പ്ലോട്ടോ വില്ലയോ വാങ്ങാനൊരുങ്ങുകയാണോ? രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ 'പണി' കിട്ടും

സംസ്ഥാനത്ത് വിറ്റഴിക്കുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അഥവാ കെ-റെറയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് ചട്ടം. സ്ഥലങ്ങള്‍ (പ്ലോട്ടുകള്‍), വില്ല, അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവ റെറയില്‍ രജിസ്റ്റര്‍ ചെയ്തതാണോയെന്ന് പരിശോധിച്ച ശേഷമേ ഉപഭോക്താക്കള്‍ വാങ്ങാവൂ എന്നും അല്ലാത്തപക്ഷം നിയമപരിരക്ഷ കിട്ടില്ലെന്നും കെ-റെറ അധികൃതര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികള്‍ വില്‍ക്കുന്നതായ വ്യാജ പരസ്യങ്ങളില്‍ വീഴാതെ ഉപഭോക്താക്കള്‍ ജാഗ്രത കാട്ടണമെന്നും കെ-റെറ ചൂണ്ടിക്കാട്ടുന്നു.

പ്രൊമോട്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
രജിസ്‌ട്രേഷന്‍ ഇല്ലാതെ ഫേസ്ബുക്കിലൂടെയും വെബ്‌സൈറ്റിലൂടെയും പരസ്യം നല്‍കി പ്ലോട്ടുകളുടെ വില്‍പന നടത്തിയ കമ്പനിയുടെ പ്രൊമോട്ടര്‍ക്ക് കെ-റെറ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. തിരുവനന്തപുരം കഴക്കൂട്ടത്തെ 'ധന്‍ എല്‍ ഫോര്‍ ലാന്‍ഡ്‌സ്' കമ്പനിയുടെ പ്രൊമോട്ടര്‍ക്കാണ് നോട്ടീസ്.
അതോറിറ്റിയുടെ പ്രാഥമികാന്വേഷണത്തില്‍ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണെന്ന് കണ്ടെത്തിയിരുന്നു. റെറ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം ഇത്തരത്തിലുള്ള പ്ലോട്ട് വികസന പദ്ധതികള്‍ നിര്‍ബന്ധമായും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലാത്തപക്ഷം സെക്ഷന്‍ 59 പ്രകാരമുള്ള ശിക്ഷാനടപടികള്‍ പ്രൊമോട്ടര്‍ നേരിടേണ്ടി വരും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it