെയ്യുകയും വാങ്ങുകയും ചെയ്യും. അനാവശ്യമായി പാര്‍ട്ടുകള്‍ വാങ്ങി സൂക്ഷിക്കുക എന്നൊരു കാര്യമേയില്ല എന്ന് ചുരുക്കം.

ഇത്തരമൊരു തന്ത്രം ഇന്‍വെന്ററിയിലുള്ള (Inventory) മൂലധന നിക്ഷേപം ഗണ്യമായി കുറച്ചു. എപ്പോള്‍ ആവശ്യം വരുന്നോ അപ്പോള്‍ പാര്‍ട്ടുകള്‍ ലഭ്യമാകുവാന്‍ സജ്ജമായ രീതിയില്‍ സപ്ലയര്‍മാരെ ക്രമീകരിച്ചു. ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ പാര്‍ട്ടുകള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ സ്റ്റോക്ക് ചെയ്യുകയുള്ളൂ. കൃത്യമായി ഉല്‍പ്പാദനം ഷെഡ്യൂള്‍ ചെയ്തു. ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് മുന്‍കൂട്ടി കണക്കുകൂട്ടുകയും അതിനനുസരിച്ച് പ്രൊഡക്ഷന്‍ സിസ്റ്റം പാകപ്പെടുത്തുകയും ചെയ്തു. ഇത് വേസ്റ്റ് പരമാവധി കുറച്ചു. സ്റ്റോക്ക് സംഭരിച്ച് സൂക്ഷിക്കുവാനുള്ള ഗോഡൌണിന്റെ വലുപ്പം കുറയ്ക്കാനും ഈ തന്ത്രം വഴി സാധിച്ചു.

പുതിയൊരു കാറിന് ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ കാര്‍ നിര്‍മ്മിക്കുകയുള്ളൂ. ടൊയോട്ട തുടക്കമിട്ട ഈ തന്ത്രമാണ് ജസ്റ്റ് ഇന്‍ ടൈം (JIT - Just in Time). ഇന്ന് ലോകവ്യാപകമായി ഈ തന്ത്രം നിര്‍മ്മാതാക്കള്‍ ഉപയോഗിക്കുന്നു. അനാവശ്യമായ മൂലധന നിക്ഷേപം സ്റ്റോക്കില്‍ വിനിയോഗിക്കപ്പെടുന്നത് ഒഴിവാക്കുവാനും കൂടുതല്‍ ലാഭം നേടുവാനും ജസ്റ്റ് ഇന്‍ ടൈം അവരെ സഹായിക്കുന്നു. ആവശ്യത്തിന് മാത്രം ഉല്‍പ്പാദിപ്പിക്കുക, സ്റ്റോക്ക് ചെയ്യുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ മന്ത്രം.

Related Articles
Next Story
Videos
Share it