കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഇനി അഞ്ചുദിവസത്തിനുള്ളില്‍

ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഇവ ലഭിക്കുകയും ചെയ്യും
construction
construction
Published on

ലോ റിസ്‌ക് ഗണത്തിലുള്ള കെട്ടിടങ്ങള്‍ക്ക് അഞ്ചു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് നല്‍കുന്നതിന് നടപടിക്രമങ്ങളായി.

കഴിഞ്ഞ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പഞ്ചായത്ത് - മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ക്ക് അനുസൃതമായ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതോടെയാണിത്.

3230 ചതുരശ്രയടി (300 ചതുരശ്ര മീറ്റര്‍) വരെ വിസ്തൃതിയുള്ള വീടുകള്‍, 1077 ചതുരശ്രയടി (100 ചതുരശ്ര മീറ്റര്‍) വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങള്‍, 2153 ചതുരശ്രയടി (200 ചതുരശ്ര മീറ്റര്‍) വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റല്‍, അനാഥാലായങ്ങള്‍, ഡോര്‍മിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരമായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് ഇങ്ങനെ നിര്‍മാണ പെര്‍മിറ്റ് നല്‍കുക.

തദ്ദേശഭരണ സ്ഥാപനത്തില്‍ നിശ്ചിത ഫോമില്‍ പ്ലാനുകള്‍ ഉള്‍പ്പെടെ എം പാനല്‍ഡ് ലൈസന്‍സികളാണ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. നഗരകാര്യ വകുപ്പില്‍ ഫീസ് അടച്ച് എംപാനല്‍ ചെയ്ത രജിസ്‌റ്റേര്‍ഡ് ലൈസന്‍സികള്‍ ആയിരിക്കണം ഇത്. അപേക്ഷ ലഭിച്ചെന്ന് തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ പെര്‍മിറ്റ് ലഭിച്ചതായി കണക്കാക്കും. അഞ്ചു ദിവസത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കണം. അപേക്ഷയില്‍ രേഖപ്പെടുത്തിയ തീയതിയില്‍ നിര്‍മാണം ആരംഭിക്കാം. അപേക്ഷ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്കും ബാധകമായ മറ്റു ചട്ടങ്ങള്‍ക്കും വിധേയമായിരിക്കണം. നിരാക്ഷേപപത്രം (എന്‍ഒസി) ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ അതുകൂടി ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പെര്‍മിറ്റ് ലഭിക്കാന്‍ നിലവിലുള്ള വിവിധ പരിശോധനയും നടപടിക്രമങ്ങളും ഇതിലൂടെ ഒഴിവാകും. ഒരുവര്‍ഷം ഏകദേശം, നഗരസഭകളില്‍ 80,000വും പഞ്ചായത്തുകളില്‍ 1,65,000 കെട്ടിടനിര്‍മാണ അപേക്ഷകളും കൈകാര്യം ചെയ്യുന്നുണ്ട്. ഇതില്‍ രണ്ടുലക്ഷത്തോളം അപേക്ഷയിലെങ്കിലും ഇത്തരത്തില്‍ പെര്‍മിറ്റ് നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com