അബുദാബിയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് വന്‍ ഡിമാന്റ്, വാടക കുതിച്ചുയരുന്നു

ലക്ഷ്വറി നഗരങ്ങളിലൊന്നായ അബുദാബിയില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കും വന്‍ ഡിമാന്റ്. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ താമസ സൗകര്യത്തിനായി നഗരത്തില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കും ഉയര്‍ന്ന വാടകയാണ് നല്‍കേണ്ടി വരുന്നത്. വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് കെട്ടിടങ്ങള്‍ ഇല്ലാത്തത് വാടക വര്‍ധിക്കാന്‍ കാരണമാകുന്നതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കുഷ്മാന്‍ ആന്റ് വേക്ക്ഫീല്‍ഡ് കോറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടങ്ങളുടെ വില വര്‍ധനവിനേക്കാള്‍ വേഗത്തിലാണ് വാടക നിരക്ക് വര്‍ധിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിരക്കില്‍ 15 ശതമാനമാണ് വാര്‍ഷിക വര്‍ധന.

ശരാശരി വാടക 66,000 ദിര്‍ഹം

തലസ്ഥാന നഗരിയായ അബുദാബിയിലെ പ്രമുഖ അപ്പാര്‍ട്ട്‌മെന്റ് സമുച്ഛയങ്ങളിലെല്ലാം പ്രതിവര്‍ഷം 15 ശതമാനം വാടക കൂടുന്നുണ്ട്. അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരി വാര്‍ഷിക വാടക 66,375 ദിര്‍ഹമാണെന്ന് (15 ലക്ഷം രൂപ) റിപ്പോര്‍ട്ടില്‍ പറയുന്നു. വില്ലകള്‍ക്ക് 1,66,261 ദിര്‍ഹവും (37.85 ലക്ഷം രൂപ). വാടക നിരക്കിലുള്ള വര്‍ധന പുതിയ കെട്ടിടങ്ങളുടെ വില വര്‍ധനവിനെക്കാള്‍ കൂടുതലാണ്. പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുള്ള ശരാശരി വാര്‍ഷിക വര്‍ധന 9 ശതമാനമാണ്. നഗരത്തിലെ ലക്ഷ്വറി ഏരിയകളായ സാദിയാത്ത് ഐലന്റ്, യാസ് ഏക്കേഴ്‌സ്, അല്‍ റീഫ് വില്ലാസ് എന്നിവയില്‍ 14 ശതമാനം വരെയാണ് വാടകയില്‍ വാര്‍ഷിക വര്‍ധനയുണ്ടായത്. ഈ മേഖലകളില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കും ഉയര്‍ന്ന ഡിമാന്റാണുള്ളത്. ആവശ്യത്തിന് കെട്ടിടങ്ങള്‍ ഇല്ലാത്തതും കുടുംബസമേതം താമസിക്കുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുന്നതും നിരക്ക് വര്‍ധനയ്ക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുതിയ കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാരേറെ

നിര്‍മ്മാണം പൂര്‍ത്തികരിച്ച കെട്ടിടങ്ങള്‍ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനും ആവശ്യക്കാര്‍ ഏറി വരുന്നതായി കുഷ്മാന്‍ ആന്റ് വേക്ക്ഫീല്‍ഡ് കോറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കുമുള്ള ഡിമാന്റ് ഈ വര്‍ഷം 54 ശതമാനമാണ് വര്‍ധിച്ചത്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. അതേസമയം അപ്പാര്‍ട്ടമെന്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം 19 ശതമാനം കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ അബൂദാബിയില്‍ 2.431 അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളുമാണ് താമസക്കാര്‍ക്ക് കൈമാറിയത്. 1,950 യൂണിറ്റുകള്‍ ഉടനെ കൈമാറും. ഈ വര്‍ഷം മൊത്തം 4,300 പാര്‍പ്പിട സമുച്ഛയങ്ങളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററായ അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ ആരംഭിച്ച എമിറേറ്റ്‌സ് റെന്റല്‍ ഇന്‍ഡക്‌സ് മുഖേനയാണ് അപ്പാര്‍ട്ട്‌മെന്റുകളുടെയും വില്ലകളുടെയും വിലകള്‍ നിശ്ചയിക്കുന്നത്.


Related Articles
Next Story
Videos
Share it