റിയല്‍ എസ്റ്റേറ്റ് വ്യവസായം കുതിപ്പില്‍; ദക്ഷിണേന്ത്യയിലെ വളര്‍ച്ചാ സാധ്യതകള്‍ വിശകലനം ചെയ്ത് ക്രിസില്‍ റിയല്‍ എസ്‌റ്റേറ്റ് കോണ്‍ക്ലേവ്

സുസ്ഥിര, പരിസ്ഥിതി സൗഹൃദ പ്രോജക്ടുകള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നു

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം വളര്‍ച്ചയുടെ പാതയിലാണെന്ന് പ്രമുഖ ആഗോള ബിസിനസ് വിവര വിശകലന കമ്പനിയായ ക്രിസില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച റിയല്‍ എസ്‌റ്റേറ്റ് കോണ്‍ക്ലേവ് (സി.ആര്‍.ഇ.സി) വിലയിരുത്തി. കോണ്‍ക്ലേവിനു മുന്നോടിയായി സംഘടിപ്പിച്ച സെന്റിമെന്റ് സര്‍വേയിലെ ഫലങ്ങള്‍ ശരിവെക്കുന്നതായിരുന്നു കോണ്‍ക്ലേവിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളെന്ന് ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ആന്‍ഡ് അനാലിറ്റിക്‌സ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ആഷിഷ് വോറ പറഞ്ഞു. ദക്ഷിണേന്ത്യന്‍ വിപണിയില്‍, വിശേഷിച്ചും കേരളത്തില്‍, മികച്ച വളര്‍ച്ചാ സാധ്യതകളാണുള്ളത് എന്നായിരുന്നു സര്‍വേ ഫലങ്ങള്‍ സൂചിപ്പിച്ചത്.

റെറ കണക്കുകളനുസരിച്ച് രാജ്യത്ത് നടന്ന 1.35 ലക്ഷം പ്രൊജക്റ്റ് രജിസ്‌ട്രേഷനുകളില്‍ 35 ശതമാനത്തോടെ മഹാരാഷ്ട്രയാണ് മുന്നില്‍. തമിഴ്‌നാട് (16 ശതമാനം), ഗുജറാത്ത് (11 ശതമാനം) എന്നിങ്ങനെയാണ് തൊട്ടടുത്ത സംസ്ഥാനങ്ങളുടെ നിലകള്‍. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കേരളം, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് രാജ്യത്തെ രജിസ്‌ട്രേഷനുകളുടെ 34 ശതമാനം പങ്കിടുന്നത് രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിന് ഈ മേഖലയിലുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

ദക്ഷിണേന്ത്യന്‍ കുതിപ്പ്

സര്‍ക്കാര്‍ നയങ്ങള്‍, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വ്യവസായവല്‍ക്കരണം, മികച്ച സാമ്പത്തിക വളര്‍ച്ച എന്നീ കാരണങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിയല്‍ എസ്‌റ്റേറ്റ് വ്യവസായം വന്‍കുതിപ്പിലാണെന്ന് കോണ്‍ക്ലെവ് വിലയിരുത്തി. ദക്ഷിണേന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല വന്‍തോതില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി. മൈസൂരു, മംഗളൂരു, നെല്ലൂര്‍, വെല്ലൂര്‍, അമരാവതി തുടങ്ങിയ വിപണികള്‍ കുതിക്കുമ്പോള്‍ വലിയ നഗരങ്ങളുടെ വളര്‍ച്ചാവേഗം കുറവു രേഖപ്പെടുത്തുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ രണ്ടില്‍ മൂന്നു ഭാഗവും കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ ഭാവിയില്‍ ആത്മവിശ്വാസം രേഖപ്പെടുത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൂന്നു ശതമാനം പ്രൊജക്റ്റ് രജിസ്‌ട്രേഷനുകള്‍ നടന്നത് കേരളത്തിലാണ്. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വളര്‍ച്ച ഇരട്ട അക്കത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീടു സ്വന്തമാക്കാനാഗ്രഹിക്കുന്നവരുടെ ആത്മവിശ്വാസവും അതിനെ പിന്തുണയ്ക്കുന്ന വിശ്വസ്തയാര്‍ജിച്ച ബില്‍ഡര്‍മാരുടെ മികച്ച പദ്ധതികളുമാണ് വിപണിയെ നയിക്കുന്നതെന്ന് ആഷിഷ് വോറ പറഞ്ഞു.

പരിസ്ഥിതി സൗഹൃദ പദ്ധതികൾ

സുസ്ഥിര, പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതായി കോണ്‍ക്ലേവില്‍ പങ്കെടുത്ത ഡെവലപ്പര്‍മാര്‍ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ പാര്‍പ്പിട, വാണിജ്യ മേഖലകളിലെ വളര്‍ച്ച തുടരുമെന്നാണ് ബില്‍ഡര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ഇതു കൂടാതെ രണ്ട്, മൂന്ന് തട്ടുകളിലുള്ള പട്ടണങ്ങള്‍, വിശേഷിച്ചും കേരളത്തിലുള്ളവ, വര്‍ധിച്ച നഗരവല്‍ക്കരണവും താങ്ങാവുന്ന വിലനിലവാരവും മൂലം മികച്ച വളര്‍ച്ച നേടുമെന്ന് കണക്കാക്കുന്നു.

സീനിയര്‍ ലിവിംഗ് കമ്യൂണിറ്റികള്‍, വാടകക്ക് കൊടുക്കാന്‍ വേണ്ടി നിര്‍മിക്കുന്നവ തുടങ്ങിയ മാതൃകകളും ശ്രദ്ധേയമായ വളര്‍ച്ച പ്രതീക്ഷിക്കുന്നു. സാമ്പത്തിക മേഖലയിലെ കുതിപ്പും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും മൂലം കേരളത്തില്‍ വരുന്ന 23 വര്‍ഷങ്ങള്‍ക്കുള്ളില്‍ മോശമല്ലാത്ത വളര്‍ച്ച കാഴ്ച വെയ്ക്കാന്‍ വാണിജ്യ നിര്‍മിതികള്‍ക്കും സാധിക്കുമെന്നാണ് 75 ശതമാനം പേരുടേയും അഭിപ്രായം.

എന്‍.ആര്‍.ഐ നിക്ഷേപം കുറയുന്നു

കഴിഞ്ഞ മൂന്നു വര്‍ഷമായി വിദേശ മലയാളികളായ ഉപയോക്താക്കളുടെ (എന്‍.ആര്‍.ഐ) എണ്ണത്തില്‍ 25 ശതമാനം ഇടിവുണ്ടെന്ന് 50 ശതമാനം ഡവലപ്പര്‍മാരും സര്‍വെയില്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ 65 ശതമാനം എന്‍.ആര്‍.ഐ, 35 ശതമാനം തദ്ദേശീയര്‍ എന്ന നിലയില്‍ നിന്ന് 60 ശതമാനം എന്‍.ആര്‍.ഐ, 40 ശതമാനം തദ്ദേശീയര്‍ എന്ന നിലയിലായിട്ടുണ്ട്. സാമൂഹികമായ അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട വളര്‍ച്ചാ സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് രണ്ടാം തലമുറ വിദേശമലയാളികള്‍ കേരളത്തിനു പുറത്ത് പാര്‍പ്പിടങ്ങള്‍ വാങ്ങുന്നതാണ് ഇതിനൊരു കാരണം. ഇതു മൂലം തദ്ദേശീയ ഉപയോക്താക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡെവലപ്പര്‍മാര്‍ പ്രേരിതരാണ്.

വളര്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങള്‍

കേരളത്തിനു പുറത്തേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ 21 ശതമാനം ഡെവലപ്പര്‍മാര്‍ മാത്രമേ താല്‍പര്യപ്പെടുന്നുള്ളൂവെന്നും സര്‍വ്വെയില്‍ കണ്ടെത്തി. 60 ശതമാനം പേര്‍ തൃശൂര്‍, പാലക്കാട്, കൊല്ലം എന്നിവിടങ്ങളില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു. മൈക്രോ മാര്‍ക്കറ്റുകളായ കൊച്ചയിലെ ഇടപ്പള്ളി, പള്ളിക്കര, കളമശ്ശേരി, വാഴക്കാല, വൈറ്റില, തിരുവനന്തപുരത്തെ കവടിയാര്‍, തൃശൂരിലെ കുരിയച്ചിറ, പൂങ്കുന്നം തുടങ്ങിയവയ്ക്കും വളര്‍ച്ചാസാധ്യതകളുണ്ട്.

നിലവിലെ വെല്ലുവിളികള്‍ മറികടക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല വിവിധ തുറകളിലെ നിലപാടുകള്‍ മാറ്റണമെന്നാണ് ക്രിസില്‍ കരുതുന്നത്. പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ ഡെവലപ്പര്‍മാര്‍ക്ക് വളരാനാകുമെന്ന് ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ആന്‍ഡ് അനാലിറ്റിക്‌സ് ബിസിനസ് ഹെഡ് ബിനൈയ്ഫര്‍ ജെഹാനി പറഞ്ഞു. ''താങ്ങാവുന്ന വിലയിലുള്ള പാര്‍പ്പിടങ്ങള്‍ കൂടുതല്‍ ലഭ്യമാക്കിയാല്‍ പ്രാദേശിക ഉപയോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡ് ലഭിക്കും. സുസ്ഥിര, പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ക്കും പ്രതികരണമുണ്ടാക്കാന്‍ കഴിയും. ഡിജിറ്റല്‍ പരസ്യങ്ങളുടെ മികച്ച ഉപയോഗം മൂലം കൂടുതല്‍ സുതാര്യത, ഉപഭോക്തൃ അനുഭവത്തിന് മുന്‍ഗണന, കാര്യക്ഷമത എന്നിവ കൈവരിക്കാനാവും. റിട്ടയര്‍മെന്റ്, സീനിയര്‍ ഹൗസിംഗ് കമ്യൂണിറ്റികള്‍ തുടങ്ങിയ പുതിയ മാതൃകകള്‍ പരിഗണിക്കുന്നതും വരുമാനം വര്‍ധിപ്പിക്കും. ആഗോള സാന്നിധ്യമുള്ള ഡെവലപ്പര്‍മാര്‍, നിക്ഷേപകര്‍, വ്യവസായ വിദഗ്ധര്‍ എന്നിവരുമായുള്ള പങ്കാളിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ പുതിയ ആശയങ്ങള്‍, അനുഭവ സമ്പത്ത്, മികച്ച പ്രവര്‍ത്തനശൈലികള്‍ എന്നിവ സ്വായത്തമാക്കാനും സഹായിക്കും.'' ബിനൈയ്ഫര്‍ ജെഹാനി പറഞ്ഞു.

Related Articles
Next Story
Videos
Share it