നിര്‍മാണ സാമഗ്രികള്‍ക്ക് തീ വില; റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയില്‍!

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി തുടരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടും റിയല്‍എസ്റ്റേറ്റ് രംഗത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റം തന്നെയാണ് പ്രധാന കാരണം. മറ്റൊന്ന് നിര്‍മാണ തൊഴിലാളികളുടെ ദൗര്‍ലഭ്യവുമാണെന്ന് മേഖലയിലുള്ളവര്‍.

എറണാകുളം അടക്കമുള്ള വിവിധ ജില്ലകളിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ തിരികെ എത്തിത്തുടങ്ങുന്നതേയുള്ളു. കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലുള്ള നിര്‍മാണ ജോലിക്കാര്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നുണ്ട്. അതേസമയം കോവിഡ് ഇളവുകള്‍ തിരികെ പോയ ഇതര സംസ്ഥാനക്കാരെ മേഖലയിലേക്ക് കൊണ്ട് വരുന്നതോട് കൂടി ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരമായേക്കാം.
'മറ്റ് സംസ്ഥാനങ്ങളില്‍ റോഡുകള്‍, ദേശീയ പാതാ വികസനം പോലുള്ള അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നിരവധി പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. അതിനാല്‍ കോവിഡ് സാഹചര്യം മുന്നില്‍ കണ്ട് ഇതര സംസ്ഥാനക്കാര്‍ തങ്ങളുടെ സ്ഥലങ്ങളിലെ തൊഴിലില്‍ തന്നെ വ്യാപൃതരാകുന്നുണ്ട്. എന്നാല്‍ അന്യ സംസ്ഥാനങ്ങളിലെ വേതനത്തെ അപേക്ഷിച്ച് കേരളത്തില്‍ വളരെ ഉയര്‍ന്ന വേതനവും ജീവിത സാഹചര്യങ്ങളുമാണെന്നതിനാല്‍ ഇത്തരക്കാര്‍ ഇവിടെ വീണ്ടും സജീവമായേക്കും.' കൊച്ചിയിലെ പ്രധാന ബില്‍ഡര്‍മാരിലൊരാളായ അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ കുമാര്‍ വി പറയുന്നു.
ഉയര്‍ന്ന വില
സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികളുടെ വില വന്‍തോതില്‍ വര്‍ധിച്ചതാണ് നിലവിലെ പ്രധാനപ്രശ്‌നമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. കോഴിക്കോട് രണ്ട് പ്രധാന പ്രോജക്റ്റുകള്‍ സമാന്തരമായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ടിസി വണ്‍ ബില്‍ഡേഴ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ടി സി അഹമ്മദ് പറയുന്നതിങ്ങനെ, 'പദ്ധതികളുടെ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 50 മുതല്‍ 80 ശതമാനമാണ് നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചിട്ടുള്ളത്. എന്നാല്‍ ഉപഭോക്താക്കള്‍ ഞങ്ങളിലര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുക എന്നതിനാല്‍ തന്നെ നഷ്ടം സ്വയം വഹിച്ച് കൊണ്ടാണ് പല യൂണിറ്റുകളും പൂര്‍ത്തിയാക്കി നല്‍കേണ്ടി വരുന്നത്. ഇനിയുള്ള പ്രോജക്റ്റുകള്‍ക്കും വില വര്‍ധന ഉറപ്പായും നടത്തേണ്ടി വരും. വരും വര്‍ഷങ്ങളില്‍ ഇങ്ങനെ പോയാല്‍ ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് വന്‍ വില വര്‍ധനവ് തന്നെ നേരിടേണ്ടി വരും''.
പുതിയ പദ്ധതികള്‍ക്ക് വില ഉയര്‍ത്തുകയല്ലാതെ തരമില്ലെന്ന് അസറ്റ് ഹോംസിന്റെ സുനില്‍കുമാറും അഭിപ്രായപ്പെടുന്നു. ഉയര്‍ന്നവില തന്നെയാണ് തങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌ക്വയര്‍ഫീറ്റിന് 370 രൂപ വരെ ഉയര്‍ത്തേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.
നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവ് എങ്ങനെ ബാധിക്കുമെന്നത് ചുവടെ നല്‍കിയ പട്ടികയില്‍ നിന്നും മനസ്സിലാക്കാം:


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story
Share it