

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
നിങ്ങള്‍ക്കൊരു സദ്യ ഒരുക്കണം. നിങ്ങള്‍ വിഭവങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്. പായസത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ പാലട പ്രഥമന്‍ കടന്നു വരുന്നു. നാവില്‍ കൊതിയൂറുന്നു. പാലട പ്രഥമന്‍ ഉണ്ടാക്കുവാനുള്ള കൂട്ട് റെഡിമെയ്ഡായി ലഭ്യമായതു കൊണ്ട് ഒട്ടും ബുദ്ധിമുട്ടില്ലാതെ അത് പാചകം ചെയ്യുവാന്‍ സാധിക്കും. നിങ്ങള്‍ പാലട പ്രഥമന്റെ പാക്കറ്റ് വാങ്ങിക്കുവാന്‍ ഷോപ്പിലെത്തുന്നു.
കടയില്‍ പാലട പ്രഥമന്റെ വ്യത്യസ്ത ബ്രാന്‍ഡുകള്‍ നിരത്തിവെച്ചിരിക്കുന്നു. വിവിധ കമ്പനികളുടെ പാലട പ്രഥമനുകള്‍. നിങ്ങള്‍ ഓരോന്നും എടുത്തു നോക്കുന്നു. നല്ലത് എന്നു തോന്നുന്ന ഒരു ബ്രാന്‍ഡ് തെരഞ്ഞെടുക്കുന്നു. അവിടെയിരിക്കുന്ന ഓരോ ബ്രാന്‍ഡും രുചിയിലും മേന്മയിലും വ്യത്യസ്തങ്ങളാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെ തന്നെയാവണമെന്ന് നിര്‍ബന്ധമുണ്ടോ?
ഒരു ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനി പാലട പ്രഥമന്‍ കൂട്ട് ഉല്‍പ്പാദിപ്പിക്കുകയും മറ്റ് കമ്പനികള്‍ക്ക് ആ കമ്പനികളുടെ ബ്രാന്‍ഡില്‍ വില്‍ക്കുവാനായി നല്‍കുകയും ചെയ്യുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കുക. അതായത് ഒരു ഉല്‍പ്പാദകന്റെ കയ്യില്‍ നിന്നും ഒരേ ഉല്‍പ്പന്നം തന്നെ വിവിധ കമ്പനികള്‍ വാങ്ങുകയും സ്വന്തമായി ബ്രാന്‍ഡ് ചെയ്യുകയും ചെയ്യുന്നു. ഒരേ രുചിയും മേന്മയുമുള്ള ഉല്‍പ്പന്നം വ്യത്യസ്ത ബ്രാന്‍ഡുകളില്‍ ഇങ്ങനെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു. നിങ്ങള്‍ കടയില്‍ കണ്ട വിവിധ ബ്രാന്‍ഡുകളിലെ ഉല്‍പ്പന്നം ഒരേ ഉല്‍പ്പാദകന്‍ നിര്‍മ്മിച്ചതാണെങ്കില്‍?
ഇത് അസംഭവ്യമല്ല. വൈറ്റ് ലേബലിംഗ് (White Labeling) എന്ന് വിളിക്കുന്ന തന്ത്രമാണിത്. ഒരു ഉല്‍പ്പാദകന്‍ തന്നെ വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്കായി ഒരേ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നു. ഇവിടെ ഉല്‍പ്പാദകന്റെ വൈദഗ്ധ്യം ഉല്‍പ്പന്ന നിര്‍മ്മാണത്തിലാണ്. അയാള്‍ക്ക് ഉല്‍പ്പന്നം വിപണനം ചെയ്യുവാനോ അത് വിജയിപ്പിക്കുവാനോ ഉള്ള നിപുണത ഉണ്ടാവണമെന്നില്ല. അയാള്‍ മറ്റ് കമ്പനികള്‍ക്കായി ഉല്‍പ്പന്നം നിര്‍മ്മിച്ചു നല്‍കുന്നു. ഒരേ ഉല്‍പ്പന്നം വ്യത്യസ്ത ബ്രാന്‍ഡുകള്‍ അവരുടെ പേരില്‍ വില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine