ദുബൈയില്‍ പണി പൂര്‍ത്തിയാകാതെ ഫ്ലാറ്റുകൾ ; നിക്ഷേപകര്‍ക്ക് കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍; നഷ്ടം കോടികള്‍

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പിന്റെ വാര്‍ത്തകളാണ് ദുബൈയില്‍ നിന്ന് പുറത്ത് വരാറുള്ളത്. ലോകത്തിലെ ഉയരമേറിയ ബൂര്‍ജ് ഖലീഫ മുതല്‍ ആഢംബര വില്ലകള്‍ വരെ ദുബൈ നഗരത്തിലേക്ക് ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. അതിനിടയിലും വന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ പണമിറക്കി കൈപൊള്ളിയിരിക്കുന്ന നിരവധി നിക്ഷേപകരും ദുബൈയിലുണ്ട്. കോടികള്‍ നല്‍കി ഫ്ലാറ്റുകളും വില്ലകളും ബുക്ക് ചെയ്ത് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അനിശ്ചിതത്വത്തില്‍ കഴിയുന്നവര്‍. പ്രോപ്പര്‍ട്ടിയോ പണമോ തിരികെ ലഭിക്കാതെ ആശങ്കയിലായവര്‍. നിക്ഷേപം തിരിച്ച് കിട്ടാന്‍ ആരോട് ചോദിക്കുമെന്ന് പോലുമറിയാത്ത ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശികള്‍.

മാന്ദ്യത്തില്‍ കുരുങ്ങിയ പദ്ധതികള്‍

2005 ന് മുമ്പ് ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒട്ടേറെ പുതിയ പദ്ധതികളാണ് വന്നത്. ഫ്ലാറ്റുകള്‍ ഉള്‍പ്പെടുന്ന കമേഴ്‌സ്യല്‍ കോംപ്ലക്‌സുകളിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് നിരവധി പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരാണ് മുന്നോട്ടു വന്നത്. കേരളത്തില്‍ ഉള്‍പ്പടെ ഇതിന്റെ മാര്‍ക്കറ്റിംഗ് നടന്നിരുന്നു. അഞ്ച് ലക്ഷം ദിര്‍ഹം (അന്ന് ഏതാണ്ട് 60 ലക്ഷം രൂപ) മുതലുള്ള ഫ്ലാറ്റുകള്‍ക്കാണ് ബുക്കിംഗ് നടന്നിരുന്നത്. ബാങ്ക് വായ്പകള്‍ ചേര്‍ത്തുള്ള ഓഫറുകള്‍ സ്വീകരിച്ചവര്‍ നിരവധിയാണ്. പലരും പകുതി തുക വരെ അഡ്വാന്‍സ് നല്‍കിയിരുന്നു. കെട്ടിടങ്ങളുടെ നിര്‍മാണവും തുടങ്ങി. എന്നാല്‍ 2008 മുതലുണ്ടായ സാമ്പത്തിക മാന്ദ്യം പദ്ധതികളുടെ വേഗത കുറച്ചു. പണത്തിന്റെ കുറവ് നിര്‍മാണത്തെ ബാധിച്ചു. പല പദ്ധതികളും പാതിവഴിയില്‍ നിര്‍ത്തിവെച്ചു. പിന്നീട് മറ്റ് ഡവലപ്പര്‍മാര്‍ ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും ഇന്നും കെട്ടിടങ്ങള്‍ പണി പൂര്‍ത്തായാകാതെ കിടക്കുകയാണ്.

നിക്ഷേപകരുടെ നഷ്ടങ്ങള്‍

മുംബൈ സ്വദേശിയായ എഞ്ചിനിയര്‍ 2007 ലാണ് 5.8 ലക്ഷം ദിര്‍ഹത്തിന് (അന്ന് 70 ലക്ഷം രൂപ) വണ്‍ ബെഡ്‌റൂം ഫ്ലാറ്റ് ദുബൈയില്‍ ബുക്ക് ചെയ്തത്. 30 ശതമാനം തുക അഡ്വാന്‍സ് നല്‍കി. സ്‌കോണ്‍ പ്രോപ്പര്‍ട്ടീസ് ആയിരുന്നു ഡെലവപ്പര്‍മാര്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ ഫ്ലാറ്റ് കൈമറാമെന്നായിരുന്നു ധാരണ. എന്നാല്‍ ഇന്നുവരെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലായ സ്‌കോണ്‍ പ്രോപ്പര്‍ട്ടീസ് പിന്നീട് ഈ പ്രോജക്റ്റ് സനഡു റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സിന് കൈമാറി. ഇപ്പോള്‍ അവരും പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യക്കാരനായ എഞ്ചിനിയര്‍ പറയുന്നു. ബ്രിട്ടീഷ്, യു.എസ് പൗരന്‍മാര്‍ ഉള്‍പ്പടെ നിരവധി വിദേശികള്‍ ഇത്തരത്തില്‍ വഞ്ചിതരായിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ നിക്ഷേപകര്‍ പലരും അടുത്ത ഗഡു നല്‍കാന്‍ മടിച്ചതും പദ്ധതികള്‍ വൈകിച്ചു. മറ്റു വഴികളില്‍ പണം കണ്ടെത്തി പണി പൂര്‍ത്തിയാക്കി ഫ്ലാറ്റുകള്‍ കൈമാറാന്‍ പല ഡെവലപ്പര്‍മാര്‍ക്കും അക്കാലത്ത് കഴിഞ്ഞതുമില്ല. 2006 ല്‍ ഏറെ ശ്രദ്ധ നേടിയ പ്രൊജക്ടായിരുന്നു ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ ദുബൈ ലഗൂണ്‍. 50 ലക്ഷത്തിലേറെ ചതുരശ്ര അടിയില്‍ പ്ലാന്‍ തയ്യാറാക്കിയ ഈ പദ്ധതിയിലേക്ക് 500 ലേരെ പേരാണ് നിക്ഷേപമിറക്കിയത്. 2007 ല്‍ നിര്‍മാണം തുടങ്ങിയ ഈ പദ്ധതി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിക്ഷേപകര്‍ക്ക് നഷ്ടമായത് കോടികളാണ്.

വിഫലമാകുന്ന 'റെറ' ഇടപെടല്‍

നിക്ഷേപകരുടെ പരാതികള്‍ ഉയരാന്‍ തുടങ്ങിയപ്പോള്‍ ദുബൈ റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) ഇടപെട്ടിട്ടിരുന്നു. നൂറിലേറെ നിക്ഷേപകരില്‍ നിന്ന് പരാതി ലഭിച്ചതോടെ ഡെലവപ്പര്‍മാരുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടന്നു. ഇതേ തുടര്‍ന്ന് ചില ഡെവലപ്പര്‍മാര്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ലാറ്റുകള്‍ കൈമാറി. എന്നാല്‍ പത്തിലേറെ ഡെവലപ്പര്‍മാര്‍ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി റദ്ദാക്കാന്‍ അപേക്ഷ നല്‍കുകയായിരുന്നു. അതേസമയം, നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുന്നതിനെ കുറിച്ച് അവര്‍ വ്യക്തമാക്കിയതുമില്ല. മറ്റു ഡെവലപ്പര്‍മാര്‍ക്ക് ബാധ്യതയുള്‍പ്പടെ കൈമാറി രംഗം വിട്ടവരുമുണ്ട്. നിക്ഷേകരാകട്ടെ എന്തു ചെയ്യണമെന്നറിയാതെ ഇന്നും അനിശ്ചിതത്വത്തിലാണ്. പണം വാങ്ങി ബുക്കിംഗ് സ്വീകരിച്ച എക്‌സിക്യൂട്ടീവുകളെ ബന്ധപ്പെടുമ്പോള്‍ അവര്‍ ഇപ്പോള്‍ ആ കമ്പനിയില്‍ ഇല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ദുബൈ തന്നെ വിട്ടു പോയവരുമുണ്ട്.

Related Articles
Next Story
Videos
Share it