റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ 10 പുതിയ പ്രവണതകള്‍

നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും പ്രശ്‌നമാണ്. സമീപകാലത്തു തന്നെ 5 ശതമാനം വരെ വില വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.

2030 ഓടെ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണി 1 ലക്ഷം കോടി രൂപയുടേതാകുമെന്നാണ് നീതി ആയോഗിന്റെ കണക്ക്. 2021 ലെ കണക്കനുസരിച്ചുള്ള 200 ശതകോടി ഡോളറില്‍ നിന്നാണ് ഈ വര്‍ധനയുണ്ടാകുക. 2025 ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 13 ശതമാനത്തോളം വരും റയില്‍ എസ്‌റ്റേറ്റ് വിപണി. റീറ്റെയ്ല്‍, ഹോട്ടല്‍, കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനത്തിലുണ്ടാകുന്ന വര്‍ധിച്ചു വരുന്ന ആവശ്യകത തുടങ്ങിയവയെല്ലാം റിയല്‍ എസ്‌റ്റേറ്റ് മേഖലയെ മുന്നോട്ട് നയിക്കും.

നിക്ഷേപം എന്ന നിലയിലും മികച്ചതാകും ഈ മേഖലയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം റിയല്‍ എസ്‌റ്റേറ്റ് സൂചികയില്‍ ഉണ്ടായത് 75 ശതമാനം ഉയര്‍ച്ചയാണ്. നിഫ്റ്റിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടാമത്തെ മേഖലയായിരുന്നു ഇത്. എന്നാല്‍ ഈ മേഖല അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മുമ്പ് സാവധാനമായിരുന്നു മാറ്റമെങ്കില്‍ കോവിഡിന് ശേഷം അടിമുടി മാറിക്കൊണ്ടിരിക്കുകയാണ് ഈ മേഖല. കേരളത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇപ്പോള്‍ കാണുന്ന പുതിയ പ്രവണതകള്‍ ഇതാ...
നഗരത്തിനു പുറത്ത് ഡിമാന്‍ഡ്
നഗരത്തിനകത്തുള്ള അപ്പാര്‍ട്ടുമെന്റുകള്‍ക്കും വില്ലകള്‍ക്കും പ്ലോട്ടുകള്‍ക്കും ഇപ്പോഴും ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും വിലയുടെ കാര്യമെടുക്കുമ്പോള്‍ നഗരത്തിന് പുറത്ത് മതിയെന്ന നിലപാടാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കുള്ളത്. കൊച്ചിയില്‍ മരട്, തൃപ്പൂണിത്തുറ, വാഴക്കാല, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളില്‍ നല്ല ഡിമാന്‍ഡ് ഉണ്ട്. എന്നാല്‍ ഇവിടെയും വില കയറിക്കൊണ്ടിരിക്കുന്നതിനാല്‍ കുറച്ചു കൂടി ഉള്‍ഭാഗങ്ങളിലെ പ്രോജക്ടുകളിലേക്കാണ് ആളുകളുടെ ശ്രദ്ധ. മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം തുടങ്ങിയ 3-4 ലക്ഷം രൂപയ്ക്ക് ഒരു സെന്റ് ലഭിക്കാവുന്ന സ്ഥലങ്ങളില്‍ വീട് വാങ്ങാന്‍ ആവശ്യക്കാര്‍ കൂടുന്നു. പ്രോജക്റ്റുകളും കൂടുതലായി ഇവിടങ്ങളിലാണ് വരുന്നത്.
അതേസമയം തിരുവനന്തപുരത്ത് നേരത്തെ തന്നെ നഗരപരിധിയില്‍ നിന്ന് മാറിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരുന്നു. ബലരാമപുരം റോഡിലും നെടുമങ്ങാട്ടും കാട്ടാക്കടയിലും വര്‍ക്കലയിലുമൊക്കെ ഇത്തരത്തില്‍ പ്രോജക്റ്റുകള്‍ വരുന്നു. കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കും പിന്നീട് പ്രഖ്യാപിച്ച ടെക്‌നോസിറ്റിയുമൊക്കെ ഹോട്ട്‌സ്‌പോട്ട് ആക്കി മാറ്റിയിട്ടുണ്ട്. അതിനു തൊട്ടടുത്ത പള്ളിപ്പുറം മേഖലയിലൊക്കെയാണ് വില അല്‍പ്പമെങ്കിലും കുറവ്. വിഴിഞ്ഞം ഭാഗങ്ങളിലേക്കും പ്രോജക്റ്റുകള്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ട് ബൈപ്പാസ് പരിസരങ്ങളില്‍ തന്നെയാണ് ഇപ്പോഴും കൂടുതല്‍ പ്രോജക്ടുകള്‍ വരുന്നത്. സ്ഥലലഭ്യതയാണ് ഇവിടത്തെ ആകര്‍ഷണമെങ്കിലും വില കൂടുതല്‍ തന്നെയാണ്. ഇതോടെ 15 കിലോമീറ്റര്‍ അകലെയുള്ള കക്കോടി പോലുള്ള സ്ഥലങ്ങളിലേക്ക് പ്രോജക്റ്റുകള്‍ മാറിത്തുടങ്ങി. ഫറോക്ക്, ചെറുവണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളും ബില്‍ഡര്‍മാര്‍ നോട്ടമിടുന്നു. അതേസമയം വിദേശങ്ങളില്‍ കാണുന്നതു പോലെ ഉള്‍പ്രദേശത്ത് വിശാലമായ സ്ഥലത്ത് ചെറിയ വില്ല എന്ന സങ്കല്‍പ്പത്തിലേക്ക് ഇപ്പോഴും കേരളം എത്തിയിട്ടുമില്ല.
'റെഡി ടു ഒക്യുപൈ' മതി
സ്വന്തമായി സ്ഥലം കണ്ടെത്തി വീട് വെക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ടെന്‍ഷനുണ്ടാക്കുന്ന കാര്യമാണ്. സ്ഥലം വീട് വെക്കാന്‍ അനുയോജ്യമായതാണോ എന്നു ഉറപ്പിക്കാന്‍ പോലും പലപ്പോഴും സാധിക്കുന്നില്ല. തരം മാറ്റാതെ കിടക്കുന്ന ഒറിജിനല്‍ ഭൂമി ലഭ്യമാകുന്നുണ്ടെങ്കില്‍ മാത്രം വാങ്ങുന്നവരാണ് കൂടുതലും. വീട് വെക്കാനല്ലാതെ മറ്റൊരു ആവശ്യത്തിന് സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമിയാണെങ്കില്‍ ഇപ്പോള്‍ വാങ്ങുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാം. റവന്യു വകുപ്പ് നിയമം കര്‍ശനമാക്കിയത് പുതുതായി സ്ഥലമെടുത്ത പലര്‍ക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. മാത്രമല്ല, വീട് വെക്കാനുള്ള ബുദ്ധിമുട്ടുകളും ഉപയോക്താക്കളെ അപ്പാര്‍ട്ട്‌മെന്റുകളിലേക്കും വില്ലകളിലേക്കും നയിക്കുന്നു.
വിവിധ കാരണങ്ങളാല്‍ പുതിയ പ്രോജക്റ്റുകളുടെ നിര്‍മാണം കുറഞ്ഞതോടെ റെഡി ടു ഒക്യുപൈ വില്ലകളുടെയും അപ്പാര്‍ട്ടുമെന്റുകളുടെയും സപ്ലൈ കുറഞ്ഞിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 10 ദശലക്ഷം യൂണിറ്റ് റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. വര്‍ധിച്ചു വരുന്ന നഗരജനസംഖ്യ പരിഗണിക്കുമ്പോള്‍ 2030 ആകുമ്പോഴേക്ക് 30 ദശലക്ഷം യൂണിറ്റുകള്‍ കൂടി വേണ്ടി വരും. ഈ ദൗര്‍ലഭ്യം വില കൂടാന്‍ കാരണമായേക്കും. കൂടാതെ നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും പ്രശ്‌നമാണ്. സമീപകാലത്തു തന്നെ 5 ശതമാനം വരെ വില വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.
ഗോഡൗണ്‍, ചെറുകിട ഷോപ്പുകള്‍ക്ക് ഡിമാന്‍ഡ്
വെള്ളം പൊങ്ങാന്‍ സാധ്യതയില്ലാത്ത ഒരു ലക്ഷം ചതുരശ്രയടി വരെയുള്ള ഗോഡൗണുകള്‍ വാടകയ്ക്ക് നല്‍കാനുണ്ടോ, കേരളത്തില്‍ ഇപ്പോള്‍ എളുപ്പത്തില്‍ വിറ്റുപോകും. കോവിഡിന് ശേഷമുണ്ടായ ഇ കൊമേഴ്‌സ് കമ്പനികളുടെ വ്യാപനമാണ് ഇതിന് കാരണം. ചെറുകിട നഗരങ്ങളില്‍ പോലും ഇത്തരത്തില്‍ ഗോഡൗണുകള്‍ക്ക് വലിയ സാധ്യതയാണ് തുറന്നിരിക്കുന്നത്. 2023 ഓടെ വെയര്‍ഹൗസുകളുടെ ഇടപാടില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്നാണ് കണക്ക്. ആകെ വെയര്‍ഹൗസുകളില്‍ 36 ശതമാനവും ഇ കൊമേഴ്‌സ് മേഖലയില്‍ ആയിരിക്കുകയും ചെയ്യും.
ചെറുകിട ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്ക് നല്ല ഡിമാന്‍ഡ് ഇപ്പോഴുണ്ട്. നൈറ്റ് ഫ്രാങ്കിന്റെ 'തിങ്ക് ഇന്ത്യ, തിങ്ക് റീറ്റെയ്ല്‍ 2022' റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ
മെട്രോ നഗരങ്ങളിലെ 21 ശതമാനം മാളുകളും ഗോസ്റ്റ് മാളുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു എന്നാണ് കണക്ക്. 40 ശതമാനത്തിലേറെ സ്ഥലം ഒഴിഞ്ഞുകിടക്കുകയാണെങ്കിലാണ് അതിനെ ഗോസ്റ്റ് മാള്‍ എന്നു കണക്കാക്കുക. ഈ കണക്കുകള്‍ക്കിടെയാണ് ചെറുകിട ഷോപ്പുകള്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന റിപ്പോര്‍ട്ട്. അതേസമയം പ്രവാസി നിക്ഷേപങ്ങളിലൂടെ കേരളത്തിലങ്ങോളമിങ്ങോളം കെട്ടിപ്പൊക്കിയ വലിയ കെട്ടിടങ്ങളില്‍ പലതും ഉദ്ദേശിച്ചതു പോലെ വാടകയ്ക്ക് നല്‍കാനാവുന്നില്ല. നിക്ഷേപത്തിന് ആനുപാതികമായ വാടക വരുമാനവും ബാംഗളൂര്‍ പോലുള്ള നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ കുറവുമാണ്.
ആഡംബര ഭവനങ്ങളുടെ വില്‍പ്പന കൂടി, ഇക്കണോമി നിരക്കില്‍ ലഭ്യതക്കുറഞ്ഞു
കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്ന് റിയല്‍ എസ്‌റ്റേറ്റ് ആണ്. സാധാരണക്കാരുടെ വരുമാനത്തെയാണ് ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നതിനാല്‍ ഇക്കണോമി നിരക്കിലുള്ള പ്രോജക്റ്റുകളുടെ ഡിമാന്‍ഡ് കുറഞ്ഞു. ഓവര്‍ സപ്ലൈ ആയതോടെ ബില്‍ഡര്‍മാര്‍ പുതിയ പദ്ധതികള്‍ ഒരുക്കാതെയായി. പല ബില്‍ഡര്‍മാരും പിടിച്ചു നി്ല്‍ക്കാനാകാതെ അടച്ചു പൂട്ടുകയും ചെയ്തു. അതേസമയം ആഡംബര വീടുകളുടെ വില്‍പ്പന ഒന്നു കുറഞ്ഞെങ്കിലും പിന്നീട് കരുത്താര്‍ജ്ജിച്ചു. അനറോക്ക് റിപ്പോര്‍ട്ട് അനുസരിച്ച് 2022 ലെ ഒന്നാം പാദത്തില്‍ 90 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെ വിലയുള്ള ലക്ഷ്വറി വീടുകളുടെ വില്‍പ്പന മുന്‍വര്‍ഷത്തെ അതേ കാലയളവിനേക്കാള്‍ ഏഴുശതമാനം കൂടി.
യുവാക്കള്‍ വിദേശത്തേക്ക്, കൃഷി ഭൂമി ഉപേക്ഷിക്കുന്നു
ഏലം, റബ്ബര്‍ അടക്കമുള്ള കൃഷി ലാഭകരമല്ലാതാകുകയും പുതിയ തലമുറ പഠനത്തിനും ജോലിക്കും മറ്റുമായി വിദേശങ്ങളിലേക്ക് കുടിയേറിത്തുടങ്ങുകയും ചെയ്തതോടെ കൃഷി ഭൂമി വേണ്ടാതായി. യൂറോപ്പിലേക്കും അമേരിക്കയിലേക്കും വന്‍തോതില്‍ കുടിയേറ്റം നടന്ന ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെല്ലാം ഇതു തന്നെ സ്ഥിതി. ജോലിക്ക് ആളെ ലഭിക്കുന്നില്ലെന്നതും ആളുകള്‍ കൃഷി ഉപേക്ഷിക്കാന്‍ കാരണമായി. വിദേശ ഇന്ത്യക്കാരില്‍ പലരും കൃഷി ഭൂമി വിറ്റൊഴിയാനുള്ള ശ്രമത്തിലാണ്. വിലക്കുറവിന് പുറമേ വന്യമൃഗങ്ങളുടെ ശല്യം, തൊഴിലാളികളുടെ ദൗര്‍ലഭ്യം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം കൃഷി ഉപേക്ഷിക്കാന്‍ ആളുകള്‍ക്ക് കാരണമാകുന്നു. ഏലത്തിന്റെ വില കഴിഞ്ഞ വര്‍ഷം 1600 രൂപ കടന്നതാണ്. എന്നാല്‍ ഇപ്പോള്‍ 900 രൂപയ്ക്ക് താഴെയാണ്. 800 രൂപയുണ്ടായിരുന്ന കുരുമുളകിനാകട്ടെ ഇപ്പോള്‍ 500 രൂപയോളം മാത്രമാണ് വില.
തേയില ഇലയ്ക്ക് കര്‍ഷകന് കിലോയ്ക്ക് 10 രൂപയാണ് കര്‍ഷകന് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 17 രൂപ വരെ ലഭിച്ചിരുന്നു. ചുരുങ്ങിയത് 20 രൂപയെങ്കിലും കിട്ടിയാലേ ലാഭകരമാകൂ എന്ന അവസ്ഥയിലാണിത്. ഒരേക്കറില്‍ നിന്ന് കര്‍ഷകന് കിട്ടുന്നത് 450 കിലോഗ്രാം തേയിലയാണ്. 4500 രൂപയാണ് ഇതിലൂടെ ലഭിക്കുന്ന വരുമാനം. എന്നാല്‍ 3200 രൂപ തേയില നുള്ളാനും 1500 മുതല്‍ 2000 രൂപ വരെ വളത്തിനും ചെലവ് വരുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
സ്ഥലവിലയില്‍ വീട്ടുവീഴ്ച
ഏറെക്കാലമായി സംസ്ഥാനത്ത് സ്ഥലവിലയില്‍ വലിയ ഇടിവ് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന വില പിന്നീട് ഡിമാന്‍ഡ് കുറഞ്ഞെങ്കിലും താഴ്ത്താന്‍ ഭൂ ഉടമകള്‍ തയാറായിരുന്നില്ല. വര്‍ഷങ്ങളോളം ഭൂമി വില താഴാതെ നിന്നു. വീടുകള്‍ക്കും കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്കുമായി മാത്രമായി വില്‍പ്പന ഒതുങ്ങി. എന്നാലിപ്പോള്‍ വിലയില്‍ ചെറിയ വിട്ടുവീഴ്ചകള്‍ക്ക് ഭൂ ഉടമകള്‍ തയാറാവുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കൊച്ചിയില്‍ ബൈപ്പാസ്, എംജി റോഡ് മേഖലകളാണ് ഹോട്ട്‌സപോട്ടുകള്‍. ബൈപ്പാസില്‍ അടുത്തിടെ 50-60 ലക്ഷം രൂപ സെന്റിന് ആവശ്യപ്പെട്ടിരുന്ന സ്ഥലം 43 ലക്ഷം രൂപയ്ക്ക് വിറ്റു. ഒരു കോടിക്ക് മേല്‍ വിലയുണ്ടായിരുന്ന എംജി റോഡില്‍ അടുത്തിടെ 70 ലക്ഷം രൂപയ്ക്ക് വരെ ഭൂമി വിറ്റതായി ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ടും, തിരുവനന്തപുരത്തും ഇത്തരത്തില്‍ ചെറിയ വിട്ടുവീഴ്ചകള്‍ക്ക് ഭൂവുടമകള്‍ തയാറാവുന്നതായി റിപ്പോര്‍ട്ടുണ്ട്. കാര്‍ഷിക ഭൂമിക്കാകട്ടെ ആവശ്യക്കാര്‍ ഇല്ലാത്ത സ്ഥിതിയുമാണ്.
കോഴിക്കോട്ട് കാര്യമായ വിലയിടിവ് ഉണ്ടായിട്ടില്ലെങ്കിലും ദീര്‍ഘകാലം കച്ചവടം നടക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ വിപണിയിലുണ്ട്. മാവൂര്‍ റോഡില്‍ സെന്റിന് 30-40 ലക്ഷം രൂപയാണ് നടപ്പുവില. കണ്ണൂരില്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗങ്ങളില്‍ 45 ലക്ഷം രൂപയും താണയില്‍ 26 ലക്ഷം രൂപയും പള്ളിക്കുന്ന് ഭാഗങ്ങളില്‍ 10 ലക്ഷം രൂപയും വരെയാണ് വില പറഞ്ഞിരുന്നത്. എന്നാല്‍ പലരും കുറച്ചു വില്‍ക്കാനും തയാറാവുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.
ഓഫീസ് സ്‌പേസിന് ആവശ്യമേറുന്നു
കോഴിക്കോട് അടക്കമുള്ള നഗരങ്ങളില്‍ ഇപ്പോള്‍ ഐറ്റി മേഖലയിലാണ് കുതിപ്പ്. രാജ്യത്ത് ഐറ്റി മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1.09 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഓഫീസ് സ്‌പേസ് ആവശ്യമായി വന്നുവെന്നാണ് കണക്ക്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സൈബര്‍ പാര്‍ക്കില്‍ പുതിയ കെട്ടിടങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്. Tata Elxsi അടക്കമുള്ള വന്‍കിട കമ്പനികള്‍ കോഴിക്കോട്ടേക്ക് എത്തുന്നതായും വാര്‍ത്ത പുറത്തു വന്നു. ഓഫീസ് സ്‌പേസിന്റെ കുറവാണ് കോഴിക്കോടിന്റെ പ്രശ്‌നം. കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ കമ്പനികള്‍ ചെറുകിട നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും അവരുടെ ഓഫീസുകള്‍ മാറ്റാന്‍ തീരുമാനിക്കുന്നുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും കോ വര്‍ക്കിംഗ് സ്‌പേസുകളും തേടുന്നുണ്ട്.
ഡിജിറ്റലാകുന്നു
കോവിഡ് കാലം റിയല്‍ എസ്‌റ്റേറ്റ് മേഖലയെ പിടിച്ചു കുലുക്കിയെങ്കിലും പുതിയ സാങ്കേതികവിദ്യകളുടെ കടന്നു വരവിന് കൂടി ഇടയാക്കി. ത്രീഡി മോഡലിംഗ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി പുതിയ മേഖലകള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വ്യാപകമായി. നേരിട്ട് സൈറ്റില്‍ എത്തിപ്പെടാന്‍ പറ്റാത്തവര്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് അനുഭവിച്ച് വാങ്ങുന്ന പ്രതീതി ഇതിലൂടെ നല്‍കാനായി എന്നതിനൊപ്പം വില്‍പ്പന കൂട്ടാനും ബില്‍ഡര്‍മാര്‍ക്ക് കഴിയുന്നു. ഡാറ്റ അനലറ്റിക്‌സ്, ഡാറ്റ മൈനിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി, മെഷീന്‍ ലേണിംഗ് തുടങ്ങിയ ഡിജിറ്റല്‍-ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യകളാകും ഭാവിയില്‍ ഈ മേഖലയെ നയിക്കുക.
അതോടൊപ്പം സ്മാര്‍ട്ട് വീട് എന്ന ആശയത്തിനും സ്വീകാര്യത വന്നിട്ടുണ്ട്. സുഖസൗകര്യം(Comfort), വിനാദം(Entertainment), മൊബിലിറ്റി(Mobility), സുരക്ഷിതത്വം(Security) തുടങ്ങിയവ ഒരുക്കുന്ന സ്മാര്‍ട്ട് വീടുകളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയം. 893 ദശലക്ഷം ഡോളറിന്റെതാണിന്ന് ഇന്ത്യന്‍ സ്മാര്‍ട്ട് ഹോം വിപണി. അടുത്ത അഞ്ചു വര്‍ഷത്തിനിടെ സ്മാര്‍ട്ട് ഹോമുകളുടെ എണ്ണത്തില്‍ 9.5 ശതമാനം വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വീട് ഉയര്‍ത്തല്‍ വ്യാപകം
വെള്ളപ്പൊക്കം സാധാരണമായതോടെ കേരളത്തില്‍ കെട്ടിടം ജാക്കി വെച്ച് ഉയര്‍ത്തുന്നത് സാധാരണമായി. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വീട് ഉയര്‍ത്തുന്ന അന്യസംസ്ഥാന സംഘങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നെങ്കിലും അടുത്തിടെ ഈ മേഖലയിലെ അവസരം തിരിച്ചറിഞ്ഞ് മലയാളികളും ഈ രംഗത്ത് എത്തിയിട്ടുണ്ട്. ഹൗസ് ലിഫ്റ്റിംഗ് മേഖലയില്‍ കേരളം അതിവേഗത്തിലാണ് മുന്നേറുന്നത്. 1000 ത്തിലേറെ വീടുകള്‍ കേരളത്തില്‍ മാത്രം ഇതുവരെയായി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വെള്ളക്കെട്ടുകളില്‍നിന്നുള്ള സംരക്ഷണം മാത്രമല്ല, അടിത്തറ ബലപ്പെടുത്താനും, കെട്ടിടങ്ങളോ വീടുകളോ ചെരിഞ്ഞാല്‍ ഇവ ശരിയായ രീതിയിലാക്കാനും ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്. പൊതുവെ, റോഡുകളേക്കാള്‍ താഴ്ന്ന നിലയിലുള്ള വീടുകളാണ് ഈ മാര്‍ഗത്തിലൂടെ കൂടുതലായും ഉയര്‍ത്തുന്നത്. ആരാധനാലയങ്ങള്‍ വരെ ഇത്തരത്തില്‍ ഉയര്‍ത്തിയതില്‍പ്പെടുന്നു. ഈ രംഗത്ത് കൂടുതല്‍ ആളുകള്‍ കടന്നുവരാന്‍ തുടങ്ങിയതോടെ കെട്ടിടം ഉയര്‍ത്തുന്ന ചെലവും കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20-30 ശതമാനം വര്‍ധനയാണ് കെട്ടിടം ഉയര്‍ത്തുന്നതില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളേക്കാള്‍ മറ്റിടങ്ങളാണ് കെട്ടിടം ഉയര്‍ത്തുന്നില്‍ മൂന്നില്‍. കോഴിക്കോട്ട് വ്യാപകമായി ഇത്തരത്തില്‍ വീടുകള്‍ ഉയര്‍ത്തുന്നുണ്ട്.
പുതിയ മേഖലകളില്‍ തൊഴിലവസരം
പരമ്പരാഗത ബ്രോക്കര്‍മാരും കണ്‍സള്‍ട്ടന്റുമാരും ബില്‍ഡര്‍മാരും ഉപയോക്താക്കളുടെ വീട്ടുപടിക്കലെത്തി വില്‍പ്പന നടത്തുന്ന കാലം കഴിയുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വ്യാപകമായി വിവിധ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് തൊഴിലവസരമൊരുങ്ങുന്നു. ഉപഭോക്താവിന്റെ വാങ്ങല്‍ ശീലം (purchasing behaviour), പ്രായം, ഭൂമിശാസ്ത്ര സംബന്ധമായ വിവരങ്ങള്‍, സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കി വിലയിരുത്തുന്നതിന് സാങ്കേതിക മേഖലയില്‍ പ്രാവീണ്യമുള്ളവരെയാണ് ഈ മേഖലയ്ക്ക് ആവശ്യം. വന്‍കിട കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ ഡാറ്റ അനലിസ്റ്റുകളെ നിയമിക്കുന്ന തിരക്കിലാണിപ്പോള്‍. പരമ്പരാഗത ബ്രോക്കര്‍മാര്‍ മിക്കതും കളമൊഴിയുകയും ചെയ്യുന്നു.


Related Articles
Next Story
Videos
Share it