റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്ക് നടപ്പിലാക്കാം ഈ ആശയം

പലര്‍ക്കും അപ്രാപ്യമായ വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേജനം പകരാനുമുള്ള ആശയം പങ്കുവെക്കുകയാണ് സംരംഭകനും സാമൂഹ്യ നിരീക്ഷകനുമായ ഹിലാല്‍ ഹസന്‍

സ്വന്തമായി ഒരു വീട് ഏതൊരാളുടേയും സ്വപ്്‌നമാണ്. പക്ഷെ അതിന് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. വീട് വെയ്ക്കാന്‍ യോഗ്യമായ, റോഡ് സൗകര്യമുള്ള, ശുദ്ധജലം ലഭിക്കുന്ന സ്ഥലം ന്യായവിലയില്‍ ലഭിക്കണമെന്നാണ് ഏവരുടെയും ആഗ്രഹം. ഇന്നും ഈ ആഗ്രഹം സാധിക്കാത്തവര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍. സാധാരണ നിലയില്‍ ഒരു വീട് പണിയാന്‍ ചതുരശ്രയടിക്ക് ഏകദേശം 1500 രൂപയോളം വരും. അങ്ങനെ എങ്കില്‍ 600 ചതുരശ്രയടിയുള്ള ഒരു കിടപ്പുമുറിയോട് കൂടിയ വീട് പണിയാന്‍ 9 ലക്ഷം വെറും നിര്‍മാണ ചെലവ് വരും.

സ്ഥലമാണെങ്കില്‍ മൂന്ന് സെന്റെങ്കിലും വേണ്ടിവരും. സെന്റിന് ഒരു ലക്ഷം രൂപ കണക്കാക്കിയാല്‍ ആകെ 12 ലക്ഷം രൂപ. ഇത് ഒരു ഉദാഹരണം മാത്രം. ഒരു ഇടത്തരം കുടുംബത്തിന് രണ്ട് കിടപ്പുമുറികളോട് കൂടിയ വീട് വേണ്ടിവരും. 900 ച. അടിയുടെ ഒരു വീടിനു നിര്‍മ്മാണ ചെലവ് മാത്രം 13.5 ലക്ഷം വരും. 3 സെന്റ് സ്ഥലത്തിന് ഒരു ലക്ഷം വെച്ച് 3 ലക്ഷം രൂപ .അപ്പോള്‍ വീടിനു 16.5 ലക്ഷം രൂപ. ഈ കണക്കുകള്‍ ഒരു ശരശരി നിര്‍മ്മാണത്തിന്റെ ഏകദേശ രൂപം മാത്രമാണ്.

സ്ഥലവിലയാണ് പ്രശ്‌നം

പക്ഷെ ഇപ്പോള്‍ ഈ വിലയ്ക്ക് പോലും സ്ഥലം കിട്ടാന്‍ പ്രയാസമാണ്. ലഭിക്കുകയാണെങ്കില്‍ തന്നെ, വാഹനം പോകാന്‍ യോജ്യമായ വഴിയില്ലാത്തത്, അല്ലെങ്കില്‍ ശുദ്ധ ജലം ലഭ്യമല്ലാത്ത ഇടം, അങ്ങനെ ഒന്ന് ആയിരിക്കാം. സ്ഥലത്തിന്റെ വിലയാണ് വീട് എന്ന സ്വപ്‌നം അസാധ്യമാക്കുന്നത്. സംസ്ഥാനത്താകമാനം ഇപ്പോള്‍ നിലവിലുള്ള വീടുകള്‍ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച സ്ഥലത്തു തന്നെ പണിതതാകാം. വ്യക്തമായ നഗരാസൂത്രണത്തിന്റെ ഭാഗമായി പണിതത് ആയിരിക്കില്ല. വീതി കൂടിയ വഴിയോ മറ്റു സൗകര്യങ്ങളോ മിക്കവാറും പരിമിതമായിരിക്കും.

കേരളത്തില്‍ ഏറ്റവും ദരിദ്രരായ ഭവന രഹിതര്‍ അഞ്ച് ലക്ഷത്തോളം വരുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. അതില്‍ രണ്ടു ലക്ഷത്തോളം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം 2020 ഫെബ്രുവരിയോടെ സര്‍ക്കാര്‍ കൈമാറുകയുണ്ടായി. EWS (സാമ്പത്തികമായി പിന്നിട്ടു നില്‍ക്കുന്ന വിഭാഗം), LIG (low income group), MIG ( middle income group), HIG (high income group) NRK ( non resident Keralites) എന്നീ വിഭാഗങ്ങളിലെ ഓരോ കുടുംബത്തിനും, എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടെ ഉള്ള ഒരു വാസ സ്ഥലം, ഇത് ഓരോ വ്യക്തിയുടെയും ജീവിത നിലവാരത്തിനും സാംസ്‌കാരികമായ ഉന്നമനത്തിനും ഇട നല്‍കുന്നു. മറ്റു പല മേഖലയിലേയും പോലെ ഇതില്‍ നാം മുന്നേറേണ്ടതുണ്ട്. ഇതു സര്‍ക്കാരിന്റെ സഹായമില്ലാതെ നടപ്പാക്കാന്‍ പ്രയാസമാണ്.

എന്താണ് ഇതിനൊരു പരിഹാരം

എല്ലാ പ്രമുഖ നഗരങ്ങളോട് ചേര്‍ന്ന് രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ, വെള്ളപ്പൊക്ക സാധ്യത ഇല്ലാത്ത, സാറ്റലൈറ്റ് നഗരങ്ങള്‍ നിര്‍മ്മിക്കുക. ഇന്ത്യയിലെ വലിയ ആസൂത്രിത നഗരങ്ങളുടെ വ്യാപ്തിയില്‍ കേരളത്തില്‍ ഒരു നഗരം ഇല്ല. വലിയ ഹൗസിംഗ് കോളനികള്‍ ചിലയിടങ്ങളില്‍ ഉണ്ട്. കേരളത്തില്‍ വലിയ തോതില്‍ അത്രയും സ്ഥലം ലഭ്യമല്ലാത്തതിനാല്‍ ഏറ്റവും കുറഞ്ഞത് 25 ഏക്കര്‍ സ്ഥലത്ത് ഒരു ആസൂത്രിതമായ, സംയോജിത മിനി ടൗണ്‍ഷിപ്പ് / സാറ്റലൈറ്റ് സിറ്റി, സുസ്ഥിര നിലവാരത്തോടു കൂടി നിര്‍മ്മിക്കേണ്ടതുണ്ട്. അവിടെ പരിസ്ഥിതിക്കു അനുകൂലമായി, തുറസ്സായ പച്ചപ്പുള്ള സ്ഥലം, തോട്ടവും കളിസ്ഥലവും, സ്‌കൂള്‍, നീന്തല്‍ കുളങ്ങള്‍, ആശുപത്രി, വിനോദ കേന്ദ്രം, നല്ല നിലവാരമുള്ള റോഡ്, ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് സ്പേസ്, ഓഡിറ്റോറിയം, മലിന ജല ശുദ്ധീകരണ സ്ഥലം, ശുദ്ധ ജല സൗകര്യം, പദ്ധതിക്കാവശ്യമായ പുനര്‍ നിര്‍മ്മിക്കാവുന്ന സോളാര്‍ എനര്‍ജി എന്നിവയോട് കൂടിയുള്ള ഒരു ടൗണ്‍ ഷിപ്പ് നിര്‍മ്മിക്കുക.

ടൗണ്‍ ഷിപ്പ് ഒരുക്കുന്നതിന് ഇന്ത്യയില്‍ തന്നെയും ലോകത്തില്‍ പല ഭാഗത്തും പല മാതൃകകള്‍ ഉണ്ട്്. സിംഗപ്പൂര്‍, മലേഷ്യ, നെതര്‍ലാന്റ്സ്, ഡെന്മാര്‍ക്ക്, യൂറോപ്പിലെ മറ്റു ഭാഗങ്ങള്‍, യു കെ, യു എസ്, നൈജീരിയ എന്നിവിടങ്ങളിലും വിജയകരമായ മാതൃകകള്‍ കാണാം. ടൗണ്‍ ഷിപ്പ് വികസനത്തിന് ഇപ്പോള്‍ 100 ശതമാനം വിദേശ നിക്ഷേപം (FDI) അനുവദനീയമാണ്. സര്‍ക്കാരിന് നേരിട്ട് അടിസ്ഥാന സൗകര്യം ഒരുക്കിയോ ഹൗസിംഗ് സൊസൈറ്റികള്‍ വഴിയോ സര്‍ക്കാരും സ്വകാര്യ സംരംഭകരുമായി ചേര്‍ന്നോ അല്ലെങ്കില്‍ ക്രെഡായ് പോലുള്ള ഭവന നിര്‍മാതാക്കളുടെ സംഘടനകളുമായി ചേര്‍ന്ന് പി പി പി മാതൃകയിലോ ഇത്തരം പദ്ധതികള്‍ നടപ്പാക്കാവുന്നതേയുള്ളൂ. ഇവിടെ വീട് വാങ്ങുന്നവരില്‍ നിന്ന് പ്രതിമാസം നിശ്ചിത തുക വീതം നിശ്ചയിച്ച് വാങ്ങുക. അതിന്റെ കാലാവധി കഴിയുമ്പോള്‍ അവര്‍ക്ക് അവകാശം നല്‍കിയാല്‍ മതി.

അവിടെ പണിയുന്ന ആകെ വിസ്തീര്‍ണ്ണത്തിന്റെ 10% മുതല്‍ 25% വരെ ഭാഗം EWS, LIG വിഭാഗങ്ങള്‍ക്ക് സൗജന്യമായോ ഇളവുകളോടെയോ നല്‍കുക. അതിന്റെ നഷ്ടം നികത്താന്‍ ബില്‍ഡര്‍ക്ക് പണിയാന്‍ കൂടുതല്‍ FAR (floor area ratio) നല്‍കുക എന്നുള്ളതാണ്.

മറ്റൊരു രീതി

ടൗണ്‍ഷിപ്പ് ഒരു ബില്‍ഡേഴ്സ് പാര്‍ക്കായിരിക്കണം. അവിടെ വ്യത്യസ്ത വിഭാഗക്കാര്‍ക്ക് പറ്റിയ പാര്‍പ്പിടം നിര്‍മിക്കാന്‍ താല്‍പ്പര്യമുള്ള ബില്‍ഡര്‍മാരെ ക്ഷണിക്കണം. നിര്‍മാണ അനുമതികള്‍ അതിവേഗം നല്‍കണം. സ്ഥല ലഭ്യത അനുസരിച്ചു സംസ്ഥാനത്തിലെ എല്ലാ നഗരങ്ങളുടെയും അടുത്തായി ആവശ്യക്കാരുടെ തോതിന് ആനുപാതികമായി സ്വയം പര്യാപ്തമായ ടൗണ്‍ ഷിപ്പുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍, ആസൂത്രണമില്ലാതെ രൂപാന്തരപ്പെട്ട പഴയ നഗരങ്ങളില്‍ നിന്നും കാലോചിത മാറ്റം സംഭവിക്കുകയും, ആധുനിക സുഖ സൗകര്യങ്ങള്‍ ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുകയും ചെയ്യും. അനുബന്ധമായി ലക്ഷങ്ങളുടെ തൊഴില്‍ അവസരവും ഉണ്ടാകും.

ഇതൊരു നൂതന ആശയമൊന്നുമല്ല. പക്ഷെ നമ്മുടെ ജാഗ്രത കുറവ് മൂലം വര്‍ത്തമാന കാലത്തു തന്നെ നാം അനുഭവിക്കേണ്ട ജീവിത സൗകര്യം (ease of living) നമുക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സമയ ബന്ധിതമായ നടപടികള്‍ വഴി സംസ്ഥാനത്തിന്റെ ആകെയുള്ള മാറ്റത്തിന് ഇതു വഴിയൊരുക്കും. നമുക്ക് ഒരു നവ കേരളം സൃഷ്ടിക്കാം.

Related Articles
Next Story
Videos
Share it