കോവിഡിന്റെ രണ്ടാം വരവില്‍ പകച്ച് റിയല്‍ എസ്റ്റേറ്റ് മേഖല

കോവിഡ് എന്ന മഹാമാരിയുടെ ഒന്നാം വരവ് ഉണ്ടാക്കി വെച്ച നഷ്ടങ്ങളില്‍ നിന്ന് കരകയറി വരികയായിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വീണ്ടുമൊരു പ്രഹരമാകുമോ രണ്ടാം തരംഗം? എങ്കിലത് കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് തന്നെ ഉണ്ടാക്കുന്ന ക്ഷീണം പ്രവചനാതീതമാകും. ലക്ഷക്കണക്കിനാളുകള്‍ക്ക് ഉപജീവന മാര്‍ഗം നല്‍കുന്ന നിര്‍മാണ മേഖല ഏതു നിമിഷവും സ്തംഭിച്ചേക്കാവുന്ന സ്ഥിതിയിലാണെന്നതാണ് യാഥാര്‍ത്ഥ്യം.

കോവിഡിന്റെ ഒന്നാം വരവ് റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി വെച്ചതായാണ് കെപിഎംജിയുടെ കണക്ക്. ബില്‍ഡര്‍മാരില്‍ കടുത്ത ലിക്വിഡിറ്റ് പ്രശ്‌നം ഇതുണ്ടാക്കിയെന്നും കെഎപിഎംജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2019-20 സാമ്പത്തിക വര്‍ഷം രാജ്യത്തെ ഏഴ് പ്രമുഖ നഗരങ്ങളില്‍ മാത്രം 4 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയിടിവ് നേരിട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ഭീഷണി അല്‍പ്പം അകന്ന 2020-21 ല്‍ 2.8 ലക്ഷം യൂണിറ്റിന്റെ ഇടിവായി മാറി.

ഇന്ത്യാ റേറ്റിംഗ്‌സിന്റെ കണക്ക് പ്രകാരം 2021 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പകുതിയില്‍ റസിഡ്യന്‍ഷ്യല്‍ ഡിമാന്‍ഡില്‍ 40 ശതമാനം ഇടിവുണ്ടായി. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനം മുടങ്ങിയതോടെ സപ്ലൈ കുറഞ്ഞത് കേരളമുള്‍പ്പടെയുള്ള വിപണികളില്‍ ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു.

നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചു തുടങ്ങിയിട്ടില്ലെങ്കിലും വില്‍പ്പന നിലച്ചുവെന്ന് ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ് പറയുന്നു. എന്നാല്‍ ഏതു സമയത്തും പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരാവുന്ന സ്ഥിതി മുന്നില്‍ കാണുകയാണ് ബില്‍ഡര്‍മാര്‍. വില്‍പ്പന മുടങ്ങിയതോടെ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള ബുദ്ധിമുട്ടും അവര്‍ നേരിടുന്നു.

മുമ്പത്തെ പോലെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാവുന്ന സാഹചര്യമാണ് നിര്‍മാണ മേഖലയെ ഭയപ്പെടുത്തുന്ന ഒരു കാര്യം. അവര്‍ മടങ്ങിപ്പോയാല്‍ അഞ്ചെട്ട് മാസങ്ങള്‍ കഴിയാതെ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. മലയാളി തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ട് കൂടിയാകുമ്പോള്‍ അത് നിര്‍മാണ മേഖലയ്ക്ക് നല്‍കുന്ന പ്രഹരം വലുതാണ്. ' എങ്ങനെയും അതിഥി തൊഴിലാളികളെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ക്രെഡായ് അടക്കമുള്ള കൂട്ടായ്മകളെല്ലാം. അവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളെല്ലാം നല്‍കി ബില്‍ഡര്‍മാര്‍ സംരക്ഷിച്ചു നിര്‍ത്തുകയാണ്. എറണാകുളത്ത് മാത്രം ഇത്തരത്തില്‍ ഏഴായിരം തൊഴിലാളികളെയാണ് സംരക്ഷിക്കുന്നത്', രവി ജേക്കബ് പറയുന്നു.

അത്യാവശ്യ മേഖല എന്ന പരിഗണന സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചു പോകുന്നില്ലെന്ന് എസ്‌ഐ പ്രോപ്പര്‍ട്ടീസ് മാനേജിംഗ് ഡയറക്റ്റര്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ പറയുന്നു. നേരിട്ട് അല്ലെങ്കിലും പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള അന്വേഷണങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ വന്ന് പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍ അത് പ്രതിസന്ധി സൃഷ്ടിക്കും.

തൊഴിലാളികളെ പറഞ്ഞ് ഭയപ്പെടുത്തി തിരിച്ചയക്കാന്‍ ചില സ്വകാര്യ ബസ് ലോബികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 20 ഓളം സ്വകാര്യ ബസുകള്‍ ഇതിനകം തന്നെ കേരളത്തില്‍ നിന്ന് തൊഴിലാളികളെയും കൊണ്ട് അവരുടെ നാട്ടിലേക്ക് പോയതായാണ് കണക്ക്. തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നത് ചില സ്വകാര്യ ബസ് ഉടമകള്‍ അവസരമായി കരുതുന്നതാണ് പ്രശ്‌നമാകുന്നത്.

വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ആവശ്യമായ തുക കണ്ടെത്തി അന്യസംസ്ഥാന തൊഴിലാളികള്‍ക്കടക്കം വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. പ്രോജക്റ്റ് തുകയുടെ ഒരു ശതമാനം ബില്‍ഡര്‍മാര്‍ ഈ ഫണ്ടിലേക്ക് അടക്കുന്നുണ്ട്. കോടികളുടെ പ്രോജക്റ്റാണ് ഓരോ വര്‍ഷവും നടക്കുന്നത് എന്നതു കൊണ്ടു തന്നെ വലിയൊരു തുക ചെലവഴിക്കാതെ അതില്‍ നിക്ഷേപമായുണ്ട്. അത് പ്രയോജനപ്പെടുത്തണമെന്ന് രവി ജേക്കബ് ചൂണ്ടിക്കാട്ടുന്നു.

ഒരു വര്‍ഷത്തോളം നിശ്ചലമായതിനു ശേഷം വീണ്ടും നല്ല നിലയില്‍ വില്‍പ്പന നടന്നു വരുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നത് ആശങ്കാജനകമാണെന്ന് നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറത്തെ അനക്‌സിം എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് അനസ് പറയുന്നു. എന്നാല്‍ രണ്ടാം തരംഗം ഇതു വരെ വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സ്ഥിതി രൂക്ഷമായി തന്നെ തുടര്‍ന്നാല്‍ അത് നിര്‍മാണ മേഖലയെ ബാധിക്കും', മുഹമ്മദ് അനസ് പറയുന്നു.

അതേസമയം മുമ്പെന്ന പോലെ രണ്ടാം തരംഗം ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നില്ലെന്ന് എ സി സിറ്റി പ്രോജക്റ്റ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എ സി ജോസഫ് പറയുന്നു. തൊഴിലാളികള്‍ക്കിടയില്‍ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള തിടുക്കം ഇപ്പോഴില്ല. അതുകൊണ്ട് തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുടക്കം ഉണ്ടാകുന്നില്ല. കണ്ടെയ്ന്റമെന്റ് മേഖലയിലുളളവരെ മാത്രമേ ഇത് ബാധിക്കുന്നുള്ളൂ.

കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ നിര്‍മാണ വസ്തുക്കളുടെ വിലക്കയറ്റമാണ് ബില്‍ഡര്‍മാരെ വലയ്ക്കുന്നത്. മേയ് രണ്ടാം വാരത്തില്‍ സിമന്റിന്റെ വില 80 രൂപ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റീലിന്റെ വിലയും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതില്‍ ബില്‍ഡര്‍മാര്‍ക്ക് ആശങ്കയുണ്ട്.

ഭവന വായ്പാ പലിശയില്‍ ഉണ്ടായിരിക്കുന്ന കുറവ് അടക്കം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെ രണ്ടാം വരവ് വലിയ തിരിച്ചടിയാകും നല്‍കുക.

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it