ബഫര്‍ സോണ്‍: മലയോര ജനത കുടിയിറങ്ങേണ്ടി വരുമോ?

വന്യജീവികളുടെ ആക്രമണത്തിനു പിന്നാലെ മലയോര ജനതയ്ക്ക് ഭീഷണിയാകുകയാണ് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിക്കണമെന്ന സൂപ്രിം കോടതി നിര്‍ദ്ദേശം. നിര്‍ദ്ദേശം നടപ്പിലാക്കരുതെന്നും അതിനായി നിയമനിര്‍മാണം നടത്തണമെന്നും കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടുണ്ട്.

എന്നാല്‍ മലയോര ജനതയുടെ ആശങ്ക ഒഴിയുന്നില്ല. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അപ്രഖ്യാപിത കുടിയിറക്കല്‍ തന്നെയാകും നടക്കുകയെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ആരോപിക്കുന്നു. ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ചാലും ജനങ്ങള്‍ക്ക് അവിടെ താമസിക്കാനാകും. എന്നാല്‍ ഏറെ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
വന്യജീവികള്‍ക്ക് സൈ്വര വിഹാരം നടത്താനാവശ്യമായ കൂടുതല്‍ സ്ഥലം വന്യജീവി സങ്കേതകള്‍ക്ക് പുറത്ത് സൃഷ്ടിക്കുക എന്നതാണ് ബഫര്‍ സോണ്‍ പ്രഖ്യാപിക്കുന്നതിന്റെ ലക്ഷ്യം. ഇതോടെ വനമേഖലയ്ക്ക് തൊട്ടുള്ള കൃഷിയിടങ്ങളുടെ നിലനില്‍പ്പ് പ്രശ്‌നത്തിലാകും. അതിര്‍ത്തികളിലെ സോളാര്‍ വേലികളും കിടങ്ങുകളുമെല്ലാം നീക്കേണ്ടി വരുമെന്ന് അലക്‌സ് പറയുന്നു.
'ഈ വിജ്ഞാപനത്തിലെ സെക്ഷന്‍ 4 പ്രകാരം നിലവില്‍ റവന്യു നിയമങ്ങള്‍ മാത്രം ബാധകമായ കൃഷി സ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങൡലും 1980 ലെ വന സംരക്ഷണ നിയമം, 1927 ലെ ഇന്ത്യന്‍ വന നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം തുടങ്ങിയ നിയമങ്ങള്‍ നടപ്പിലാകുകയും ഫലത്തില്‍ കൃഷിയിടങ്ങള്‍ വന സമാനമായി മാറുകയും ചെയ്യും' അദ്ദേഹം പറയുന്നു.
നിയന്ത്രണങ്ങള്‍
1. കര്‍ഷകര്‍ക്ക് നിലവിലുള്ള കൃഷികള്‍ ഉപാധികളോട് തുടരാം. തദ്ദേശീയര്‍ക്ക് അവരുടെ ആവശ്യത്തിനായുള്ള കൃഷികള്‍ ചെയ്യാനാവും. എന്നാല്‍ നിലവില്‍ ഭൂരിഭാഗം പേരും സ്വന്തം ഉപയോഗിക്കുന്നതിനല്ല കൃഷി ചെയ്യുന്നത്. കൂടുതലും നാണ്യവിളകളാണ്. അതുകൊണ്ട് കര്‍ഷകര്‍ക്ക് തിരിച്ചടിയായേക്കാം.
2. അധികൃതരുടെ അനുമതിയില്ലാതെ മരം മുറിക്കാനാവില്ല. നിലവില്‍ ചന്ദനം, ഈട്ടി, തേക്ക് തുടങ്ങി ചുരുങ്ങിയ മരങ്ങള്‍ക്ക് മാത്രമാണ് പാസ് എടുക്കേണ്ടത്. ഇനി കൃഷി ഭൂമിയിലെ എല്ലാ മരങ്ങള്‍ക്കും അനുമതി വേണ്ടി വരുമെന്നാണ് ആശങ്ക.
3. കിണറുകള്‍, കുഴല്‍ക്കിണറുകള്‍ എന്നിവയില്‍ നിന്നുള്ള വെള്ളം കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് നിയന്ത്രണവിധേയമാകും. വീട്ടാവശ്യത്തിന് പോലും എടുക്കുന്നതിന് നിയന്ത്രണം ഉണ്ടാകുമോ എന്നാണ് കര്‍ഷകരുടെ ആശങ്ക.
4. കൃഷി ചെയ്യാത്ത ഭൂമി ഏറ്റെടുക്കും എന്ന് പറയുന്നു. മന്യമൃഗ ശല്യം കാരണവും വിലത്തകര്‍ച്ച മൂലവും കൃഷി ഉപേക്ഷിച്ചവര്‍ മലയോരത്ത് നിരവധിയാണ്. അങ്ങനെയുള്ള കൃഷി സ്ഥലം നഷ്ടപരിഹാരം പോലും നല്‍കാതെ ഏറ്റെടുത്താല്‍ വലിയ സാമൂഹിക പ്രത്യാഘാതം ഉണ്ടായേക്കാം.
5. വനം നിയമങ്ങള്‍ നടപ്പിലാകുന്നതോടെ കേരള വനംവകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ട് 2018 പ്രകാരമുള്ള 36 നിയമങ്ങള്‍ വനംവകുപ്പിന് എടുത്ത് ഉപയോഗിക്കാനാകും. വനത്തിന് സമാന്തരമായ നിയമങ്ങളാകും കൃഷി സ്ഥലത്തിനും എന്ന് ആശങ്കപ്പെടുന്നു.
അടിസ്ഥാന സൗകര്യ വികസനം നിലക്കുമോ?
കൃഷിക്കുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമേ അടിസ്ഥാന സൗകര്യ വികസനം പൂര്‍ണമായും നിയന്ത്രിക്കപ്പെടുമെന്ന് അലക്‌സ് പറയുന്നു. വാണിജ്യ കെട്ടിടങ്ങള്‍ അനുവദിക്കപ്പെടാത്തത് കടമുറി പോലും നിര്‍മിക്കാനാകാത്ത സ്ഥിതിയുണ്ടാക്കും. ജൂണ്‍ 3 ന് വന്ന സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പുതുതായി വീട് കെട്ടുന്നതിനു പോലും നിയന്ത്രണം ഉണ്ടായേക്കുമെന്ന് അദ്ദേഹം പറയുന്നു.
പരിസ്ഥിതി സൗഹൃദ യാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം എന്ന നിര്‍ദ്ദേശത്തിന്റെ മറവില്‍ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഈ മേഖലയില്‍ നിരോധിക്കപ്പെടാം. ഇലക്ട്രോണിക്, സിഎന്‍ജി വാഹനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കുന്നതോടെ ഇപ്പോഴുള്ള മറ്റു വാഹനങ്ങള്‍ നിരോധിക്കപെട്ടേക്കാം.
പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും നിയന്ത്രണമുണ്ടാകും. മൊബൈല്‍ ടവറുകളുടെ നിര്‍മാണം നടക്കില്ല. ഉച്ചഭാഷിണി ഉപയോഗം നിരോധിക്കും, വാണിജ്യാടിസ്ഥാനത്തിലുള്ള ഗതാഗതം ബസ് സര്‍വീസ് അടക്കം അതാത് ഡിഎഫ്ഒ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം അനുമതി നല്‍കുന്ന സ്ഥിതി വരും തുടങ്ങിയ പ്രശ്‌നങ്ങളും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കേരള നിയമസഭ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുന്നോട്ട് വന്നത് മലയോര ജനതയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ചതുരശ്ര കിലോമീറ്ററില്‍ 900 പേര്‍ വസിക്കുന്ന കേരളത്തില്‍ 30 ശതമാനത്തോളം ഭൂവിഭാഗം വനമാണ് എന്നതും നിയമസഭ എടുത്തുകാട്ടുന്നു. അതുകൊണ്ട് കേരളത്തില്‍ നിര്‍ദ്ദേശം നടപ്പിലാക്കരുതെന്നാണ് കേരള നിയമസഭയുടെ ആവശ്യം.Dhanam News Desk
Dhanam News Desk  
Next Story
Share it