സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ സജീവമാക്കുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍. 5.5 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുകയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഏഴു ശതമാനം സംഭാവന ചെയ്യുകയും ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചു വരവിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിഡിപിയുടെ 15 ശതമാനമായി രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന-നഗരകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര പറയുന്നു.
കര്‍ണാടകയും മഹാരാഷ്ട്രയും കുറച്ചു
21 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയില്‍ വിലമതിക്കുനന് വസ്തുക്കളുടെ സ്റ്റാംപ് ഡ്യൂട്ടി അഞ്ചില്‍ നിന്ന് മൂന്നു ശതമാനമാക്കി കഴിഞ്ഞ മേയില്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മഹാരാഷ്ട്രയാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും ചെലവേറിയ റിയല്‍ എസ്റ്റേറ്റ് വിപണിയായ സംസ്ഥാനത്ത് സ്റ്റാംപ് ഡ്യൂട്ടി 2020 ഡിസംബര്‍ വരെ അഞ്ചു ശതമാനത്തില്‍ നിന്ന് രണ്ടു ശതമാനമായാണ് കുറച്ചത്. മാത്രമല്ല, ജനുവരി-മാര്‍ച്ച് 2021 കാലയളവില്‍ മൂന്നു ശതമാനമായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.
ഈ നടപടിയുടെ ഭാഗമായി ഒക്ടോബറില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 36 ശതമാനം അധിക വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ട്. മൂല്യത്തിലും വോള്യത്തിലും ഏറ്റവും ഉയര്‍ന്ന നാലാമത്തെ വില്‍പ്പനയാണ് കോവിഡ് മഹാമാരിക്കിടയിലും ഒക്ടോബറില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
കേരളത്തില്‍ എട്ടു ശതമാനം
അതേസമയം, വസ്തു രജിസ്‌ട്രേഷന് ഉയര്‍ന്ന തുക ഈടാക്കുന്ന കാര്യത്തില്‍ രാജ്യത്ത് തന്നെ മുന്നിലാണ് കേരളം. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാടും കേരളവുമാണ ഇക്കാര്യത്തില്‍ മുന്നില്‍. സ്റ്റാംപ് ഡ്യൂട്ടി എട്ടു ശതമാനവും രജിസ്ട്രഷന്‍ ഫീസ് രണ്ടു ശതമാനവുമടക്കം 10 ശതമാനം തുക കേരളത്തില്‍ വസ്തു വാങ്ങുന്നവര്‍ സര്‍ക്കാരിലേക്ക് അടക്കണം.
നേരത്തെ, പഞ്ചായത്ത് പരിധിയില്‍ ആറു ശതമാനവും നഗരസഭാ പരിധിയില്‍ ഏഴ് ശതമാനവും കോര്‍പ്പറേഷന്‍ പരിധിയില്‍ എട്ടു ശതമാനവുമായിരുന്ന സ്റ്റാംപ് ഡ്യൂട്ടി പരിഷ്‌കരിച്ചാണ് എല്ലായിടങ്ങളിലും എട്ടു ശതമാനം എന്ന നിലയില്‍ എത്തിച്ചത്. വസ്തുവിന്റെ ഫെയര്‍ വാല്യുവിന്റെ കാര്യത്തിലും ഉയര്‍ന്നു തന്നെയാണ് കേരളം. പലയിടങ്ങളിലും വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് ഫെയര്‍വാല്യു എന്ന് ബില്‍ഡര്‍മാര്‍ പറയുന്നു.
രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കിലുള്ള സ്റ്റാംപ് ഡ്യൂട്ടിയെന്ന നിലയുണ്ടാവണമെന്നാണ് തൃശൂരിലെ ഫോംസ് ബില്‍ഡേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ എന്‍ ഐ വര്‍ഗീസിന്റെ അഭിപ്രായം. രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഭവന വായ്പയടക്കം കുറഞ്ഞ ചെലവില്‍ ലഭ്യമാകുമ്പോള്‍ രജിസ്‌ട്രേഷന് പത്തു ശതമാനം മുടക്കുക എന്നത് കോവിഡാനന്തര കാലത്ത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.
സ്റ്റാംപ് ഡ്യൂട്ടി കുറച്ചതോടെ വില്‍പ്പന വര്‍ധിച്ച് മഹാരാഷ്ട്രയ്ക്ക് വരുമാനം കൂടിയ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളും സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കുന്നതിനോട് മുഖം തിരിച്ചു നില്‍ക്കേണ്ട കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.