Begin typing your search above and press return to search.
നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ്; സ്‌ക്വയര്‍ ഫീറ്റിന് 1000 രൂപയോളം വര്‍ധിക്കും
നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവ് തുടരുന്നു. ഫ്ളാറ്റ്, വീട് നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന സിമന്റ്, കമ്പി തുടങ്ങി ഒട്ടുമിക്ക നിര്‍മാണ സാമഗ്രികളുടെയെല്ലാം വിലവര്‍ധനവിനെ തുടര്‍ന്ന് കെട്ടിടനിര്‍മാണ ചെലവ് കുതിച്ചുയരുന്നു. ഫ്ളാറ്റ്, വീട്, ഓഫീസ് കെട്ടിടങ്ങള്‍ മാത്രമല്ല സര്‍ക്കാര്‍ പദ്ധതികള്‍ പോലും നിര്‍മാണം വൈകിയ അവസ്ഥയിലാണ്.
നേരത്തെ ചതുരശ്ര അടിക്ക് 5000 രൂപയ്ക്ക് വിറ്റ്പോയ ഫ്ളാറ്റിന്റെ നിര്‍മാണച്ചെലവ് 1000 രൂപ വീതം വര്‍ധിച്ച് 6000ത്തിലെത്തി നില്‍ക്കുകയാണ്. ഇതിനു പുറമെയാണ് ലേബര്‍ ഫീസും. തൊഴിലാളികളുടെ ക്ഷാമവും മേഖലയെ പ്രതിസന്ധിയിലാക്കുന്നു. വില വര്‍ധിപ്പിക്കാതെ തരമില്ലെങ്കിലും വിറ്റ് പോയ ഫ്ളാറ്റുകളുടെ നിര്‍മാണച്ചെലവിനെ ആശങ്കയോടെയാണ് പ്രമുഖ ബില്‍ഡേഴ്സ് നോക്കിക്കാണുന്നത്.
'പ്രാഥമിക വസ്തുക്കളുടെ വില വര്‍ധനവ് മൂലം ചതുരശ്ര അടിക്ക് ഏകദേശം 370 രൂപയോളം വില വര്‍ധനവുണ്ട്. മറ്റ് വസ്തുക്കളുടേത് കൂടെ കൂട്ടുമ്പോള്‍ ഇത് ഏകദേശം 400 രൂപയാണ്. ജിഎസ്ടിയിലെ ഇന്‍പുട് ക്രെഡിറ്റ്സ് ആനുകൂല്യത്തില്‍ നിന്ന് നിര്‍മാണ മേഖലയെ ഒഴിവാക്കിയതോടെ നിര്‍മാണ ചെലവില്‍ 6500 രൂപയോളം വര്‍ധിച്ചു. ഇതോടെ 1000 രൂപ വരെയായി സ്‌ക്വയര്‍ഫീറ്റിലെ വില വര്‍ധനവ്. നിര്‍മാണം പുരോഗമിക്കുന്ന ഫ്ളാറ്റുകളില്‍ ഇത് വലിയൊരു വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.' അസറ്റ്ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍കുമാര്‍. വി. വ്യക്തമാക്കുന്നു.
''കേരളത്തിലെ പ്രമുഖ ഫ്ളാറ്റുകളില്‍ പകുതിയും നിര്‍മാണം തുടങ്ങും മുന്‍പു വിറ്റുപോകാറുണ്ട്. അതിനാല്‍ വര്‍ധിച്ചു വരുന്ന ആവശ്യവും ചെലവിലെ വര്‍ധനവും കണക്കിലെടുത്ത് വരും മാസങ്ങളില്‍ ഇനിയും വില വര്‍ധസിമന്റിനും കമ്പിക്കും വില കൂടിയതിനു പുറമേ, പാറപ്പൊടി, കല്ല്, മെറ്റല്‍, പ്ലമിംഗ്, ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ക്കും പെയിന്റിനും ഒരു വര്‍ഷത്തിനിടെ വില കുത്തനെ കൂടിയിട്ടുണ്ട്. ഡീസല്‍ വില കൂടിയതോടെ ഗതാഗതച്ചെലവും വര്‍ധിച്ചു. തൊഴിലാളികളുടെ കൂലിയും ഗണ്യമായി കൂടിയിട്ടുണ്ട്. ഇത് കെട്ടിട നിര്‍മാണ മേഖലയില്‍ ഇപ്പോള്‍ തന്നെ പ്രതിഫലിച്ചിട്ടുണ്ട്.'' വീഗാലാന്‍ഡ് ഹോംസ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി കുര്യന്‍ തോമസ് പ്രതികരിച്ചു.
ലക്ഷങ്ങളുടെ വര്‍ധനവ്
വീട്, ഫ്ളാറ്റ് നിര്‍മാണ മേഖലയില്‍ ലക്ഷങ്ങളുടെ വ്യത്യാസമാണ് വരുക. കഴിഞ്ഞ മാസം മാത്രം സിമന്റ്, ചാക്കിന് 5 മുതല്‍ 15 രൂപ വരെയാണു പല കമ്പനികളും വര്‍ധിപ്പിച്ചതെന്നു വിതരണമേഖലയിലുള്ളവര്‍ പറയുന്നു. മാത്രമല്ല, ഈ വര്‍ഷം ആദ്യത്തെ 5 മാസങ്ങള്‍ മാത്രം പരിശോധിച്ചാല്‍ സിമന്റ് വില ചാക്കിനു 40 രൂപ മുതല്‍ 50 രൂപ വരെയാണ് കൂടിയത്. നിലവില്‍ 425 മുതല്‍ 490 രൂപ വരെയാണു വിവിധ കമ്പനികളുടെ സിമന്റ് വില(ചാക്ക്). കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്തും 50 രൂപ വരെ സിമന്റിവില വര്‍ധിച്ചിരുന്നു. വിതരണക്കാര്‍ക്കു നല്‍കിയിരുന്ന ബില്‍ ഡിസ്‌കൗണ്ട് സംവിധാനം കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് സിമന്റ് കമ്പനികള്‍ അവസാനിപ്പിച്ചിരുന്നു. പിന്നാടാണ് വില വര്‍ധന ആരംഭിച്ചത്. ഇക്കാര്യം കഴിഞ്ഞ വര്‍ഷം തന്നെ വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാര്‍ ഭാഗത്തു നിന്നു കാര്യമായ ഇടപെടലുണ്ടായില്ല.
കെട്ടിട നിര്‍മാണത്തിലെ പ്രധാനസാമഗ്രിയായ വാര്‍ക്കക്കമ്പി ഉള്‍പ്പെടെയുള്ള ലോഹ ഉല്‍പന്നങ്ങള്‍ക്ക് കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തെ അപേക്ഷിച്ച് കിലോയ്ക്ക് 25 രൂപ വരെ വര്‍ധനയുണ്ട്. ഇതു കിലോയ്ക്ക് 70 രൂപ കടന്നു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 45 രൂപയായിരുന്നു. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടു നിര്‍മിക്കാന്‍ 500 ചാക്കു സിമന്റും 4 ടണ്‍ കമ്പിയും വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. നിര്‍മാണത്തിന് ആവശ്യമായ പാറപ്പൊടിക്കും കരിങ്കല്ലിനും പ്ലമിംഗ് ഉല്‍പന്നങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.
വര്‍ധിച്ച നിര്‍മാണ ചെലവ്, രജിസ്ട്രേഷന്‍ ഫീസ്, മറ്റ് ഔദ്യോഗിക ഫോര്‍മാലിറ്റികള്‍ക്കായുള്ള ചാര്‍ജുകള്‍, ഇന്റീരിയര്‍ ചെയ്യേണ്ട തുക എന്നിവ കൂടെ കണക്കിലെടുത്ത് ഫ്‌ളാറ്റോ വീടോ സ്വന്തമാക്കുന്നവര്‍ക്ക് അധികമായി നല്‍കേണ്ടി വരിക ലക്ഷങ്ങളായിരിക്കും. ഭവന വായ്പയെടുത്ത് സ്വപ്ന ഗൃഹം പണിയുന്നവര്‍ക്ക് വലിയ ബാധ്യത തന്നെയാണ് വിലക്കയറ്റം മൂലം വന്നിരിക്കുന്നത്. സ്വകാര്യ കെട്ടിട നിര്‍മാണ മേഖലയില്‍ മാത്രമല്ല, സര്‍ക്കാര്‍ നിര്‍മാണ പദ്ധതികളിലും ലക്ഷങ്ങളുടെ വര്‍ധനവാണുണ്ടാകുക. പല പദ്ധതികളും നിര്‍മാണച്ചെലവിന്റെ വര്‍ധനവ് മൂലം മുടങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Next Story
Videos