ഓഫീസ് സ്‌പേസിന് ആവശ്യക്കാരേറെ, മെയ് മാസത്തില്‍ മൂന്നിരട്ടി വര്‍ധന

രാജ്യത്ത് ഓഫീസ് ആവശ്യാര്‍ത്ഥം കെട്ടിടങ്ങളും മുറികളുടെ വാടകയ്ക്ക് (Rent) എടുക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പ്രധാന ഏഴ് നഗരങ്ങളിലെ മൊത്തം ഓഫീസ് ലീസിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകദേശം മൂന്നിരട്ടിയോളമാണ് വര്‍ധിച്ചത്. 6.1 ദശലക്ഷം ചതുരശ്ര അടിയാണ് കഴിഞ്ഞ മാസം ഈ നഗരങ്ങളിലായി വാടകയ്ക്ക് നല്‍കിയത്. ജോലിസ്ഥലങ്ങള്‍ സജീവമാകാന്‍ തുടങ്ങിയതോടെ ഓഫീസ് സ്‌പേസുകളുടെ ഡിമാന്‍ഡ് (Office Space Demand) മെച്ചപ്പെട്ടതായി പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ജെഎല്‍എല്‍ ഇന്ത്യ പറയുന്നു.

ഡല്‍ഹി-എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത എന്നീ ഏഴ് നഗരങ്ങളിലെ ഓഫീസ് ആവശ്യങ്ങള്‍ക്കായി 2021 മെയ് മാസത്തില്‍ 2.2 ദശലക്ഷം ചതുരശ്ര അടിയായിരുന്നു വാടകയ്‌ക്കെടുത്തിരുന്നത്. കോവിഡിന്റെ (Covid19) രണ്ടാം തരംഗമായിരുന്നു അന്ന് ഈ മേഖലയ്ക്ക് തിരിച്ചടിയായത്. ഈ വര്‍ഷം ഏപ്രിലിലെ ഓഫീസ് സ്‌പേസ് വാടക രംഗം 28 ശതമാനം ഉയര്‍ന്ന് 4.8 ദശലക്ഷം ചതുരശ്ര അടിയായി. നേരത്തെയുണ്ടായിരുന്ന വാടകക്കാരുടെ ടേം പുതുക്കലും ഉള്‍പ്പെടെയാണിത്.
ഓഫീസ് സ്‌പേസ് വാടകയ്ക്ക് (Office Space Rent) എടുക്കുന്നവരില്‍ കൂടുതലും ഐടി, ബിഎഫ്എസ്ഐ സ്ഥാപനങ്ങളാണ്. അതേസമയം വാടക രംഗത്തെ റീട്ടെയില്‍ വിഭാഗത്തിലെ ഡിമാന്‍ഡിന്റെ ഗണ്യമായ ഭാഗം ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഗാഡ്ജെറ്റുകള്‍, റസ്റ്റോറന്റ് ശൃംഖലകള്‍ എന്നിവയില്‍ നിന്നുമാണ് വരുന്നത്.


Dhanam News Desk
Dhanam News Desk  
Next Story
Share it