Begin typing your search above and press return to search.
റബ്ബറിന്റെ ഡിമാന്റ് ഉയര്‍ന്നേക്കും, പക്ഷെ വിലയില്‍ ചലനം സൃഷ്ടിച്ചേക്കില്ല കാരണമിതാണ്
സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തില്‍ കോട്ടയത്ത് 180.5 രൂപ വിലയുണ്ടായിരുന്ന ആര്‍എസ്എസ്-4ന്റെ വില ഒക്ടോബര്‍ 2ന് 169 രൂപയിലെത്തി.
ഉത്പാദനം കൂടിയതും എന്നാല്‍ അതിന് ആനുപാതികമായി ഡിമാന്റ് ഉയരാഞ്ഞതും പ്രതിസന്ധിയായി. സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം വാഹന നിര്‍മാണ മേഖലയെ ബാധിച്ചത് ടയര്‍ നിര്‍മാണ്ം കുറച്ചു. രാജ്യത്ത് ഉത്പാദനം വര്‍ധിച്ചെങ്കിലും ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ തോത് ഓഗസ്റ്റ് മാസത്തെക്കാള്‍ 500 ടണ്‍ കൂടുതലായിരുന്നു സെപ്റ്റംബറില്‍.
വി-ഷേപ്പ് തിരിച്ചുവരവ്
എന്നാല്‍ സെപ്റ്റംബര്‍ മാസത്തിന്റെ രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ പ്രകൃതിദത്ത റബ്ബറിന്റെ വിലയില്‍ നേരിയ തിരിച്ചുവരവ് ഉണ്ടായി. പല രാജ്യങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടായതും ഉത്പാദനം വര്‍ധിച്ചതും രണ്ടാം പാദത്തില്‍ റബ്ബറിന് ഗുണകരമായി. സെപ്റ്റംബറിന്റെ തുടക്കത്തില്‍ ഇടിഞ്ഞ വില അവസാന ദിനങ്ങളില്‍ ഉയര്‍ച്ച ഉണ്ടാക്കി. അടുത്ത ഡിസംബര്‍ വരെ അത് തുടരും എന്നാണ് പ്രതീക്ഷ.
ചൈനീസ് പ്രതിസന്ധി
റബ്ബര്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന ചൈനയിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് ഉത്പാദന മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ അടുത്ത മൂന്ന് മാസവും (ഒക്ടോബര്‍- ഡിസംബര്‍) ചൈന ഇറക്കുമതി ചെയ്യുന്ന പ്രകൃതിദത്ത റബ്ബറിന്റെ അളവ് പ്രതിമാസം് 420000 ടണ്ണോളം ആയിരിക്കും. സെപ്റ്റംബര്‍മാസം ഇത് 404000 ടണ്‍ ആയിരുന്നു. നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാകും രാജ്യത്തെ റബ്ബര്‍ ഉപഭോഗത്തിന്റെ തോതും നിര്‍ണയിക്കുക.
ഡിമാൻഡ് ഉയരുമ്പോൾ
ജപ്പാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നത് ചൈനീസ് പ്രതിസന്ധിയിലും റബ്ബറിന്റെ ഡിമാന്റ് നിലനിര്‍ത്തും എന്നാണ് കണക്കുകൂട്ടല്‍. ക്രൂഡ് ഓയില്‍ വില ഉയരുന്നതും പ്രകൃതിദത്ത റബ്ബറിന്റെ ഡിമാന്റ് കൂട്ടിയേക്കും. ഇപ്പോള്‍ നേരിടുന്ന സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമത്തിന് വരും മാസങ്ങളില്‍ കുറവ് വരുന്നതോടെ വാഹന നിര്‍മാണ മേഖയലിലെ റബ്ബറിന്റെ ആവശ്യവും വര്‍ധിപ്പിക്കും.
എന്നാല്‍ എഎന്‍ആര്‍പിസിയുടെ റിപ്പോര്‍ട്ട് പറയുന്നത് വരും മാസങ്ങളില്‍ തായ്‌ലന്റ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പ്രകൃതിദത്ത റബ്ബറിന്റെ ഉത്പാദനം വര്‍ധിക്കുമെന്നാണ്. സെപ്റ്റംബറില്‍ 67000 ടണ്‍ ആയിരുന്ന ഇന്ത്യയിലെ റബ്ബര്‍ ഉത്പാദനം നവംബറില്‍ 85000 ടണ്‍ ആയി ഉയരും എന്നാണ് എഎന്‍ആര്‍പിസിയുടെ റിപ്പോര്‍ട്ട്. റബ്ബറിന്റെ ഡിമാന്റിന് ആനുപാതികമായി ഉത്പാദനവും കൂടുന്നതോടെ അത് വിലയില്‍ വലിയ വര്‍ധന ഉണ്ടാക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല. ഇന്ത്യയിലെ ആകെ പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തിന്റെ 55 മുതല്‍ 60 ശതമാനവും നടക്കുന്നത് സെപ്റ്റംബര്‍-ജനുവരി മാസങ്ങളിലാണ്. വരുന്ന മാസങ്ങളില്‍ ഉത്പാദനം കൂടുന്നതും രാജ്യത്തെ റബ്ബര്‍ വിലയെ പ്രതികൂലമായി ബാധിച്ചേക്കാം.
Next Story